2014-01-01 18:08:26

ക്രിസ്മസിന്‍റെ വശ്യതയ്ക്കപ്പുറം
വേണ്ടുന്ന സമര്‍പ്പണം


1 ജനുവരി 2014, വത്തിക്കാന്‍
ക്രിസ്തുവിനെപ്പോലെ ആയിത്തീരാതെ അവിടുത്തെ പ്രഘോഷിക്കാനാവില്ലെന്ന്, ഭാരതത്തിലെ സന്നൃസ്തരുടെ സംഘടന Catholic Religious of India-യുടെ സെക്രട്ടറി, ഡോ ജോ മന്നത്ത് പ്രസ്താവിച്ചു.

ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഭാരതത്തിലെ സന്ന്യസ്തര്‍ക്ക് അയച്ച സന്ദേശത്തിലാണ് മനഃശ്ശാസ്ത്രവിദഗ്ദ്ധനും തത്വശാസ്ത്ര പണ്ഡിതനമായ
ഫാദര്‍ മന്നത്ത് തന്‍റെ തനിമയാര്‍ന്ന നിരീക്ഷണം പങ്കുവച്ചത്.

ക്രിസ്തുമസ്സിന്‍റെ വൈകാരികതയ്ക്കും വശ്യതയ്ക്കുമപ്പുറം
ക്രൈസ്തവര്‍, വിശിഷ്യ അര്‍പ്പിതരും വൈദികരും, ബെതലഹേമിന്‍റെ ലാളിത്യത്തില്‍ തുടക്കമിട്ട ദൈവപുത്രന്‍റെ ജീവിതവഴികള്‍ അറിഞ്ഞും പഠിച്ചും, ആ വഴിയില്‍ ജീവിച്ചുകൊണ്ടാണ് ക്രിസ്തുമസും അതിന്‍റെ മൂല്യങ്ങളും പ്രഘോഷിക്കേണ്ടതെന്ന് ഡോ. മന്നത്ത് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ഏറ്റവും അറിയപ്പെട്ടതും ആരാധ്യനുമായ ചരിത്രപുരുഷനാണ് ക്രിസ്തുവെന്നും, മനുഷ്യകുലത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നതും ക്രിസ്തുതന്നെയാണെന്നും ചൂണ്ടിക്കാണിച്ച ഡോ. മന്നത്ത്, ദൈവത്തെ നാം ഏറ്റവും നന്നായ് അറിയുന്നത് അവിടുന്നിലൂടെയാണെന്നും സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.

ക്രിസ്തുവിന്‍റെ ജനനം മാനവകുലത്തിന് ദൈവമക്കളുടെ സ്ഥാനം നല്കുന്നതിനാല്‍, അടിമകളുടെ യജമാനനും ഒരു കുടുംബമായ് മാറുകയും, ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും വിഭാഗീയത ഇല്ലാതാവുകയും, സ്വാര്‍ത്ഥതയുടെയും അധികാരപ്രമത്തതയുടെയും തേര്‍വാഴ്ച ഇല്ലാതാവുകയും ചെയ്യുന്നുവെന്നും ഫാദര്‍ മന്നത് സന്ദേശത്തില്‍ പ്രസ്താവിച്ചു.

ക്രിസ്തുമസ് കാര്‍ഡുകള്‍ക്കും കരോളുകള്‍ക്കും അപ്പുറമാണെന്നു മനസ്സിലാക്കി,
അവിടുത്തെ മനുഷ്യാവതാരവും ദൈവികസാന്നിദ്ധ്യവും ഇനിയും സ്പര്‍ശിക്കാത്ത നമ്മുടെ ജീവിതമേഖലകളെ ബെതലഹേമിലെ ദിവ്യപ്രകാശം തെളിയിക്കുകയും, നമ്മുടെ ജീവിതങ്ങള്‍ കുറെക്കൂടെ വെളിച്ചവും തെളിച്ചവുമുള്ളതാവട്ടെയെന്നും ഡോക്ടര്‍ മന്നത്ത് സഹോദരസന്ന്യസ്തരെയും വൈദികരെയും സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.