2014-01-22 15:51:15

സഭൈക്യരംഗത്തെ പുരോഗതിയെക്കുറിച്ച് കർദിനാൾ കോഹ്


21 ജനുവരി 2014, വത്തിക്കാൻ
പാപ്പാ ഫ്രാൻസിസിന്‍റെ തനിമായാർന്ന ശൈലി സഭൈക്യസംരംഭങ്ങൾക്ക് കരുത്തു പകരുന്നുവെന്ന് സഭൈക്യ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ കേർട്ട് കോഹ്. സഭൈക്യ പ്രാർത്ഥനാ വാരാചരണത്തോടനുബന്ധിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദിനാൾ ഇപ്രകാരം പ്രസ്താവിച്ചത്. ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ’ എന്ന മുഖ്യ ചിന്താവിഷയം ആസ്പദമാക്കി ജനുവരി 18 മുതല്‍ 25വരെയാണ് സഭൈക്യ പ്രാർത്ഥനാവാരം ആചരിക്കുന്നത്.
രണ്ടാം വത്തിക്കാൻ സൂന്നഹദോസിനു ശേഷം സഭൈക്യ രംഗം ഏറെ പുരോഗമിച്ചിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ മുതൽ ബെനഡിക്ട് പതിനാറാമൻ പാപ്പാവരെയുള്ള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻമാർ സഭൈക്യ രംഗത്ത് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് കർദിനാൾ അനുസ്മരിച്ചു. ഫ്രാൻസിസ് പാപ്പായുടെ വ്യത്യസ്ഥമായ ശൈലിയും തുറന്ന മനോഭാവവും സഭൈക്യ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാപ്പ ഊന്നൽ നൽകുന്ന സംഘാത്മക (synodality) നേതൃത്വശൈലി ഇതര ക്രൈസ്തവ സഭാസമൂഹങ്ങൾ ഏറെ ശ്രദ്ധയോടെ നീരീക്ഷിക്കുന്നുണ്ട്.
സഭൈക്യ രംഗത്തെ വെല്ലുവിളികളെക്കുറിച്ചും കർദിനാൾ കോഹ് അഭിമുഖത്തില്‍ പരാമർശിച്ചു. ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഓർത്തഡോക്സ് സഭകൾ തമ്മില്‍തമ്മിലുള്ള ബന്ധവും കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങൾ ശക്തിപ്പെടുന്നത് പ്രതീക്ഷാർഹമാണെന്നും കർദിനാൾ പ്രസ്താവിച്ചു.
സഭൈക്യ രംഗത്ത് പ്രതീക്ഷാർഹമായ ചില സംഭവവികാസങ്ങൾക്കു നാന്ദികുറിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച കർദിനാൾ തൗറാന്‍ മെയ് മാസത്തില്‍ വിശുദ്ധനാട്ടില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായും ബെർത്തലൊമേയോ പ്രഥമൻ പാത്രിയാർക്കീസും കൂടിക്കാഴ്ച്ച നടത്തുന്നത് സഭൈക്യ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.