2013-12-28 17:17:42

കുടുംബങ്ങളുടെ തകര്‍ച്ച സമൂഹത്തിന്‍റെ തകര്‍ച്ചയെന്ന് ബിഷപ്പ് പാല്യ


28 ഡിസംബര്‍ 2013, വത്തിക്കാന്‍
കുടുംബങ്ങളുടെ തകര്‍ച്ച സമൂഹത്തിന്‍റെ തകര്‍ച്ചയാണെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് വിന്‍ചെന്‍സ്യോ പാല്യ. തിരുക്കുടുംബത്തിന്‍റെ തിരുന്നാളിനു മുന്നോടിയായി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ വലിയൊരു മുതല്‍ക്കൂട്ടായ കുടുംബത്തിന്‍റെ സംരക്ഷണവും സുസ്ഥിതിയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സംവിധാനങ്ങള്‍ കുടുംബ സംരക്ഷത്തിനു മുന്‍തൂക്കം നല്‍കേണ്ടതാണ്. എന്നാല്‍ സംഭവിക്കുന്നത് നേര്‍വിപരീതമാണ്, പല മേഖലകളിലും കുടുംബം ചൂഷണവിധേയമാകുന്നു. 'മാതാപിതാക്കളും മക്കളും' എന്ന കുടുംബ സങ്കല്‍പം കൈവിട്ടു കളയുന്ന സമൂഹങ്ങള്‍ സ്വാര്‍ത്ഥതയുടേയും ഏകാന്തതയുടേയും അപകട മേഖലകളിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ബിഷപ്പ് പാല്യ മുന്നറിയിപ്പു നല്‍കി.
'കുടുംബത്തെ’ സംരക്ഷിക്കാനും കുടുംബജീവിതം പ്രോത്സാഹിപ്പിക്കാനും കത്തോലിക്കാ സഭ എന്നും മുന്നിലുണ്ടായിരുന്നു എന്ന് പ്രസ്താവിച്ച ബിഷപ്പ് 'കുടുംബം' എന്ന വിഷയം കേന്ദ്രമാക്കി സമ്മേളിക്കാന്‍ പോകുന്ന മെത്രാന്‍മാരുടെ സിനഡു സമ്മേളനം അതിനൊരുത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടി. തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 'കുടുംബങ്ങള്‍ക്കുവേണ്ടി' പ്രത്യേക പ്രാര്‍ത്ഥന നയിക്കുമെന്നും ബിഷപ്പ് പാല്യ അറിയിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.