2013-12-25 13:01:24

സാഹോദര്യംകൊണ്ട്
പ്രകാശിപ്പിക്കേണ്ട ലോകം


25 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് സ്ഥാനാരോപിതനായതിനുശേഷം വത്തിക്കാനിലെ ആദ്യ ക്രിസ്തുമസായിരുന്നു. രാത്രി 10.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ജാഗരപൂജയര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്തു. തല്‍സമയ സംപ്രേക്ഷണത്തിലൂടെ പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ്സില്‍ ലോകമെമ്പാടും വിശ്വാസികള്‍ ഉറക്കിമിളച്ചിരുന്ന് പങ്കെടുത്തു.

ദിവ്യബലിക്ക് ആമുഖമായി ‘കലേന്താ’ഗീതം (kalenda Gk., കലണ്ടര്‍) ആലപിക്കപ്പെട്ടു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ആഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ജൂദയായിലെ ബെതലഹേമില്‍ ക്രിസ്തു ജാതനായി എന്ന ചരിത്രം തുടങ്ങി സൃഷ്ടി ഉള്‍പ്പെടെയുള്ള രക്ഷാകരസംഭവങ്ങളുടെ കാതലായ ഭാഗങ്ങള്‍ ലത്തീന്‍ ഗീതത്തിലൂടെ പ്രഘോഷിക്കപ്പെട്ടത്, തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തിരുപ്പിറവിയുടെ പ്രഭയും ആനന്ദവും സ്ഫുരിക്കുമാറ് പാപ്പാ ഉള്‍പ്പെടെയുള്ള കാര്‍മ്മികര്‍ ശുഭ്രവസ്ത്രധാരികളായി അള്‍ത്താരയിലെത്തി. അനുതാപശുശ്രൂഷയെത്തുടര്‍ന്ന്, സിസ്റ്റൈന്‍ ഗായക സംഘം ആലപിച്ച ഗ്ലോരിയഗീതത്തിന്‍റെ അലയടിയില്‍ ക്രിസ്തുവിന്‍റെ തിരുപ്പിറവി പ്രഘോഷിക്കപ്പെട്ടു.
ബസിലിക്ക നിറഞ്ഞുനിന്ന വിശ്വാസികള്‍ പാടിയ ഗ്ലോരിയ ഗീതത്തോടൊപ്പം വത്തിക്കാനിലെ ദേവാലയമണികളും ക്രിസ്തുവിന്‍റെ തിരുപ്പിറി മധുരമായി പ്രഘോഷിച്ചു.

തുടര്‍ന്ന് വചനശുശ്രൂഷയായിരുന്നു. തിരുപ്പിറവി വിവരിക്കുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗത്തിനു ശേഷം (ലൂക്കാ 2, 1-14) പാപ്പാ ക്രിസ്തുമസ് സന്ദേശം നല്കി.
വളരെ ഹ്രസ്വമായിരുന്നു പാപ്പായുടെ വചനസമീക്ഷ. ക്രൈസവര്‍ക്ക് ഇരുളില്‍നിന്ന് വെളിച്ചവും, തിന്മയില്‍നിന്നു നന്മയും, വെറുപ്പില്‍ സ്നേഹവും തിരഞ്ഞെടുക്കുവാനാവണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ച് മനുഷ്യര്‍ ഈ ഭൂമുഖത്ത് ജീവിക്കുകയാണെങ്കില്‍ എന്നും സാഹോദര്യത്തില്‍ പ്രകാശത്തില്‍, നന്മയില്‍ മനുഷ്യര്‍ ചരിക്കുമെന്നും, മറിച്ച് അഹങ്കാരവും ചതിയും വഞ്ചനയും, സ്വാര്‍ത്ഥതാല്പര്യങ്ങളുമാണ് നമ്മെ നയിക്കുന്നതെങ്കില്‍, വ്യക്തികള്‍ ഇരുട്ടില്‍ നിപതിക്കുമെന്നും, ആ ഇരുട്ട് അവില്‍നിന്നും നമുക്കു ചുറ്റും വ്യാപിക്കുമെന്നും പാപ്പാ വിവരിച്ചു. അങ്ങനെയാണ് സമൂഹങ്ങള്‍ രാഷ്ട്രങ്ങള്‍, നമ്മുടെ ലോകംതന്നെ യുദ്ധത്തിന്‍റെയും കലഹത്തിന്‍റെയും തിന്മയുടെയും ഇരുട്ടിലും നിപതിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി

ഉണ്ണിയുടെ ആശീര്‍വ്വദിച്ച തിരുസ്വരൂപവുമായി ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് പൂക്കുലകള്‍ വഹിച്ച കുട്ടികളോടൊപ്പം പ്രദക്ഷിണമായി ബസിലക്കയുടെ പിന്‍ഭാഗത്തുള്ള പുല്‍ക്കൂട്ടിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങി. കൈയ്യില്‍ വഹിച്ച ഉണ്ണിയെ പാപ്പാ പുല്‍ത്തൊട്ടിയില്‍ കിടത്തിയപ്പോള്‍, കൂടെയെത്തിയ കുട്ടികള്‍ പൂക്കുലകള്‍ ദിവ്യഉണ്ണിയുടെ തൃപ്പാദങ്ങളില്‍ ചാര്‍ത്തി വണങ്ങിയത് ഹൃദയഹാരിയായിരുന്നു. ജനതകളും സംസ്ക്കാരങ്ങളും പ്രതീകാത്മകാമായി ക്രിസ്തുവിനെ വണങ്ങി.

പതിവിലും അധികം വിശ്വാസികളും തീര്‍ത്ഥാടകരും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയിരുന്നു. വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് പാപ്പായുടെ തിരുക്കര്‍മ്മങ്ങള്‍ക്കുള്ള ടിക്കറ്റു വിതരണത്തില്‍നിന്നും റോമാനിവാസികളെ ഒഴിവാക്കി വിദേശത്തുനിന്നുമുള്ള തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് ഇക്കുറി മുന്‍ഗണന നല്കിയത്.

25-ാം തിയതി ക്രിസ്തുമസ്ദിനത്തില്‍ മദ്ധ്യാഹ്നം 12 മണിക്ക്, പതിവുള്ള ത്രികാലപ്രാര്‍ത്ഥനയ്ക്കു പകരം, പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പൂമുഖപ്പടിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് Urbi et Orbi, ലോകത്തിനും റോമാനഗരത്തിനും എന്ന സന്ദേശം നല്കി. വിശ്വാസസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം ലോകത്തിന് പാപ്പാ നല്കുന്ന ഈ ഔപചാരിക പരിവേഷമുള്ള ചടങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമൊപ്പം, ഇറ്റലിയുടെ വിവിധ സൈനികവിഭാഗത്തിന്‍റെ ബറ്റാലിയനുകള്‍, ബന്‍ഡുകള്‍, വത്തിക്കാനിലെ സുരക്ഷാവിഭാഗം, സ്വിസ്ഗാര്‍ഡി എന്നുവരും വര്‍ണ്ണാഭമായ ചടങ്ങിലൂടെ പാപ്പായ്ക്ക് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്കി ആദരിച്ചതും ഇന്നത്തെ പ്രത്യേകതയായിരുന്നു.
Reported : nellikal, Vatican Radio









All the contents on this site are copyrighted ©.