2014-01-21 15:51:37

പാപമോചകനായ ക്രിസ്തുവിൽ അഭയം തേടാൻ പാപ്പായുടെ ക്ഷണം


20 ജനുവരി 2014, വത്തിക്കാൻ
പാപമോചകനായ ക്രിസ്തുവിൽ അഭയം തേടാൻ ഫ്രാൻസിസ് പാപ്പ സഭാംഗങ്ങളെ ആഹ്വാനം ചെയ്യുന്നു. റോമാ രൂപതയില്‍ സലേഷൃൻ സന്ന്യസ്ത സമൂഹം അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തിരുഹൃദയ ഇടവക ദേവാലയത്തിൽ (Sacro Cuore di Gesù a Castro Pretorio) ഞായറാഴ്ച വൈകീട്ട് അർപ്പിച്ച ദിവ്യബലി മധ്യേനടത്തിയ വചന പ്രഘോഷണത്തിലാണ് പാപ്പ ഈ ആഹ്വാനം നൽകിയത്.
വിശുദ്ധ സ്നാപക യോഹന്നാൻ “ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” എന്ന് ക്രിസ്തുവിനെക്കുറിച്ച് സാക്ഷൃം നൽകിയ സുവിശേഷഭാഗം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സന്ദേശം. ദിവ്യകുഞ്ഞാടായ ക്രിസ്തു നമ്മുടെ കരുത്തും പ്രത്യാശയുമാണ്. ദുർബ്ബലനായ കുഞ്ഞാടിന് ലോകത്തിന്‍റെ പാപം മുഴുവൻ ഏറ്റെടുക്കാൻ കഴിയുന്നതെങ്ങനെയാണ് എന്ന് നമുക്ക് സന്ദേഹം തോന്നിയേക്കാം. സ്നേഹംകൊണ്ടാണത് സാധ്യമാകുന്നത്. തന്‍റെ സ്നേഹം മൂലം നമ്മുടെ പാപഭാരമെല്ലാം ഏറ്റെടുക്കുന്ന സൗമ്യനും ശാന്തശീലനുമായ ദൈവ കുഞ്ഞാട് എളിയവർക്കും പാപികൾക്കും സമീപസ്ഥനാണെന്ന് പാപ്പ വിശദീകരിച്ചു. നമ്മുടെ പാപങ്ങൾ എത്ര ഭാരമുള്ളതാണെങ്കിലും അതേറ്റെടുക്കാൻ ക്രിസ്തു തയ്യാറാണ്. പാപമോചനം നൽകാനും ലോകത്തില്‍ സമാധാനം സ്ഥാപിക്കാനുമാണ് അവിടുന്ന് ഈ ഭൂമിയിലേക്കു വന്നത്. മനുഷ്യ ഹൃദയത്തിൽ നിന്നാണ് ഈ സമാധാനം ആരംഭിക്കേണ്ടതെന്നും പാപ്പ ചൂണ്ടിക്കാട്ടി.
ഒരുപക്ഷേ പാപബോധത്താൽ നീറി ജീവിക്കുന്നവരോ, താങ്ങാനാവാത്ത ഹൃദയഭാരം അനുഭവിക്കുന്നവരോ, ഇരുളടഞ്ഞ ജീവിതം നയിക്കുന്നവരോ, ആത്മവേദനയാൽ പിടയുന്നവരോ ആയിരിക്കാം നമ്മൾ.ക്രിസ്തു വന്നിരിക്കുന്നത് അതെല്ലാം ഏറ്റെടുക്കാനാണ്. എല്ലാം ക്ഷമിക്കുന്ന ക്രിസ്തു നമുക്ക് ഹൃദയസമാധാനം നൽകുമെന്ന് മാർപാപ്പ ഉറപ്പുനല്‍കി.
ഒരു ഡോക്ടർക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ചില വ്യക്തികളിലും നമുക്കു വിശ്വാസമുണ്ട്, ഇന്ന വ്യക്തി നമ്മെ സഹായിക്കുമെന്ന ഉറപ്പുണ്ട്. അങ്ങനെ, മനുഷ്യരില്‍ വിശ്വാസമർപ്പിക്കുന്ന നാം പലപ്പോഴും കർത്താവില്‍ വിശ്വാസമുള്ളവരായിക്കാൻ മറന്നുപോകുന്നു. ദൈവവിശ്വാസമാണ് ജീവിത വിജയത്തിന്‍റെ താക്കോൽ. ദൈവം ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. പാപബോധവും സഹനവും വേദനയും പ്രയാസങ്ങളും ദൈവസന്നിധിയില്‍ സമർപ്പിച്ച് ദൈവത്തില്‍ പൂർണ്ണവിശ്വാസമുള്ളവരായിരിക്കാൻ വിശ്വാസസമൂഹത്തെ ക്ഷണിച്ച പാപ്പ, നമ്മുടെ പാപമോചനത്തിനായി വന്ന ശാന്തനും സൗമ്യശീലനുമായ ദൈവകുഞ്ഞാട് നമ്മുടെ ജീവിത യാത്രയില്‍ എല്ലായ്പ്പോഴും നമുക്കൊപ്പമുണ്ടായിരിക്കുമെന്നും അവരെ ഓർമ്മിപ്പിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.