2014-01-07 11:49:44

പുറപ്പാട് : ചരിത്രകാലയളവിലെ
സങ്കലനഗ്രന്ഥം (69)


RealAudioMP3
നീണ്ട ചരിത്രകാലയളവില്‍ രൂപപ്പെട്ട സങ്കലനഗ്രന്ഥമാണ് പുറപ്പാട് എന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് പഠനത്തിലൂടെ നാം വ്യക്തമാക്കുകയാണ്. എന്നാല്‍ ലക്ഷൃത്തില്‍ അത് രക്ഷാകരചരിത്രത്തിന്‍റെ അടിത്തറയായി നില്ക്കുന്ന മൂലകൃതിയായി മാറുന്നതായും നമുക്ക് മനസ്സിലാക്കാം. പുതിയനിയമത്തിലേയ്ക്കും ക്രിസ്തുവോളവും അനുവാചകരെ കൊണ്ടെത്തിക്കുവാന്‍ ശ്രേഷ്ഠമായ പുറപ്പാടു രചനയ്ക്ക് സാധിക്കുന്നുണ്ട്. പടിപടിയായി പുരോഗമിക്കുന്ന ഇസ്രായേലിന്‍റെ മതാത്മക ജീവിതത്തില്‍നിന്നും ഇനിയും പുറപ്പാടിലൂടെ ദൈവജനത്തിന്‍റെ രൂപീകരണത്തെക്കുറിച്ച് നമുക്ക് പഠിക്കാം.

സാക്ഷൃകൂടാരത്തില്‍ ബലിയര്‍പ്പണത്തിനു നേതൃത്വം നല്കേണ്ട പുരോഹിതര്‍ക്കായി ഇസ്രായേല്‍ പൂജാവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഭാഗം പൗരോഹിത്യ പാരമ്പര്യകാരന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“മോശയ്ക്കു കര്‍ത്താവു നലി‍കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധ കൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂലുകളുപയോഗിച്ച് നേര്‍മ്മയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. പിന്നെ, അഹറോനുവേണ്ടിയുള്ള പ്രത്യേക വിശുദ്ധവസ്ത്രങ്ങളുമുണ്ടാക്കി. 39, 2 സ്വര്‍ണ്ണം നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് പിന്നെ അവര്‍ എഫോദും ഉണ്ടാക്കി. സ്വര്‍ണ്ണം തല്ലിപ്പരത്തി നേരിയ നൂലുകളാക്കി, അത് വെട്ടിയെടുത്ത് ബഹുവര്‍ണ്ണങ്ങളിലുള്ള നൂലുകളിലും, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു. എഫോദിന് തോള്‍ വാറുകളുണ്ടിക്കി, അതിന്‍റെ രണ്ടറ്റങ്ങളും യോജിപ്പിച്ചു. എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണ്ണം നീലം, ധൂമ്രം, കുടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ചേര്‍ത്ത്, മോശയോടു കര്‍ത്താവു കല്പിച്ച പ്രകാരമാണ് നിര്‍മ്മിച്ചത്.”
“ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ അവര്‍ അതില്‍ കൊത്തിവച്ചു. പിന്നെ ആ കല്ലുകള്‍ സ്വര്‍ണ്ണത്തകിടുകളില്‍ പതിച്ചു.
കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ പുത്രന്മാരുടെ പ്രതീകങ്ങളായി അവ എഫോദിന്‍റെ തോള്‍‍ വാറുകളില്‍ പതിപ്പിച്ചു.
അവര്‍ എഫോദിന്‍റേതുപോലെയുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മ്മിച്ചത്. ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വിതിയുമുണ്ടായിരുന്നു. അതിന്മേല്‍ അവര്‍ നാലുനിര രത്നങ്ങള്‍ പതിച്ചു.”

വിശുദ്ധ വസ്തുക്കള്‍ വിശുദ്ധമായും സൂക്ഷ്മമായും നിര്‍മ്മിക്കണം എന്ന ആദര്‍ശത്തിന്‍റെ ഭാഗമായി വളരെ വിലപിടിപ്പുള്ള രത്നങ്ങള്‍ പതിപ്പിച്ചാണ് ഇസ്രായേല്‍ പൂജാവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് നമുക്കു കാണാം:
ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം, രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം, മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം, 13 നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യാന്തം. അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്. ഇസ്രായേലിന്‍റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്‍റെയും പേര് ഓരോ രത്നത്തിന്മേല്‍ മുദ്രപോലെ ആലേഖനംചെയ്തു. അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണ്ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു. എന്നിട്ട് രണ്ടു സ്വര്‍ണ്ണത്തകിടുകളും രണ്ടു സ്വര്‍ണ്ണവളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്‍റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു. രണ്ടു സ്വര്‍ണ്ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്‍റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി. സ്വര്‍ണ്ണത്തുടലുകളുടെ അറ്റങ്ങള്‍ സ്വര്‍ണ്ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിന്‍റെ മുന്‍ഭാഗത്ത് അതിന്‍റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
രണ്ടു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്‍റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു. രണ്ടു സ്വര്‍ണ്ണ വളയങ്ങള്‍കൂടി നിര്‍മ്മിച്ച് അവ എഫോദിന്‍റെ തോള്‍ വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിന്‍റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.
39, 27
അവര്‍ അഹറോനും അവന്‍റെ പുത്രന്മാര്‍ക്കുംവേണ്ടി നേര്‍ത്ത ചണംകൊണ്ടു അങ്കികള്‍ നെയ്തു. നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി. കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം കടും ചെമപ്പ് എന്നീ വര്‍ണ്ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുമുണ്ടാക്കി. വിശുദ്ധ കിരീടത്തിന്‍റെ തകിട് അവര്‍ തനി സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച് അതിന്മേല്‍ ഒരു മുദ്രയെന്നപോലെ ‘കര്‍ത്താവിനു സമര്‍പ്പിച്ചത്’ എന്നു കൊത്തിവച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിന്‍റെ മുന്‍വശത്തു
ബന്ധിക്കാന്‍ തകിടിന്മേല്‍ ഒരു നീലച്ചരടു പിടിപ്പിച്ചു. ഇങ്ങനെ, സമാഗമകൂടാരത്തിന്‍റെയും അതിനാവശ്യമായ സാധനങ്ങളുടെയും പണികളെല്ലാം ഇസ്രായേല്‍ പൂര്‍ത്തീകരിച്ചു.

കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു. കൂടാരം അതിന്‍റെ എല്ലാ ഉപകരണങ്ങളോടുംകൂടി അവര്‍ മോശയുടെ പക്കല്‍ കൊണ്ടുചെന്നു:
കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍, ഊറയ്ക്കിട്ട മുട്ടാടിന്‍ ‍തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല, സാക്ഷൃപേടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം, തനി സ്വര്‍ണ്ണകൊണ്ടു നിര്‍മ്മിച്ച വിളക്കുകാല്‍, അതിലെ ദീപനിര, അതിന്‍റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ, സ്വര്‍ണ്ണനിര്‍മ്മിതമായ ബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധ ദ്രവ്യങ്ങള്‍, കൂടാരവാതിലിന്‍റെ യവനികയും നിരത്തിവച്ചു. ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്‍റെ പീഠം, അങ്കണത്തിന്‍റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്‍റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍ എന്നിവയും തയ്യാറാക്കി. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്‍റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്‍റെ പുത്രന്മാര്‍ പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേസ്‍ ജനം ഇവയെല്ലാം ഉണ്ടാക്കി. അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു ആജ്ഞാപിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് മോശ പ്രഖ്യാപിച്ചു. എന്നിട്ട് അവരെ അനുഗ്രഹിച്ചു.

ദൈവത്തെ യഥാതഥം ദര്‍ശിക്കുവാന്‍ ആഗ്രഹിച്ച മോശയ്ക്ക് അവിടുന്നു നല്കുന്ന രസാവഹമായ മറുപടി നാം കേട്ടതാണ്. തന്‍റെ മുഖക്കാഴ്ച നല്കാതെ, പിന്‍ഭാഗം മാത്രം കാണാനാണ് മോശയെ അനുവദിച്ചത്. ദൈവത്തിന്‍റെ മഹത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ മനഷ്യബുദ്ധിക്ക് ആഗ്രാഹ്യമാണെന്ന് ദൈവം മോശയിലൂടെ അറിയിക്കുകയായിരുന്നു. എന്നിട്ടും സീനായില്‍നിന്നും യാത്രപുറപ്പെടുന്നതിന് മുന്‍പ് മോശ ഉടച്ചുകളഞ്ഞ കല്പനകള്‍ക്കു പകരം, ദൈവം മോശയെ വിളിച്ച് വീണ്ടും എല്ലാം നവമായി നല്ക്കുന്നു. കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തിലുള്ള നവീകരണത്തിന്‍റെ പ്രതീകമാണിത്.

അതിനുശേഷം, എല്ലാം ഒരു തനിയാവര്‍ത്തനംപോലെ കൂടാരവും, കൂടാരാങ്കണവും, സാക്ഷൃപേടകവും, പുരോഹിതവസ്ത്രവുമെല്ലാം ഇസ്രായേല്‍ പുനര്‍നിര്‍മ്മിക്കുന്നു. അക്ഷരാത്ഥത്തിലുള്ള ആവര്‍ത്തനമാണ് പുറപ്പാടുഗ്രന്ഥത്തിന്‍റെ അവസാനഭാഗത്ത് കാണുന്നതെങ്കിലും, ദൈവകല്പനപോലെ ഇസ്രായേല്‍ അവയെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ട് ദൈവത്തില്‍ കേന്ദ്രീകൃതമായി ഒരു ജനതയെ രൂപീകരിക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രം തുടര്‍ന്നും പഠിക്കാം.
_________________________________
Presented by nellikal, Vatican Radio









All the contents on this site are copyrighted ©.