2013-12-27 16:35:36

റോമാ രൂപതാംഗങ്ങള്‍ക്ക് പാപ്പായുടെ സ്വകാര്യ ദിവ്യബലിയില്‍ പങ്കെടുക്കാനവസരം


27 ഡിസംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുവാന്‍ റോമാ രൂപതാംഗങ്ങള്‍ക്ക് അവസരം. ജനുവരി മാസാദ്യം മുതല്‍ റോമാ രൂപതയിലെ ഇടവകജനം മാര്‍പാപ്പായുടെ അനുദിന ദിവ്യബലിയില്‍ സംബന്ധിച്ചു തുടങ്ങുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. റോമാ രൂപതയിലെ ഇടവകകള്‍ക്ക് ഊഴം വച്ചാണ് അവസരം നല്‍കുന്നത്. ഓരോ ഇടവകയില്‍ നിന്നും 25 പേരുടെ പ്രതിനിധി സംഘത്തിന് പാപ്പായുടെ ദിവ്യബലിയില്‍ സംബന്ധിക്കാം. റോമാ രൂപതയിലെ എല്ലാ ഇടവകകളും നേരില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതിനാലാണ് എല്ലാ ഇടവകകളുടേയും പ്രതിനിധികളെ മാര്‍പാപ്പ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്ന് ഫാ.ലൊംബാര്‍ദി വിശദീകരിച്ചു.

എന്നും രാവിലെ 7 മണിക്കാണ് സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ മാര്‍പാപ്പ സ്വകാര്യ ദിവ്യബലി അര്‍പ്പിക്കുന്നത്. അറുപതോളം ഇരിപ്പിടങ്ങളുള്ള ഈ കപ്പേളയില്‍ തന്നോടൊപ്പം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. വത്തിക്കാന്‍ ജീവനക്കാര്‍ക്കായിരുന്നു ആദ്യ ക്ഷണം. വത്തിക്കാനിലെ ശുചീകരണ തൊഴിലാളികളും തോട്ടം പണിക്കാരും മുതല്‍ വത്തിക്കാന്റെ വിവിധ് കാര്യാലയങ്ങളിലെ മേധാവിമാര്‍വരെ എല്ലാവര്‍ക്കും പാപ്പായുടെ സ്വകാര്യ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചു. ദിവ്യബലി സമാപിച്ചതിനു ശേഷം ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയവരെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുന്നതും പാപ്പായുടെ പതിവാണ്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.