2014-01-16 15:37:19

ക്രിസ്തീയ സാക്ഷൃത്തിന്‍റെ മാതൃക


15 ജനുവരി 2014, വത്തിക്കാന്‍
ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ ശൈലി സ്വായത്തമാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയില്‍ അർപ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ദിവ്യബലിയില്‍ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കി ക്രിസ്തീയ സാക്ഷൃത്തിന്‍റെ നാല് വ്യത്യസ്ഥമായ രീതികളെക്കുറിച്ച് പാപ്പ വിശദീകരിച്ചു.
ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുകയും അവരെ സഹായിക്കാന്‍ ചെറുവിരൽ പോലും അനക്കാതിരിക്കുകയും ചെയ്യുന്ന കപടനാട്യക്കാരായ ഫരിസേയരുടേയും നിയമജ്ഞരുടേതുമാണ് ആദ്യ രീതി. ഈ ശൈലി പിന്തുടരുന്ന ക്രൈസ്തവർ കര്‍ക്കശക്കാരായ നിയമാനുഷ്ഠാന വാദികളാണ്.
അഭിക്ഷിക്തനാണെങ്കിലും തീക്ഷണതയില്ലാത്ത പുരോഹിതൻ ഏലിയില്‍ ക്രൈസ്തവ സാക്ഷ്യത്തിന്‍റെ മറ്റൊരു ശൈലി കാണാം. വിശ്വാസ തീക്ഷണതയില്ലാത്ത ക്രൈസ്തവരുടെ സാക്ഷ്യം പുരോഹിതനായ ഏലിയ്ക്കു സമാനമാണ്. ദൈവസന്നിദ്ധിയില്‍ വിലപിച്ചു പ്രാർത്ഥിക്കുന്ന ഹന്നയെ ആദ്യം അവജ്ഞയോടെ വീക്ഷിച്ച ആ പുരോഹിതൻ ഒടുവില്‍ അവളെ സാന്ത്വനിപ്പിച്ച് പറഞ്ഞയക്കുന്നു. മന്ദോഷ്ണനായ ആ പുരോഹിതനിലൂടെ ദൈവ കൃപ അന്യരിലേക്കു പ്രവഹിക്കുന്നുണ്ടെങ്കിലും തീക്ഷണതക്കുറവ് അദ്ദേഹത്തിന്‍റെ ജീവിതം ദുഃഖപൂർണ്ണമായ പരിസമാപ്തിലെത്തിച്ചു.
മൂന്നാമത്തെ മാതൃക ഏലിയുടെ പുത്രന്‍മാരായ പുരോഹിതരാണ്. അധികാരപ്രിയരും ധനമോഹികളുമായിരുന്നു അവർ.
ഈ മൂന്നുതരം മാതൃകകളും ക്രൈസ്തവർ അനുകരിക്കരുത്. കര്‍ക്കശക്കാരായ നിയമാനുഷ്ഠാന വാദികളോ, കപടനാട്യക്കാരോ, അഴിമതിക്കാരോ ആയിരിക്കരുത് ക്രിസ്ത്യാനികൾ.
നാലമത്തേയും ഒടുവിലത്തേതുമായ ക്രിസ്തീയ സാക്ഷ്യത്തിന്‍റെ ശൈലി നാം ദർശിക്കുന്നത് ക്രിസ്തുവിലാണ്. ധാർമ്മികാധികാരത്തോടെ പ്രബോധിപ്പിക്കുന്ന, ജനത്തോട് – വിശിഷ്യാ പാപികളോട്- അടുത്തിടപഴകുന്ന, പാപിനിയോട് ക്ഷമിക്കുന്ന, സമരിയാക്കാരി സ്ത്രീയോട് ദൈവശാസ്ത്ര സംവാദം നടത്തുന്ന യേശുനാഥന്‍. തന്‍റെ ജനത്തെ ആത്മാർത്ഥമായി സ്നേഹിച്ച് സൗഖ്യപ്പെടുത്താനാഗ്രഹിക്കുന്ന ക്രിസ്തുവിനെയാണ് ക്രിസ്ത്യാനികൾ അനുകരിക്കേണ്ടത്. ക്രിസ്തുവിനെപ്പോലെ, പ്രേഷിത തീക്ഷണതയോടെ അന്യരെ സമീപിച്ച് അവർക്ക് സ്നേഹ ശുശ്രൂഷചെയ്യേണ്ടവരാണ് നാം. “എളിവനായ ഞാൻ ഈ ചെറിയ കാര്യം നിനക്കുവേണ്ടി ചെയ്തെങ്കില്‍, ദൈവത്തിന് നിന്നോട് എത്രത്തോളം സ്നേഹമുണ്ടാകും, സ്വർഗസ്ഥനായ നിന്‍റെ പിതാവിനെക്കുറിച്ച് ചിന്തിക്കുവിന്‍” എന്ന് പറയാന്‍ നമുക്കു കഴിയണം. അതിനുവേണ്ട കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെ പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.