2014-01-15 16:00:56

പാപ്പായുടെ അജപാലന ദർശനം മഹത്തരമെന്ന്


14 ജനുവരി 2014, വത്തിക്കാന്‍
പാപ്പായുടെ അജപാലന ദർശനം ആശ്ചര്യകരമാംവിധം മഹത്തരമെന്ന് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡർ നിജിൽ ബേക്കർ. വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞരുമായി ജനുവരി 13ന് മാർപാപ്പ നടത്തിയ പുതുവത്സര കൂടിക്കാഴ്ച്ചയെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ സന്തോഷവും സങ്കടവും നന്നായി മനസിലാക്കുന്ന ശ്രേഷ്ഠ അജപാലകനാണ് പാപ്പാ ഫ്രാന്‍സിസ്. അദ്ദേഹത്തിന്‍റെ അജപാലന ദർശനം സാർവ്വലൗകികമാണെന്ന് ബ്രിട്ടീഷ് അംബാസിഡർ അഭിപ്രായപ്പെട്ടു.
മാനവകുടുംബത്തിന്‍റെ സുഖദുഃഖങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് നയതന്ത്രജ്ഞരോട് പാപ്പ സംഭാഷണം ആരംഭിച്ചതെന്ന് അദേഹം അനുസ്മരിച്ചു. ഹിംസയും അക്രമവും അവസാനിപ്പിച്ച് സംവാദത്തിന്‍റേയും കുടിക്കാഴ്ച്ചയുടേയും സംസ്ക്കാരം പടുത്തുയർത്താനും സമാധാന സംസ്ഥാപനം നടത്താനും പാപ്പ നയതന്ത്രജ്ഞരെ ക്ഷണിച്ചു. ‘കുടുംബം’ പാപ്പ ഏറെ പ്രാധാന്യം നൽകിയ വിഷയങ്ങളിലൊന്നായിരുന്നു. സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും ആദ്യ പരിശീലന കളരിയായിരിക്കണം കുടുംബമെന്ന് പാപ്പ ഉത്ബോധിപ്പിക്കുന്നു. കുടുംബ ബന്ധങ്ങളില്‍ മുതല്‍ ദേശീയ അന്തർദേശീയ ബന്ധങ്ങളില്‍വരെ സംവാദവും സഹകരണവും അനുരജ്ഞനവുമാണ് വിളയാടേണ്ടത്. പരസ്പര സംവാദത്തിനും അനുരജ്ഞനത്തിനും വേണ്ടിയുള്ള കരുത്തുറ്റ ക്ഷണമാണ് ഫ്രാൻസിസ് മാർപാപ്പ ലോകത്തിനു നൽകുന്നതെന്ന് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡർ നിജിൽ ബേക്കർ പ്രസ്താവിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.