2014-01-13 16:58:11

സിറിയന്‍ അഭയാർത്ഥികൾക്ക് സാന്ത്വനമായി കർദിനാൾ സാന്ദ്രി


13 ജനുവരി 2014, ബെക്ക – ലെബനോന്‍
സിറിയയും ലെബനോണിലും മധ്യപൂർവ്വദേശം മുഴുവനും അനുരജ്ഞനവും സമാധാനവും പുലരട്ടെയെന്ന് പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ തലവൻ കർദിനാൾ ലെയൊനാർദോ സാന്ദ്രിയുടെ പ്രാർത്ഥന. ലെബനോനില്‍ സന്ദർശനം നടത്തുന്ന കർദിനാൾ സാന്ദ്രി, ഞായറാഴ്ച രാവിലെ സാഹേലിലെ ദിവ്യരക്ഷക സന്ന്യസ്ത സമൂഹത്തിന്‍റെ ആശ്രമദേവാലയത്തില്‍ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ വചനസന്ദേശത്തിലാണ് ഈ പ്രാർത്ഥന പങ്കുവയ്ച്ചത്.
ലെബനോനിലേക്ക് പലായനം ചെയ്ത സിറിയന്‍ അഭയാർത്ഥികളെ സന്ദർശിച്ച് സാന്ത്വനപ്പെടുത്തിയ കർദിനാൾ സാന്ദ്രി, ഫ്രാൻസിസ് മാർപാപ്പയ്ക്ക് അവരോടുള്ള സ്നേഹവും കരുതലും അവരെ അറിയിച്ചു. സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ച് സിറിയന്‍ അഭയാർത്ഥികൾ കർദിനാളിനോട് വിവരിച്ചു. അഭയാർത്ഥി കേന്ദ്രങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളും കർദിനാൾ സാന്ദ്രി നേരിൽകണ്ടു വിലയിരുത്തി. സയിദ അല്‍ മാന്ദ്രായിലെ മരിയന്‍ തീർത്ഥാടനത്തിലെത്തി പരിശുദ്ധമറിയത്തിന്‍റെ മാധ്യസ്ഥം തേടിയ കർദിനാൾ ലെയൊനാർദോ സാന്ദ്രി, ലെബനോണിലും സിറിയയിലും മധ്യപൂർവ്വദേശം മുഴുവനും സമാധാനം പുലരുന്നതിനുവേണ്ടി പ.മറിയത്തോടപേക്ഷിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.