2 ജനുവരി 2013, വത്തിക്കാന്‍ പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് വീണ്ടും മാതൃസന്നിധിയില്‍
എത്തി. ജനവുരി 1-ാം തിയതി ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം വൈകുന്നേരം 3-മണിയോടെ പാപ്പാ ഫ്രാന്‍സിസ്
എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് റോമിലെ മേരി മേയ്ജര്‍ ബസിലിക്കയിലേയ്ക്ക് അനൗപചാരികമായി
സന്ദര്‍ശനം നടത്തി. ബസിലിക്കയുടെ ഇടതു പാര്‍ശ്വത്തില്‍ Salus Populi Romani, ‘റോമിന്‍റെ
രക്ഷിക’ എന്ന പേരില്‍ വണങ്ങുന്ന പുരാതനമായ കന്യാകാനാഥയുടെ ചെറിയ അള്‍ത്താരയിലേയ്ക്കായിരുന്നു
പാപ്പായുടെ സന്ദര്‍ശനം.
ദൈവമാതൃത്വ മഹോത്സവവും പുതുവത്സരനാളും കണക്കിലെടുത്താണ്
മരിയ ഭക്തനായ പാപ്പായുടെ അപ്രതീക്ഷിതമായ സന്ദര്‍ശനം. ദൈവമാതൃത്വനാളിലെ വചനപ്രഘോഷണത്തിലും
ത്രികാല പ്രാര്‍ത്ഥനയിലും പാപ്പാ സവിശേഷമായി രക്ഷാകര പദ്ധതിയിലെ ദൈവമാതാവിന്‍റെ വ്യക്തിത്വത്തെയും,
വിശ്വാസയാത്രയില്‍ എപ്രാകാരം മറിയം ദൈവജനത്തിന് മാതൃകയും തുണയുമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുകയുണ്ടായി. സ്ഥാനാരോഹണത്തിനുശേഷവും
പലതവണ മാതൃസന്നിധിയിലെത്തിയിട്ടുള്ള പാപ്പായുടെ അപ്രതീക്ഷിതമായ മറ്റൊരു സന്ദര്‍ശനമായിരുന്നു
ഇത്. ബസിലിക്കയിലുണ്ടായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ജനങ്ങളെ ആശ്ചര്യപ്പെടുത്തിയെങ്കിലും,
അത്ര ഹ്രസ്വമല്ലാതിരുന്ന (20 മിനിറ്റോളം നീണ്ടുനിന്ന) പാപ്പായുടെ നിശ്ശബ്ദമായ പ്രാര്‍ത്ഥനാവേള
മാനിച്ച ആബാലവൃന്ദം ജനങ്ങള്‍ പാപ്പായ്ക്കൊപ്പം കന്യകാനാഥയുടെ തീര്‍ത്ഥത്തിരുനടിയില്‍
നമ്രശിരസ്ക്കരായി നിന്നു.
പ്രാര്‍ത്ഥനയെ തുടര്‍ന്ന് ബസിലിക്കയില്‍ സന്നിഹിതരായിരുന്ന
ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് പാപ്പാ കാറില്‍ വത്തിക്കാനിലേയ്ക്ക്
മടങ്ങിയത്. _________________________________ Reported : nellikal, Radio Vatican