2014-01-13 16:54:31

നന്ദിയോടെ ആർച്ചുബിഷപ്പ് കാപ്പോവില്ല


13 ജനുവരി 2014, വത്തിക്കാന്‍
കർദിനാൾ സ്ഥാനലബ്ദി തികച്ചും അപ്രതീക്ഷിതവും ആശ്ചര്യകരവുമെന്ന് ആർച്ചുബിഷപ്പ് ലോറിസ് ഫ്രാൻസിസ് കാപ്പോവില്ല. ഞായറാഴ്ച ത്രികാല പ്രാർത്ഥനാ സംഗമത്തിനിടയിലാണ് ആർച്ചുബിഷപ്പ് കാപ്പോവില്ലയടക്കം 19 അജപാലക ശ്രേഷ്ഠരെ ഫെബ്രുവരി 22ന് നടക്കുന്ന കൺസിസ്റ്ററിയില്‍വച്ച് (കർദിനാൾമാരുടെ യോഗം) കർദിനാൾമാരായി വാഴിക്കുമെന്ന് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തിയത്.
നിയുക്ത കർദിനാൾമാരില്‍ ഏറ്റവും മുതിർന്ന വ്യക്തിയാണ് 98 വയസുപ്രായമുള്ള ആർച്ചുബിഷപ്പ് കാപ്പോവില്ല. ഏപ്രിൽ 27ന് വിശുദ്ധപദത്തിലേക്കുയർത്തപ്പെടാൻ പോകുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പായുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം.

പാപ്പായുടെ പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതവും ആശ്ചര്യകരവുമാണെന്ന് ആർച്ചുബിഷപ്പ് കാപ്പോവില്ല വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. വിശുദ്ധപദത്തിലേക്കുയർത്തപ്പെടാൻ പോകുന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകൾ “അങ്ങേ കൃപ മാത്രം” ഇപ്പോൾ തന്‍റെ മനസിലും ഉയരുന്നുവെന്ന് വികാര നിർഭരനായ ആർച്ചുബിഷപ്പ് കാപ്പോവില്ല പറഞ്ഞു. തന്‍റെ വാർദ്ധ്യകാലത്തെ പ്രകാശമയമാക്കുന്ന അംഗീകാരമാണ് മാർപാപ്പ നല്‍കിയിരിക്കുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം പാപ്പായോട് തനിക്കുള്ള നിസീമമായ കൃതജ്ഞത വെളിപ്പെടുത്താനും മറന്നില്ല. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ സ്നേഹവും സൻമനസും വിശാലഹൃദയവുമാണ് തനിക്ക് ഈ അംഗീകാരം ലഭിക്കാൻ കാരണമായതെന്നും ആർച്ചുബിഷപ്പ് കാപ്പോവില്ല അഭിപ്രായപ്പെട്ടു. എളിയവരില്‍ എളിയവനായ തനിക്ക് നല്‍കുന്ന ഈ അംഗീകാരത്തിലൂടെ നിശബ്ദമായി ശുശ്രൂഷ ചെയ്യുന്ന എല്ലാ എളിയ വൈദികരേയും പാപ്പ ആദരിക്കുകയാണെന്നും പൗരോഹിത്യ ശുശ്രൂഷയില്‍ 74 വർഷം പിന്നിട്ട ആർച്ചുബിഷപ്പ് കാപ്പോവില്ല പ്രസ്താവിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.