2013-12-27 16:37:16

സഭൈക്യ സംരംഭങ്ങള്‍ക്കു കരുത്തായി തെയ്സേ യുവജന സംഗമം


27 ഡിസംബര്‍ 2013, സ്ട്രാസ്ബറോ
തെയ്സേ യൂറോപ്യന്‍ യുവജനസംഗമം ആഗോള സഭൈക്യ സംരംഭങ്ങള്‍ക്കു കരുത്തു പകരുമെന്ന് തെയ്സേ ആശ്രമാധിപന്‍ ബ്ര. അലോയിസ് ലോസര്‍. 36ാമത് തെയ്സേ യുവജന പ്രാര്‍ത്ഥനാ സംഗമത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മുപ്പതിനായിരത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നതെന്ന് ബ്രദര്‍ അലോയിസ് അറിയിച്ചു. ഫ്രാന്‍സിലെ സ്ട്രാസ്ബറോയില്‍ ഡിസംബര്‍ 28ന് ആരംഭിക്കുന്ന സംഗമം ജനുവരി ഒന്നാം തിയതി പുതുവത്സരാഘോഷങ്ങളോടെയാണ് സമാപിക്കുക. ക്രിസ്തീയ സ്നേഹവും സൗഹാര്‍ദവും അനുഭവിച്ചറിയാനെത്തിയിരിക്കുന്ന യുവജനങ്ങള്‍, പ്രാര്‍ത്ഥനയുടേയും ധ്യാനത്തിന്റേയും പങ്കുവയ്പിന്റേയും അനുഭവങ്ങളിലൂടെ കടന്നുപോകും. ‘സുവിശേഷാധിഷ്ഠിതമായ ജീവിതം, ‘അനുരജ്ഞനം’, എന്നീ വിഷയങ്ങളാണ് ഇക്കൊല്ലം യുവജനസംഗമത്തിലെ മുഖ്യ ചിന്താവിഷയങ്ങള്‍. ആനുകാലിക സമൂഹത്തില്‍ , വിശിഷ്യാ യുവജനങ്ങളെ സംബന്ധിച്ച് ഏറെ പ്രസക്തമാണ് ഈ രണ്ടു വിഷയങ്ങളുമെന്ന് ബ്രദര്‍ അലോയിസ് പ്രസ്താവിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.