2014-01-09 14:57:28

സുക്കോളച്ചന്‍ മാതൃകയാക്കേണ്ട മനുഷ്യസ്നേഹി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി


08 ജനുവരി 2014, കൊച്ചി
മാതൃകയാക്കേണ്ട മനുഷ്യസ്നേഹിയെയാണു ഫാ. ലീനസ് മരിയ സുക്കോളിന്‍റെ നിര്യാണത്തിലൂടെ കേരളസഭയ്ക്കും സമൂഹത്തിനും നഷ്ടമാകുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ആവശ്യങ്ങളറിഞ്ഞ് അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച മഹാനായ മിഷനറിയായിരുന്നു സുക്കോളച്ചന്‍. സുവിശേഷത്തിന്‍റെ സന്ദേശമനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും മറ്റുള്ളവരിലേക്കു നന്മയുടെ പ്രകാശം പരത്താനും അച്ചനു കഴിഞ്ഞു. ഭൗതികലോകത്ത് എങ്ങനെ ലളിതമായ ജീവിതം നയിക്കാം എന്നതിന് അച്ചന്‍ മികച്ച മാതൃകയാണ്.

പതിനായിരത്തോളം കുടുംബങ്ങള്‍ക്കു സുക്കോളച്ചന്‍ വീടുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ഇതു മഹത്തായ പ്രേഷിതശുശ്രൂഷയാണ്. അറുപതു വര്‍ഷത്തിലധികം മലബാറിലെയും മറ്റു മേഖലകളിലെയും ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ജീവിച്ച സുക്കോളച്ചന്‍റെ നിര്യാണം കേരളസഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.

അച്ചന്‍ തന്‍റെ ജീവിതത്തിലൂടെ നിശബ്ദമായി പഠിപ്പിച്ച കാര്യങ്ങള്‍ പകര്‍ത്തി പുതിയ കാലത്തു സാക്ഷാത്കാരം നല്‍കേണ്ടതു നമ്മുടെ കടമയാണ്. സുക്കോളച്ചന്‍റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയും കേരളസഭ മുഴുവനും അഗാധമായ അനുശോചനമറിയിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.

Source: SMCIM







All the contents on this site are copyrighted ©.