2013-12-30 16:12:01

പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന
ഫെയ്ബറിന്‍റെ വിശുദ്ധപദപ്രഖ്യാപനം


ജനുവരി 3-ാം തിയതി വെള്ളിയാഴ്ച, പ്രാദേശിക സമയം രാവിലെ 9 മണിക്ക് റോമിലെ ജെസ്സു ദേവാലായത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് വാഴ്ത്തപ്പെട്ട പീറ്റര്‍ ഫെയ്ബറിന്‍റെ വിശുദ്ധപദപ്രഖ്യാപനം ആചരിക്കപ്പെടുന്നതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു. ഈശോ സഭാംഗവും, വിശുദ്ധരായ ഇഗ്നേഷ്യസിന്‍റെയും ഫ്രാന്‍സിസ് സേവ്യറിന്‍റെയും സമകാലികനുമായിരുന്ന വിശുദ്ധ ഫെയ്ബര്‍ കിഴക്കിന്‍റെ പ്രേഷിതനായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെതന്നെ ഈശോസഭയില്‍ പടിഞ്ഞാറിന്‍റെ ആത്മീയ നായകനായിരുന്നെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

യേശുനാമത്തിന്‍റെ തിരുനാളും ഈശോസഭയുടെ സ്ഥാപനദിനവുമായ ജനുവരി 3 -ാം തിയതിയാണ് വിശുദ്ധ പീറ്റര്‍ ഫെയ്ബറിന്‍റെ വിശുദ്ധപദം ആഘോഷിക്കപ്പെടുന്നതെന്നും, സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ അഡോള്‍ഫോ നിക്കോളെയും ഈശോസഭാംഗങ്ങളും പാപ്പായോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി

ഡിസംബര്‍ 17-ാം തിയതി പീറ്റര്‍ ഫെയ്ബറിനെ വിശുദ്ധരുടെപദവിയിലേയ്ക്ക് സ്വാധികാരത്തില്‍ പാപ്പാ ഉയര്‍ത്തിയപ്പോള്‍ ആദ്യമായി വിശുദ്ധനോട് പ്രാര്‍ത്ഥിച്ച വ്യക്തി, ഈശോ സഭാംഗമായ പാപ്പാ ഫ്രാന്‍സിസ്സ് ആയിരുന്നിരിക്കണമെന്ന്, ഈശോ സഭാംഗവും റോം പ്രവിശ്യയുടെ മുന്‍പ്രൊവിന്‍ഷ്യലുമായിരുന്ന ഫാദര്‍ ലൊമ്പാര്‍ഡി പുഞ്ചിരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോടു പ്രത്യുത്തരിച്ചു.
_____________________
Reported : nellikal, sedoc








All the contents on this site are copyrighted ©.