2013-12-31 17:28:46

ബ്യൂനെസ് എയിരെസിന് പാപ്പായുടെ സാന്ത്വന സന്ദേശം


31 ഡിസംബർ 2013, വത്തിക്കാൻ
ബ്യൂനെസ് എയിരെസിന്‍റെ ദുഃഖസ്മരണയില്‍ പാപ്പ ഫ്രാന്‍സിസ് പങ്കുചേര്‍ന്നു. 2004ല്‍ 194 യുവജനങ്ങളുടെ ജീവന്‍കവര്‍ന്ന ക്രൊമാഞ്യോൺ നിശാക്ലബ് അഗ്നിബാധയുടെ ഒന്‍പതാം വാർഷിക സ്മരണയായിരുന്നു ഡിസംബർ 30. ദുരന്ത സ്മരണയില്‍ അർജന്‍റീനയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സാമൂഹ്യ കാര്യാലയത്തിന്‍റെ ചുമതലയുള്ള ബിഷപ്പ് ഹോര്‍ഗേ ലൊസാനോയ്ക്ക് അയച്ച സന്ദേശത്തില്‍, ക്രൊമാഞ്യോണിലെ യുവജനങ്ങളോടും അവരുടെ മാതാപിതാക്കളോടും പാപ്പ തന്‍റെ സ്നേഹവാത്സല്യം വെളിപ്പെടുത്തി. അവരെ താനൊരിക്കലും മറക്കില്ലെന്നും പാപ്പ പ്രസ്താവിച്ചു. കര്‍ദിനാള്‍ ബെർഗോളിയോ ബ്യൂനെസ് എയിരെസ് അതിരൂപതാധ്യക്ഷനായിരിക്കുമ്പോഴായിരുന്നു ഈ അപകടം ഉണ്ടായത്. ദുരന്തദിനം തന്‍റെ ഇപ്പോഴും മനസിലുണ്ടെന്നു പറഞ്ഞ പാപ്പ ദുരന്തത്തിന്‍റെ വേദനയില്‍ കഴിയുന്നവര്‍ക്ക് തന്‍റെ ആത്മീയ സാമീപ്യം ഉറപ്പു നല്‍കി.
ബ്യൂനെസ് എയിരെസ് അതിരൂപതാധ്യക്ഷന്‍ ആർച്ചുബിഷപ്പ് മാരിയോ പോളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച അനുസ്മരണ ദിവ്യബലി മധ്യേ പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടു. “മുറിവുകള്‍ വേദനിപ്പിക്കും, അവ മൃദുവായി പരിചരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ വേദനിയുണ്ടാകും. മുറിവുകള്‍ ഒളിച്ചു വയ്ക്കാനോ, ഇല്ലെന്നു നടിക്കാനോ സാധ്യമല്ല”. ആന്തരിക മുറിവുകള്‍ ഏറെ ശ്രദ്ധയോടും കാരുണ്യത്തോടും കൂടി പരിചരിക്കപ്പെടണം എന്ന് അവരെ അനുസ്മരിപ്പിച്ച പാപ്പ, വാത്സല്യത്തിന്‍റെ ഉറവിടമായ ഉണ്ണിയേശു അവരെ സമാശ്വസിപ്പിക്കട്ടെയെന്നും ആശംസിച്ചു. വേദനിക്കുന്ന ഹൃദയത്തോടെ ഒറ്റപ്പെട്ടു നില്‍ക്കാതെ, എല്ലാവരോടുമൊരുമിച്ച് പ്രത്യാശയുടെ ജീവിതയാത്ര തുടരാനും പാപ്പ അവര്‍ക്കു പ്രോത്സാഹനം പകര്‍ന്നു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.