2013-12-18 17:29:27

നാടകാചാര്യന്‍ പറവൂര്‍ ജോര്‍ജ്ജിന്
അന്ത്യാഞ്ജലി


18 ഡിസംബര്‍ 2013, കൊച്ചി
പറവൂര്‍ ജോര്‍ജ്ജ് മൂല്യാധിഷ്ഠിത നാടകകൃത്തായിരുന്നെന്ന് കെസിബിസിയുടെ മാധ്യമ കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ജോളി വടക്കന്‍ പ്രസ്താവിച്ചു. നാലു പതിറ്റാണ്ടുകാലം കൈരളിയിലുടെ കലാവേദിയില്‍ നിറഞ്ഞുനിന്ന നാടകരചയിതാവും, സാഹിത്യകാരനും പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന പറവൂര്‍ ജോര്‍ജ്ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടു നല്കിയ പ്രസ്താവനയിലാണ് കേരളസഭയ്ക്കുവേണ്ടി ഫാദര്‍ വടക്കന്‍ ഇങ്ങനെ പ്രസ്താവിച്ചത്. കുടുംബജീവിതത്തിന് ഏറെ പ്രചോദനപരവും മൂല്യാധിഷ്ഠവുമായ നാടകരചനയിലൂടെ കേരളത്തിന്‍റെ സാംസ്ക്കാരികവേദിയില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു എറണാകുളത്തിനടുത്ത് വടക്കന്‍ പറവൂര്‍ സ്വദേശിയായ, ‘പറവൂര്‍ ജോര്‍ജ്ജ്’എന്ന തൂലികാനാമം സ്വീകരിച്ച, കൂരന്‍ ജോര്‍ജ്ജെന്ന് ഫാദര്‍ വടക്കന്‍ അഭിപ്രായപ്പെട്ടു.

2003-ല്‍ കെസിബിസിയുടെ മാധ്യമ പുരസ്ക്കാരം സ്വീകരിച്ചിട്ടുള്ള പറവൂര്‍ ജോര്‍ജ്ജ്, കേരള സാഹിത്യ
അക്കാഡമി പുരസ്ക്കാരം, സംഗീതനാടക അക്കാഡമി പുരസ്ക്കാരം, മാതൃഭൂമി, കുടുംബദീപം, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളസഭയുടെ കുടുംബപ്രേഷിത പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവ സാന്നിദ്ധ്യമായിരുന്നു നാടകാചാര്യനായിരുന്ന പറവൂര്‍ ജോര്‍ജ്ജെന്ന് കെസിബിസിയുടെ മാധ്യമകമ്മിഷന്‍ ചെയര്‍മാനും വിജയപുരം രൂപാതാദ്ധ്യക്ഷനുമായ ബിഷപ്പ് സെബാസ്റ്റൃന്‍ തെക്കത്തുശ്ശേരിയും തന്‍റെ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

അന്‍പതോളം വരുന്ന പറവൂര്‍ ജോര്‍ജ്ജിന്‍റെ രചനകളില്‍ ജനപ്രീതിയാര്‍ജ്ജിച്ച രചനകളാണ് ദിവ്യബലി, സ്നേഹാഗ്നി, അക്ഷരങ്ങള്‍, നേര്‍ച്ചക്കോഴി, അഗ്നിയുദ്ധം, വൈകിവന്ന വെളിച്ചം എന്നിവ. നാടകങ്ങളില്‍ അധികവും ഹാസ്യരസ പ്രധാനമാണ്. നാടകങ്ങള്‍ രചിക്കുക മാത്രമല്ല, അവ സംവിധാനംചെയ്യുന്നതിലും, അവയില്‍ അഭിനയിക്ക്കുന്നതിലും അദ്ദേഹത്തിനുണ്ടായിരുന്ന പാടവം അത്യപൂര്‍വ്വമായിരുന്നെന്ന് ഫാദര്‍ വടക്കന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും നാളത്തെ ക്യാന്‍സര്‍ രോഗചികിത്സയെ തുടര്‍ന്ന് ഡിസംബര്‍ 16-ന്

അന്തരിച്ച പറവൂര്‍ ജോര്‍ജ്ജിന് പറവൂര്‍ നഗരസഭാ ഹാളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
17-ന് ചൊവ്വാഴ്ച രാവിലെ കോട്ടേകകാവ് ഇടവകദേവാലയത്തില്‍ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായര്‍പ്പിച്ച ദിവ്യബലിയ്ക്കും അന്തിമോപചാരശുശ്രൂഷയ്ക്കുംശേഷം ഭൗതികദേഹം ഇടവകസിമിത്തേരിയില്‍ അടക്കംചെയ്തു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.