2014-01-14 16:53:07

ഭൗതികഭ്രമങ്ങള്‍ അതിജീവിക്കാന്‍ വൈദികര്‍ക്കു കഴിയണം: മാര്‍ ആലഞ്ചേരി


14 ജനുവരി 2014, കൊച്ചി
ഭൗതികലോകത്തെ ഭ്രമങ്ങളും പ്രലോഭനങ്ങളും അതിജീവിക്കാന്‍ വൈദികര്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ നവവൈദിക സംഗമം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെലവേറിയ വാഹനങ്ങള്‍, ആവശ്യത്തിലധികമുള്ള മാധ്യമ ഉപയോഗം, മറ്റു സൗകര്യങ്ങള്‍ എന്നിവയോട് അകന്നുനില്‍ക്കാന്‍ വൈദികര്‍ തയാറാവണം. ലാളിത്യത്തിന്‍റെ വഴികളിലൂടെ ദൈവരാജ്യശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശ്രമിക്കണം.
സീറോ മലബാര്‍ സഭയില്‍ ഈ വര്‍ഷം ഇരുന്നൂറു നവവൈദികരുണ്ടായെന്നത് അഭിമാനകരമാണ്. സഭയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നുവെന്നതിന്‍റെ സൂചനയാണിതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭയുടെ വൈദിക കമ്മീഷനാണു നവവൈദിക സംഗമം ഒരുക്കിയത്. ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷനംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ ജെസിയ, നവവൈദിക പ്രതിനിധികളായ ഫാ. ആന്‍റണി വെട്ടിയാനിക്കല്‍, ഫാ. ഗ്രിഗറി മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമൂഹബലിക്കു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.

Source: SMCIM
RV/TG







All the contents on this site are copyrighted ©.