2013-12-23 17:51:18

യേശുവിന്‍റെ ജനനം, വി.യൗസേപ്പിന്റെ ദൃഷ്ടിയില്‍


23ഡിസംബര്‍ 2013, വത്തിക്കാന്‍

യേശുവിന്റെ ജനനത്തോടനുബന്ധിച്ച്, വി.യൗസേപ്പ് കടന്നുപോയ തീക്ഷണമായ അനുഭവങ്ങള്‍ ആധാരമാക്കി അതിമനോഹരമായ ഒരു വിചിന്തനമാണ് ആഗമന കാലത്തിലെ അവസാന ഞായറാഴ്ചയായ, ഡിസംബര്‍ 22ന് ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പാപ്പ പങ്കുവയ്ച്ചത്.

മാര്‍പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ മലയാള പരിഭാഷ ചുവടേ ചേര്‍ക്കുന്നു.

"യേശുവിന്‍റെ ജനനത്തിനു മുന്‍പ് നടന്ന സംഭവ വികാസങ്ങളാണ് ആഗമന കാലത്തിലെ അവസാന ഞായറാഴ്ച്ചയിലെ സുവിശേഷഭാഗത്ത് നാം വായിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ പ്രതിശ്രുത വരനായ വി.യൗസേപ്പിന്‍റെ കാഴ്ച്ചപ്പാടില്‍ നിന്നാണ് സുവിശേഷകനായ വി.മത്തായി ഈ ഭാഗം വിവരിക്കുന്നത്.

നസ്രത്തുകാരായ യൗസേപ്പും മറിയവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അവര്‍ സഹവസിച്ചിരുന്നില്ല. അതിനിടയിലാണ് മറിയം ദൈവദൂതന്‍റെ സന്ദേശം സ്വീകരിച്ചതും പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചതും. ഈ വിവരമെല്ലാം അറിഞ്ഞ യൗസേപ്പ് ആകെ അസ്വസ്ഥനായി. അദ്ദേഹത്തിന്‍റെ ചിന്തകള്‍ എന്തായിരുന്നുവെന്ന് വിവരിക്കുന്നില്ലെങ്കിലും അതിന്‍റെ സാരമെന്തായിരുന്നുവെന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്. എന്തുവിലകൊടുത്തും ദൈവ ഹിതം നിറവേറ്റുക, അതായിരുന്നു യൗസേപ്പിന്‍റെ നിശ്ചയം. അതിനുവേണ്ടി എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. സ്വന്തം അവകാശം സ്ഥാപിച്ചെടുക്കാനും സ്വന്തമാക്കാനും ശ്രമിക്കുന്നതിനു പകരം മഹത്തായ ആത്മത്യാഗത്തിന്‍റെ മാര്‍ഗം സ്വീകരിക്കാന്‍ യൗസേപ്പ് നിശ്ചയിച്ചു. " ജോസഫ് നീതിമാനാകയാലും, അവളെ അപമാനിതയാകാന്‍ ഇഷ്ടപെടായ്കയാലും മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു."(മത്താ: 1,19)
ഈ ഒരൊറ്റ വാചകം മതി മറിയത്തോടു യൗസേപ്പിനുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം അനുഭവിച്ച കഠിനമായ ആന്തരിക സംഘര്‍ഷത്തെക്കുറിച്ചും മനസിലാക്കാന്‍. വിഷമകരമായ ആ സാഹചര്യത്തിലും ദൈവഹിതം നിറവേറ്റാന്‍ തന്നെയായിരുന്നു യൗസേപ്പിന്‍റെ തീരുമാനം. കഠിനമായ ഹൃദയവേദനയോടെ മറിയത്തോട് രഹസ്യമായി വിടപറയാന്‍ അദ്ദേഹം തയ്യാറെടുത്തു. യേശുവിന്‍റെ ജനനത്തിനു മുന്‍പ് വി.യൗസേപ്പിതാവ് കടന്നുപോയ പരീക്ഷണങ്ങളുടെ കാഠിന്യം മനസിലാക്കാന്‍ ഈ സുവിശേഷഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു ധ്യാനിക്കണം. അബ്രാഹം കടന്നുപോയ പരീക്ഷണത്തിനു സമാനമായാണ് വി.യൗസേപ്പും പരീക്ഷിക്കപ്പെടുന്നത്. പ്രിയപുത്രനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ അബ്രാഹത്തോട് ദൈവം ആവശ്യപ്പെട്ടു. ഏറ്റവും അമൂല്യമായ കാര്യം, ഏറ്റവുംകൂടുതല്‍ സ്നേഹിക്കുന്ന വ്യക്തിയെ ത്യജിക്കേണ്ടിവരുക!
അബ്രാഹത്തിന്‍റെ കാര്യത്തിലെന്ന പോലെ യൗസേപ്പിന്‍റെ ജീവിതത്തിലും ഒടുവില്‍‌ ദൈവം ഇടപെട്ടു. യൗസേപ്പിന്‍റെ വിശ്വാസത്തില്‍ സംപ്രീതനായ ദൈവം സ്നേഹത്തിന്‍റേയും സന്തോഷത്തിന്‍റേയും പുതിയ മാര്‍ഗത്തിലേക്ക് അദ്ദേഹത്തെ നയിച്ചു.
"ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട, അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്."(മത്താ 1,20).
വി.യൗസേപ്പിന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്ന സുവിശേഷ ഭാഗമാണിത്. സ്വന്തം ജീവിതത്തെക്കുറിച്ച് നല്ലൊരു പദ്ധതിയുണ്ടായിരുന്ന യൗസേപ്പിനെ ദൈവം മറ്റൊരു മാര്‍ഗത്തിലേക്കു നയിച്ചു. യൗസേപ്പിനെക്കുറിച്ചുള്ള ദൈവപദ്ധതി വ്യത്യസ്ഥമായിരുന്നു. മഹത്തായൊരു ദൌത്യം ദൈവം അദ്ദേഹത്തിനു നല്കി. ദൈവസ്വരം ശ്രവിച്ച് അതനുസരിച്ചു ജീവിച്ചു പോന്ന വ്യക്തിയായിരുന്നു യൗസേപ്പ്. ഉള്ളിന്‍റെ ഉള്ളില്‍ ശ്രവിച്ച ദൈവസ്വരം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പിന്നെ യൌസേപ്പ് സ്വന്തം പദ്ധതി തുടരാന്‍ തുനിഞ്ഞില്ല. വെറുപ്പും വിദ്വേഷവും കൊണ്ട് തന്‍റെ ആത്മാവിനെ കളങ്കപ്പെടുത്താന്‍ അനുവദിച്ചുമില്ല. ഒരു പ്രതിസന്ധിയുടെ രൂപത്തിലാണ് ദൈവപദ്ധതി അദ്ദേഹത്തിനു വെളിപ്പെടുത്തപ്പെട്ടതെങ്കിലും, അതു സ്വീകരിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധനായി. അത്ര നല്ല വ്യക്തിയായിരുന്നു അദ്ദേഹം.
വെറുപ്പിനും വിദ്വേഷത്തിനും ഹൃദയത്തിലിടം നല്കാനോ, വൈരാഗ്യത്തിന്‍റെ വിഷം സ്വന്തം ആത്മാവിനെ കളങ്കപ്പെടുത്താനോ അദ്ദേഹം അനുവദിച്ചില്ല. നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതെന്താണ്? വെറുപ്പും വിദ്വേഷവും അനിഷ്ടവും കൊണ്ട് എത്രയോ തവണ നാം നമ്മുടെ ആത്മാവിനെ ദുഷിപ്പിച്ചിരിക്കുന്നു! അതു മോശമാണ്. അങ്ങനെ സംഭവിക്കാന്‍ നാമൊരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ വി.യൗസേപ്പിനെ നാം മാതൃകയാക്കണം. വെറുപ്പിനും വിദ്വേഷത്തിനും ഉള്ളിലിടം നല്കാതിരുന്നതിനാല്‍ അദ്ദേഹം കൂടുതല്‍ സ്വതന്ത്രനായി. അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിച്ചു. ദൈവിക പദ്ധതി സ്വീകരിച്ച യൗസേപ്പ് സ്വന്തം അസ്തിത്വത്തിന് അതീതനായി പരിപൂര്‍ണ്ണമായ ആത്മദര്‍ശനം പ്രാപിച്ചു. തനിക്കുണ്ടായിരുന്നതൊക്കെയും, തന്നെത്തന്നെയും പരിത്യജിച്ച അദ്ദേഹത്തിന്‍റെ ആന്തരിക സ്വാതന്ത്രൃവും ദൈവഹിതത്തോട് അദ്ദേഹം പ്രകടമാക്കിയ വിധേയത്വവും നമുക്കു വെല്ലുവിളിയും മാര്‍ഗദര്‍ശനവുമാണ്.
പരിശുദ്ധ കന്യകാ മറിയത്തേയും വി.യൗസേപ്പിനേയും ധ്യാനിച്ചുകൊണ്ട് പിറവിത്തിരുന്നാളിനായി നമുക്കൊരുങ്ങാം.
പ.മറിയം:, ദൈവവചനത്തിന് തന്നെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ധൈര്യംകാട്ടിയ, ദൈവകൃപ നിറഞ്ഞ സ്ത്രീ.
വി.യൗസേപ്പ്: സംശയത്തിന്‍റേയും ആത്മാഭിമാനത്തിന്‍റേയും സ്വരം ശ്രവിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ വിശ്വസിക്കാന്‍ തയ്യാറായ, വിശ്വസ്തനും നീതിമാനുമായ പുരുഷന്‍.
ഇവരുടെ കൂടെ നമുക്കും ബെതെലേഹമിലേക്കു യാത്രയാകാം."
(ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം 22.12.2013)








All the contents on this site are copyrighted ©.