2013-12-26 17:28:40

പുല്‍ക്കൂട്ടിലെ ചെറുവെളിച്ചം
മനുഷ്യര്‍ക്ക് ഹൃദയവെളിച്ചം


26 ഡിസംബര്‍ 2013, വത്തിക്കാന്‍
പുല്‍ക്കൂട്ടില്‍ തെളിയിക്കുന്ന ചെറുവെളിച്ചം ഹൃദയങ്ങളെ പ്രകാശിപ്പിക്കട്ടെയെന്ന്, വത്തിക്കാന്‍റെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി പ്രസ്താവിച്ചു. ഇറ്റലിയില്‍ നാപ്പോളി പ്രവിശ്യയിലെ കലാകാരന്മാരാണ് ഇക്കുറി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വലിയ ക്രിബ്ബ് നിര്‍മ്മിച്ച് പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചത്.

ക്രിസ്മസ് സായാഹ്നത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ തിരിതെളിയിച്ച് വത്തിക്കാനിലെ വലിയ ക്രിബ് ഉത്ഘാടനംചെയ്ത ഹ്രസ്വമായ ശുശ്രൂഷയിലാണ്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന കര്‍ദ്ദിനാള്‍ കൊമാട്രി, മനുഷ്യഹൃദയങ്ങളെ തെളിയിക്കേണ്ട ക്രിസ്തുവെളിച്ചത്തെക്കുറിച്ച് പരാമര്‍ശിച്ചത്. കൊച്ചുകൊച്ചു ക്രിബുകളില്‍ തെളിയിക്കുന്ന തിരികളില്‍നിന്നും കൊളുത്തിയെടുക്കുന്ന ക്രിസ്തുവെളിച്ചം ഹൃദയത്തിലേറ്റി, അത് കുടുംബത്തിലും സമൂഹത്തിലും ജീവിത പരിസരങ്ങളിലും വ്യാപിപ്പിച്ചുകൊണ്ട് ലോകത്തെ നന്മയില്‍ പ്രകാശിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ കൊമാസ്ട്രി ഉദ്ബോധിപ്പിച്ചു.

ഉത്ഘാടനത്തിന് ആമുഖമായി ക്രിബ്ബിന്‍റെ ഉപജ്ഞാതാവായ വിശുദ്ധ ഫ്രാന്‍സിസനെ അനുസ്മരിച്ചുകൊണ്ടുള്ള യുവാക്കളുടെ നൃത്തവും, കൊച്ചുകുട്ടികളുടെ സാന്താക്ലോസ് വേഷത്തിലുള്ള ജിംങ്കിള്‍ ബെല്‍സും ചടങ്ങനെത്തിയ ജനങ്ങളെ ആനന്ദലഹരിയില്‍ ആഴ്ത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.