2014-01-22 15:51:42

നിസ്വാർത്ഥതയോടെ ജീവിത നിശ്ചയങ്ങളെടുക്കാൻ യുവജനങ്ങളെ മാർപാപ്പ ആഹ്വാനം ചെയ്യുന്നു


21 ജനുവരി 2014, വത്തിക്കാൻ
നിസ്വാർത്ഥമായ മനസോടെ വേണം ജീവിതത്തെക്കുറിച്ചും ജീവിതാന്തസ്സിനെക്കുറിച്ചും നിശ്ചയിക്കാനെന്ന് ഫ്രാൻസിസ് പാപ്പ യുവജനങ്ങളെ ഉത്ബോധിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് റോമിലെ ഒരു ഇടവക ദേവാലയം സന്ദർശിച്ച പാപ്പ ഇടവകയിലെ യുവജനസമൂഹവുമായി കൂടിക്കാഴ്ച്ച നടത്തിയ വേളയിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
സ്വാർത്ഥതയോടെ പെരുമാറുകയും ജീവിത നിശ്ചയങ്ങളെടുക്കുകയും ചെയ്യുന്നവർ സ്വാർത്ഥതയുടെ വിളി സ്വീകരിച്ചിരിക്കുന്നവരാണ്. അത്തരക്കാർ ജോലി അന്വേഷിക്കുന്നതും, ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതും, സമ്പാദിക്കുന്നതും, സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നതുമെല്ലാം സ്വാർത്ഥസുഖത്തിനുവേണ്ടി മാത്രമായിരിക്കും. സ്വന്തം കാര്യം മാത്രം ചിന്തിച്ച് തന്നിലേക്കു തന്നെ ഉൾവലിയാതെ, ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങാൻ യുവജനങ്ങളെ പാപ്പ ക്ഷണിച്ചു. പുറത്തേക്കിറങ്ങി തെരുവിലൂടെ യാത്ര ചെയ്യുമ്പോൾ അപകടങ്ങളുണ്ടായേക്കാം, ഭയം തോന്നിയേക്കാം. അതു സ്വാഭാവികമാണ്. ഭയമുണ്ടാകില്ലെന്ന് പറയുന്നില്ല. ഭയം തോന്നിയേക്കാം, എന്നാൽ ഭയക്കുമോ എന്ന് ആശങ്കപ്പെട്ടു നിൽക്കാനോ, പാതിവഴിയില്‍ യാത്ര നിറുത്തുവാനോ പാടില്ല. ഭയം തോന്നിയാലും ധൈര്യപൂർവ്വം യാത്ര തുടരുവാൻ പാപ്പ യുവജനങ്ങൾക്ക് പ്രോത്സാഹനം പകർന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.