08 ജനുവരി 2014, വത്തിക്കാന്‍ കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് ആദരസൂചകമായി ‘മോണ്‍സിഞ്യോര്‍’
എന്ന പദവി നല്‍കുന്ന നടപടിക്രമം ഫ്രാന്‍സിസ് മാര്‍പാപ്പ പരിഷ്ക്കരിച്ചു. പാപ്പ നിര്‍ദേശിച്ച
പരിഷ്ക്കരണം സംബന്ധിച്ച വിജ്ഞാപനം ലോകത്തെ എല്ലാ മെത്രാന്‍ സമിതികള്‍ക്കും അയച്ചിട്ടുണ്ടെന്ന്
പരിശുദ്ധസിംഹാസനത്തിന്‍റെ രാഷ്ട്ര കാര്യാലയം ജനുവരി 7ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍
അറിയിച്ചു. പുതിയ വിജ്ഞാപന പ്രകാരം മാര്‍പാപ്പയ്ക്കുവേണ്ടി സേവനം ചെയ്യുന്ന വൈദികന്‍
എന്നര്‍ത്ഥം വരുന്ന “Chaplain of His Holiness”, എന്ന ബഹുമതി മാത്രമാണ് ഇനിമുതല്‍ വൈദികര്‍ക്കു
നല്‍കുക*. “മോണ്‍സിഞ്യോര്‍” (“Monsignor”) എന്നും വിളിക്കപ്പെടുന്ന ഈ പദവി 65 വയസു പിന്നിട്ട
വൈദികര്‍ക്കുമാത്രമേ നല്‍കാവൂ എന്നും വിജ്ഞാപനം അനുശാസിക്കുന്നുണ്ട്. അതേസമയം, മെത്രാന്‍,
വികാരി ജനറാള്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരെ അഭിസംബോധന ചെയ്യാന്‍
‘മോണ്‍സിഞ്ഞ്യോര്‍’ എന്ന സ്ഥാനപേര് തുടര്‍ന്നും ഉപയോഗിക്കാം. റോമന്‍ കൂരിയായില്‍ സേവനം
ചെയ്യുന്നവര്‍ക്ക് ഈ പദവി നല്‍കുന്ന നടപടിക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ
ചട്ടത്തിന് മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ ഇതുവരെ മോണ്‍സിഞ്യോര്‍ പദവി ലഭിച്ചിരിക്കുന്നവര്‍ക്ക്
ആ പദവിയില്‍ തുടരാം. അല്‍മായര്‍ക്കു നല്‍കുന്ന പേപ്പല്‍ ബഹുമതികളില്‍ മാര്‍പാപ്പ മാറ്റമൊന്നും
വരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
*പണ്ടുകാലത്ത് “മോണ്‍സിഞ്യോര്‍”
പദവിയുടെ 14 വകഭേദങ്ങള്‍ ഉണ്ടായിരുന്നു. 1968ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അതിലെ 11 വകഭേദങ്ങളും
ഒഴിവാക്കിയതോടെ പരിശുദ്ധ സിംഹാസനത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നര്‍ത്ഥം വരുന്ന
അപ്പസ്തോലിക പ്രട്ടോനോട്ടറി (Protonotary apostolic), പാപ്പായുടെ ആദരണീയ വൈദികര്‍ (Honorary
Prelates of His Holiness), മാര്‍പാപ്പയ്ക്കുവേണ്ടി സേവനം ചെയ്യുന്ന വൈദികര്‍ എന്നര്‍ത്ഥം
വരുന്ന “Chaplain of His Holiness” എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ബഹുമതികളായി കുറഞ്ഞു.
അവയില്‍ ആദ്യ രണ്ടു തരത്തിലുള്ള ബഹുമതികളുമാണ് ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.