2014-01-06 17:05:15

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധനാട് സന്ദര്‍ശനം മെയ് 24 - 26


06 ജനുവരി 2014, ജറുസലേം

വിശുദ്ധനാട് സന്ദര്‍ശനത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ജറുസലേം നിവാസികള്‍ വരവേറ്റതെന്ന് വിശുദ്ധ നാടിന്‍റെ സംരക്ഷണ ചുമതലയുള്ള (custode) ഫാ.പിയര്‍ബാതിസ്ത പിസ്സബാല പ്രസ്താവിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ത്രികാല പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് മെയ് 24 മുതല്‍ 26വരെ താന്‍ വിശുദ്ധനാട്ടില്‍ തീര്‍ത്ഥാടനം നടത്തുമെന്ന് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തിയത്. വിശുദ്ധനാട്ടില്‍ ത്രിദിന പര്യടനം നടത്തുന്ന പാപ്പ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബെര്‍ത്തലോമെയോ പ്രഥമനോടും, ഇസ്ലാം, ജൂത, മതനേതാക്കളോടും കൂടിക്കാഴ്ച്ച നടത്തും.

ഫ്രാന്‍സിസ് പാപ്പ വിശുദ്ധനാട് സന്ദര്‍ശിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മാര്‍പാപ്പ തന്നെ സന്ദര്‍ശനത്തിന്‍റെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ജനത്തിന് ഏറെ ആവേശം പകര്‍ന്നുവെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ ഫാ.പിസ്സബാല പറഞ്ഞു. ബെത്‌ലെഹമിലും ജറുസലേമിലും ദേവാലയമണികൾ മുഴക്കിയാണ് പേപ്പല്‍ പര്യടന പ്രഖ്യാപനത്തെ എതിരേറ്റത്. വിശുദ്ധ നാട്ടിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് പ്രത്യാശയുടെ സന്ദേശമാണ് പാപ്പായുടെ സന്ദര്‍ശനം. ഈ ഭൂപ്രദേശത്തുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കാനും പേപ്പല്‍ സന്ദര്‍ശനം ഇടയാക്കുമെന്ന് ഫാ.പിസ്സബാല പ്രത്യാശ പ്രകടിപ്പിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.