2013-12-30 16:35:29

കുടുംബം സുവിശേഷത്തിന്‍റെ
അടിസ്ഥാന തട്ടകം


30 ഡിസംബര്‍ 2013, സ്പെയിന്‍
സുവിശേഷത്തിന്‍റെ അടിസ്ഥാന തട്ടകം കുടുംബമാണെന്ന്,
സ്പെയിനിലെ ദേശീയ മെത്രന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ റൗക്കോ വരേലാ പ്രസ്താവിച്ചു.

ഡിസംബര്‍ 29-ാം തിയതി ഞായറാഴ്ച മാഡ്രിഡിലെ വിഖ്യാതമായ കൊളോണ്‍ ചത്വരത്തില്‍ തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍ അര്‍പ്പിച്ച തിരുനാള്‍ ദിവ്യപൂജയിലാണ് മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ വരേലാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

യേശുവിനെ പോറ്റിവളര്‍ത്തിയ നസ്രത്തിലെ തിരുക്കുടുംബം ഇന്നും കൂട്ടായ്മയുടെ മാതൃകയും സുവിശേഷത്തിന്‍റെ സ്രോതസ്സുമായിരിക്കുന്നതുപോലെ ക്രൈസ്തവ കുടുംബങ്ങള്‍ സുവിശേഷ സന്തോഷത്താല്‍ ദീപ്തമായി അനുദിനം ജീവിക്കണമെന്ന് കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു.

ഭാര്യ-ഭര്‍ത്തൃ ബന്ധത്തിന്‍റെ പക്വമാര്‍ന്ന സന്തോഷത്തിനും സംതൃപ്തിക്കും പിന്നില്‍ ദൈവസ്നേഹമാണ് കുടുംബങ്ങളെ പ്രകാശിപ്പിക്കേണ്ടതെന്നും, അതില്‍നിന്നും ദാമ്പത്യഫലമായ കുഞ്ഞുങ്ങള്‍ പിറക്കണമെന്നും, കര്‍ദ്ദിനാള്‍ അന്തോണിയോ വരേലാ ചത്വരത്തില്‍ സമ്മേളിച്ച കുടുംബങ്ങളെ ഉദോബോധിപ്പിച്ചു.

സമാധാനവും ഐക്യദാര്‍ഢ്യവുമില്ലാത്തൊരു സമൂഹത്തില്‍ ജീവിക്കുമ്പോഴും, തിരുക്കുടുംബം കാണിച്ചുതന്ന ഐക്യത്തിന്‍റെയും, അനുസരണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും, സഹനത്തിന്‍റെയും വിലപ്പെട്ട മൂല്യങ്ങള്‍ ബോധ്യത്തോടെ ജീവിക്കുവാനും സമൂഹത്തെ പ്രകാശിപ്പിക്കുവാനും ക്രൈസ്തവകുടുംബങ്ങള്‍ ബദ്ധശ്രദ്ധരാകണമെന്ന് കര്‍ദ്ദിനാള്‍ വരേല ഉദ്ബോധിപ്പിച്ചു.

ബര്‍സിലോണായിലെ തിരുക്കുടുംബത്തിന്‍റെ ബസിലിക്കയിലും കുടുംബങ്ങള്‍ക്കായി പ്രത്യേക തിരുനാള്‍ ബലി അര്‍പ്പിക്കപ്പെട്ടു.
കൊളോണ്‍ ചത്വരത്തിലും, ബാര്‍സലോണായിലെ തിരുഹൃദയ ബസിലിക്കയിലും സമ്മേളിച്ച് കുടുംബങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കായി നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശം തല്‍സമയ സംപ്രേക്ഷണത്തിലൂടെ വത്തിക്കാന്‍ ടെലിവിഷന്‍ ലഭ്യമാക്കി.

1883-ല്‍ അന്തോണിയോ ഗൗദി എന്ന വാസ്തുശില്പി പണി ആരംഭിച്ച ബാര്‍സലോണായിലെ ഇനിയും പണിതീരാത്ത തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള ബസിലിക്ക 2010-ല്‍ മുന‍്പാപ്പാ ബനഡിക്ട് 16-മന്‍ അതിന്‍റെ പ്രതിഷ്ഠയും ആശീര്‍വ്വാദവും നിര്‍വ്വഹിച്ചിട്ടുള്ളതാണ്.
വാസ്തു-കലാ ഭംഗിയില്‍ ലോകത്തെ അതുല്യ സൃഷ്ടിയായ
ഈ പ്രാര്‍ത്ഥനാലയം മദ്ധ്യകാലഘട്ടത്തിന്‍റെ ഗോതിക്ക് ഭംഗിയും വാസ്തുചാതുരിയുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. 2026-ല്‍ വാസ്തു ശില്പി ഗോദിയുടെ ചരമശതാബ്ദി വര്‍ഷത്തില്‍ പണിപൂര്‍ത്തിയാക്കുമെന്നു കരുതുന്ന ഈ ആപൂര്‍വ്വ സ്പാനിഷ് പ്രാര്‍ത്ഥനാസൗധം ഐക്യരാഷ്ട്ര സഭ ലോകസാംസ്ക്കാരിക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
_____________________
Reported : nellikal, sedoc








All the contents on this site are copyrighted ©.