2013-12-30 16:55:44

സ്മരണകള്‍ ചിറകിലേറ്റുന്ന
പാപ്പായുടെ പുതുവത്സരം


30 ഡിസംബര്‍ 2013, വത്തിക്കാന്‍
2013-ലെ ദുരന്തങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തോട് സമാധാനാഭ്യര്‍ത്ഥന നടത്തിയതെന്ന്, വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യുടെ മുഖ്യപത്രാധിപര്‍, ജൊവാന്നി വാന്‍ അഭിപ്രായപ്പെട്ടു. പാപ്പാ ഫ്രാന്‍സിസ് നല്കിയ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശത്തില്‍ ലോകത്തിന്‍റെ ആനുകാലിക ദുരന്തങ്ങള്‍ വേദനയോടെ അനുസ്മരിച്ച പാപ്പാ, വളരെ ശക്തമായ ഭാഷയിലാണ് സമാധാനാഭ്യര്‍ത്ഥന നടത്തിയതെന്നും ജൊവാന്നി വാന്‍ അഭിപ്രായപ്പെട്ടു.

പഴമയുടെ പാരമ്പര്യങ്ങളെ തട്ടിമാറ്റി ലാളിത്യമാര്‍ന്ന വെള്ള വസ്ത്രമണിഞ്ഞ് വിനയാന്വിതനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പൂമുഖപ്പടിയില്‍ പ്രത്യക്ഷപ്പെട്ട പാപ്പായുടെ സമാധാനത്തിനായുള്ള പ്രഥമ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശം വളരെ ശക്തമായിരുന്നെന്നും വാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍റെ ജീവിതപാതയെ പ്രകാശിപ്പുന്ന ദൈവികവെളിച്ചത്തില്‍ മാത്രമേ സമാധാനത്തിന്‍റെ പാതയില്‍ മനുഷ്യകുലത്തിന് ഒത്തൊരുമിച്ചു മുന്നേറേനാകൂ, എന്നതാണ് പുതുവര്‍ഷത്തിനുള്ള പാപ്പായുടെ മൗലികമായ സന്ദേശമെന്നും ജൊവാന്നി വാന്‍ തന്‍റെ പത്രാധിപക്കുറിപ്പില്‍ നിരീക്ഷിച്ചു.

വിപരീതശക്തികളെ സന്തുലനം ചെയ്തു മുന്നോട്ടു പോകുന്നതും, കലഹവും ഭിന്നിപ്പും മറച്ചുവച്ച്
കാപട്യത്തിന്‍റെ മൂടുപടമണിഞ്ഞു നില്ക്കുന്നതും സമാധാനമല്ലെന്ന പാപ്പായുടെ വാക്കുകള്‍ക്ക് ഇരുതല വാളിന്‍റെ മൂര്‍ച്ചുയുണ്ടായിരുന്നു. അനുദിന ജീവിതസമര്‍പ്പണം ആവശ്യപ്പെടുന്ന കലയും ദൈവികസമ്മാനവുമാണ് സമാധാനമെന്നും, ക്രിസ്തുവിലൂടെ നല്‍കപ്പെട്ട ദൈവകൃപയിലാണ് അത് ലഭ്യമാകുന്നതെന്നും പാപ്പാ വളരെ ബോധ്യത്തോടെ ലോകത്തെ അറിയിച്ചെന്ന് വാന്‍ വ്യക്തമാക്കി.

യുദ്ധഭൂമിയായ സിറിയ, അഭ്യന്തര കലാപങ്ങളുടെ കേന്ദ്രമായ മദ്ധ്യാഫ്രിക്ക, തെക്കന്‍ സുഡാന്‍, നൈജീരിയ എന്നീ രാജ്യങ്ങളെയും, ഇനിയും സമാധാനം ആര്‍ജ്ജിക്കാത്ത വിശുദ്ധനാടിനെയും, ഇസ്രായേല്‍-പല്സ്തീന്‍ രാഷ്ട്രീയ ചര്‍ച്ചകളെയും, കലാപങ്ങള്‍ക്ക് പുതിയ തുടക്കിമിടുന്ന ഇറാക്കിനെയും പാപ്പാ അനുസ്മരിച്ചു. ജീവിതാന്തസ്സു തേടിയലയുന്നവരും ലാംപെദൂസാപോലുള്ള ദുരന്തങ്ങളില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞുപോകുന്ന അഭയാര്‍ത്ഥി സമൂഹത്തെയും പാപ്പാ അനുസ്മരിച്ചു. നിര്‍ബന്ധിത പട്ടാളസേവനത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട് പീഡിതരും ചൂഷിതരുമാകുന്ന കുട്ടികളെയും പാപ്പാ അനുസ്മരിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ ഉള്‍പ്പെട്ട ജനതകളെ വിശിഷ്യാ ഫിലിപ്പീന്‍സിലെ ജനങ്ങളെ പാപ്പാ പ്രത്യേകം തന്‍റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇങ്ങനെയുള്ള ലോകത്തിലേയ്ക്കാണ് ദൈവം വരുന്നതെന്നും, അവിടുന്നു വസിക്കുന്നതെന്നും, ആ ദൈവിക വെളിച്ചത്തില്‍ ജീവിതപ്രതിസന്ധകളെ നേരിടാമെന്നും പാപ്പാ ജനങ്ങളെ ധൈര്യപ്പെടുത്തുന്നതായും പ്രത്യാശ പകരുന്നതായും വാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
____________________________________
Reported : nellikal, L’Oservatore Romano








All the contents on this site are copyrighted ©.