2013-12-17 16:34:22

തെരുവു മക്കള്‍ പാപ്പായുടെ വിശിഷ്ടാതിഥികള്‍


17 ഡിസംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 77ാം പിറന്നാളാഘോഷത്തില്‍ വിശിഷ്ടാത്ഥികളാകാന്‍ ഭാഗ്യം ലഭിച്ചത് തെരുവിന്‍റെ മക്കള്‍ക്ക്. വത്തിക്കാനു സമീപമുള്ള തെരുവില്‍ അലഞ്ഞു ജീവിക്കുന്ന 3 പേരാണ് പാപ്പായുടെ പിറന്നാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്താ മന്ദിരത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. സാന്താ മാര്‍ത്താ മന്ദിരത്തിലെ അംഗങ്ങളോടൊപ്പം ഈ മൂന്ന് വിശിഷ്ടാത്ഥികളും പാപ്പായുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പതിവുപോലെ രാവിലെ 7ന് ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ പിറന്നാള്‍ ദിനം ആരംഭിച്ചത്. കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയത്രോ പരോളിന്‍ എന്നിവര്‍ക്കു പുറമേ പാപ്പായുടെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലരും ദിവ്യബലിയില്‍ സംബന്ധിക്കാനെത്തിയിരുന്നു. ദിവ്യബലിക്കു ശേഷം എല്ലാവരുംചേര്‍ന്ന് പിറന്നാള്‍ ഗീതം ആലപിച്ചുകൊണ്ട് പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. സാന്താമാര്‍ത്തായിലെ ഊണുമുറിയിലൊരുക്കിയ ലളിതമായ പ്രഭാത ഭക്ഷണമായിരുന്നു പാപ്പായുടെ പിറന്നാള്‍ വിരുന്ന്.








All the contents on this site are copyrighted ©.