2013-12-17 16:32:32

ദൈവം നമ്മുടെ സന്തതസഹചാരി: മാര്‍പാപ്പ


16 ഡിസംബര്‍ 2013, വത്തിക്കാന്‍
ദൈവം ഒരിക്കലും നമ്മെ ഏകരായി വിടുകയില്ല. അവിടുന്ന് എല്ലായ്പ്പോഴും നമ്മോടൊത്തുണ്ടാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്‍റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 17ന് രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ചൊവ്വാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷഭാഗം യേശുവിന്‍റെ വംശാവലിയായിരുന്നു. ഒരു ടെലിഫോണ്‍ ലിസ്റ്റിലെന്നപോലെ പേരുകള്‍ ആവര്‍ത്തിച്ചിരിക്കുന്ന ഈ വചന ഭാഗം അര്‍ത്ഥശൂന്യമാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അങ്ങനെ കരുതുന്നതു ശരിയല്ല. സുപ്രധാനമായ ചരിത്രഭാഗമാണ് ഈ സുവിശേഷഭാഗത്ത് നാം കാണുന്നത്. മനുഷ്യ ചരിത്രത്തിലൂടനീളം ദൈവിക സാന്നിദ്ധ്യമുണ്ട്. നമ്മോടൊത്തു ജീവിക്കാനും നമ്മുടെ പേരുകള്‍ സ്വീകരിക്കാനും ദൈവം സന്നദ്ധനായി. യേശുവിന്‍റെ വംശാവലിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളുടെ നീണ്ട പട്ടികയില്‍ വിശുദ്ധരുടേയും പാപികളുടേയും പേരുകളുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ദൈവിക പദ്ധതിക്കു വഴങ്ങാതെ ഗുരുതരമായ പാപം ചെയ്തവരുടെ പേരുകള്‍ പോലും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം ദൈവം അവര്‍ക്കൊപ്പമുണ്ടായിരുന്നു. തന്‍റെ അനന്തമായ കാരുണ്യവും ക്ഷമയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചരിത്രത്തിലൂടനീളം ദൈവം നമ്മോടൊത്ത് സഞ്ചരിക്കുന്നതെന്നും മാര്‍പാപ്പ സമര്‍ത്ഥിച്ചു. ക്ഷമയോടും എളിമയോടും കൂടി അവിടുന്ന് നമ്മോടൊത്തായിരിക്കുന്നു. തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ കാലയളവില്‍, നമ്മുടെ ജീവിത ചരിത്രം വിരചിക്കാന്‍ ദൈവത്തെ അനുവദിക്കണമെന്നും. ദൈവേഷ്ടമനുസരിച്ച് വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ ചരിക്കണമെന്നും ഏവരേയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.

Source: Vatican Radio








All the contents on this site are copyrighted ©.