2014-01-14 16:52:26

തകർന്ന ജീവിതങ്ങളെ ബലപ്പെടുത്തുന്ന നിത്യസ്നേഹം


14 ജനുവരി 2014, വത്തിക്കാന്‍
പാപംമൂലം മുറിപ്പെട്ട ജീവിതം വീണ്ടെടുത്ത് സൗഖ്യപ്പെടുത്തുന്ന അനന്തമായ ദൈവസ്നേഹം മനുഷ്യമനസിന് അഗ്രാഹ്യമാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ. തിങ്കളാഴ്ച്ച രാവിലെ വത്തിക്കാനിലെ സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയില്‍ അർപ്പിച്ച ദിവ്യബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു പാപ്പ. നിത്യസ്നേഹമായ ദൈവം ഒരിക്കലും നമ്മെ ഏകരായി ഉപേക്ഷിക്കില്ല. അവിടുന്ന് എല്ലായ്പ്പോഴും സ്നേഹപൂർവ്വം നമ്മോടൊത്ത് സഞ്ചരിക്കുന്നു. ദൈവിക സ്നേഹത്തെക്കുറിച്ച് യുക്തിവിചാരം നടത്തുക സാധ്യമല്ലെന്നും പാപ്പ പറഞ്ഞു. വിശ്വാസത്തിലൂടെ മാത്രമേ ആ സ്നേഹത്തെക്കുറിച്ചു മനസിലാക്കാനാവൂ. “ലോകത്ത് ഇത്രയധികം പേരുള്ളപ്പോൾ ദൈവം എന്നെ തിരഞ്ഞെടുത്ത് സ്നേഹിക്കുമോ” എന്നായിരിക്കും യുക്തിചിന്ത ഉന്നയിക്കുന്ന ചോദ്യം. എന്നാൽ ദൈവം എന്നെ അറിയുകയും എനിക്കായി വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് സത്യം. എന്‍റെ കുടുംബവും മാതാപിതാക്കളുമൊക്കെ ദൈവം എനിക്കുവേണ്ടി ഒരുക്കിയ ജീവിത പാതയായിരുന്നു. കാരണം ദൈവസ്നേഹം സത്യമാണ്, നിത്യമാണ്, വ്യക്തിപരമാണ്. ദൈവത്തിന്‍റെ ഈ അനന്ത സ്നേഹം ബുദ്ധികൊണ്ടു മനസിലാക്കാന്‍ സാധിക്കില്ല, ഹൃദയംകൊണ്ട് അനുഭവിച്ചറിയാന്‍ മാത്രമേ സാധിക്കൂ. ആ സ്നേഹം നമുക്കനുഭവിച്ചറിയാം, അതിനുവേണ്ടി കരഞ്ഞുപ്രാർത്ഥിക്കാം, എന്നാല്‍ അതു ഗ്രഹിക്കാനാവില്ലെന്ന് പാപ്പ വിശദീകരിച്ചു. അനന്തമായ ദൈവിക സ്നേഹത്തെക്കുറിച്ചു ധ്യാനിക്കാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.