2014-01-14 16:52:45

ദരിദ്രസ്നേഹത്തിന്‍റെ പാഠം പ്രാവർത്തികമാക്കുന്നവർ


14 ജനുവരി 2014, വത്തിക്കാന്‍
ഫ്രാന്‍സിസ് മാർപാപ്പ ആവശ്യപ്പെട്ട ദരിദ്ര സ്നേഹത്തിന് മാതൃകയായി റോമിലെ കോഫീ ഷോപ്പ്. വത്തിക്കാന്‍റെ പരിസരത്തുള്ള യാചകർക്ക് അത്താഴവിരുന്നൊരുക്കികൊണ്ടാണ് കാപ്പിക്കടക്കാർ പേപ്പൽ പ്രബോധനം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയത്. ‘മൊരെത്തോ കഫേ’ (Moretto Cafe) കാപ്പിക്കടക്കാർ സാധുക്കളെ വിരുന്നിന് ക്ഷണിച്ചത് വി.അന്നയുടെ നാമധേയത്തിലുള്ള പേപ്പൽ ഇടവകദേവാലത്തിലെ വികാരിയച്ചന്‍റെ സഹായത്തോടെയാണ്. ഇടവകപള്ളിയിലും സമീപത്തുള്ള അഗസ്റ്റീനിയൻ ആശ്രമത്തിലും ഭക്ഷണം തേടിയെത്താറുള്ള സാധുക്കളും വത്തിക്കാന്‍റെ പരിസരത്ത് ഭിക്ഷാടനം നടത്തുന്ന യാചകരുമായിരുന്നു അത്താഴ വിരുന്നിലെ വിശിഷ്ടാത്ഥികൾ. നൂറോളം അതിഥികൾക്ക് അത്താഴമൊരുക്കാന്‍ സാന്താ അന്ന ഇടവകപള്ളിയിലെ സന്നദ്ധപ്രവർത്തകരും സഹായിച്ചു. അത്താഴ വിരുന്നിനെക്കുറിച്ചറിഞ്ഞ പാപ്പായുടെ ദാനധർമ്മകാര്യ ചുമതലയുള്ള (almoner) ആർച്ചുബിഷപ്പ് കൊൺറാഡ് കരേജേവ്സ്കിയും സാധുക്കൾക്കൊപ്പം അത്താഴം പങ്കിടാനെത്തിയിരുന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.