2013-12-18 19:17:14

കര്‍ദ്ദിനാള്‍ കാര്‍ളോയ്ക്ക്
പാപ്പായുടെ ആദരാഞ്ജലി


18 ഡിസംബര്‍ 2013, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ കാര്‍ളോ ഗോര്‍ദോയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.
സ്പെയിനിലെ ബാര്‍സലോണാ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്നു, ഡിസംബര്‍ 17-ന്
87-ാമത്തെ വയസ്സില്‍ ബാര്‍സലോനായില്‍ അന്തരിച്ച കര്‍ദ്ദിനാള്‍, റിക്കാര്‍ദോ മരിയ കാര്‍ളോ ഗോര്‍ദോ.
വൈദികരുടെ കൂടെനിന്നുകൊണ്ടുള്ള പ്രേഷിതശുശ്രൂഷയും അജപാലന തീക്ഷ്ണതയും അന്തരിച്ച കര്‍ദ്ദിനാള്‍ കാര്‍ളോയുടെ അനുകരണീയമായ പ്രത്യേകതയായിരുന്നെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ബാര്‍സലോണായുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മര്‍ത്തീനെസ്സ് സിസ്റ്റാക്കുവഴി അയച്ച സന്ദേശത്തില്‍ പാപ്പാ പ്രാര്‍ത്ഥനനിറഞ്ഞ തന്‍റെ അനുശോചനം ഏവരെയും അറിയിച്ചു.

കര്‍ദ്ദിനാള്‍ കാര്‍ളോയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 199-ായി കുറഞ്ഞു. അതില്‍ 109-ല്‍ 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവരാണ്. 1926-ല്‍ വലെന്‍സിയായിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വലെന്‍സിയ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് വൈദികനായി. ഇടവകവികാരി, യുവജനപ്രവര്‍ത്തകന്‍, കുടംബപ്രേഷിതന്‍ എന്നീ നിലകളില്‍ രൂപതയില്‍ ശുശ്രൂഷചെയ്യവെ 1969-ല്‍ പോള്‍ ആറാമന്‍ പാപ്പാ ഫാദര്‍ കാര്‍ളോയെ തൊര്‍ത്തോസാ രൂപതാ മെത്രാനായി നിയോഗിച്ചു. പിന്നീട് 1990-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ ബാര്‍സലോണാ അതിരൂപതാ മെത്രാപ്പോലീത്തയായി നിയമിച്ചത്. 1994-ല്‍ പാപ്പാ വോയ്ത്തീവ ആര്‍ച്ചുബിഷപ്പ് കാര്‍ളോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. 2005-ല്‍ പാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ കര്‍ദ്ദിനാള്‍ കാര്‍ലോ അംഗമായിരുന്നു. 2004 ജൂണ്‍ 25-ാം തിയതി കാനോനിക നിയമപ്രകാരം അധികാരത്തിന്‍റെ പ്രായപൂര്‍ത്തിയെത്തിയ കര്‍ദ്ദിനാള്‍ വിരമിക്കുകയായിരുന്നു. തുര്‍ന്ന് വിശ്രമജീവിതം നയിക്കവെ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് കര്‍ദ്ദിനാള്‍ കാര്‍ളോ അന്തരിച്ചത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.