2013-12-17 16:35:18

ഐക്യത്തിനും സഹകരണത്തിനും ഊന്നല്‍നല്‍കുമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ


17 ഡിസംബര്‍ 2013, കൊച്ചി
സഭയുടേയും സമൂഹത്തിന്‍റേയും ഐക്യത്തിനും സഹകരണത്തിനും ഊന്നല്‍ നല്‍കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. കേരള കത്തോലിക്കാ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സിയില്‍ ഡിസംബര്‍ 10 മുതല്‍ 12വരെ നടന്ന കെ.സി.ബി.സി യോഗമാണ് കേരള സഭയുടെ പുതിയ ഭരണസാരഥികളെ തിരഞ്ഞെടുത്തത്. കെ.സി.ബി.സിയുടെ പുതിയ പ്രസിഡന്‍റായി മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്‍റായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ജനറല്‍ സെക്രട്ടറിയായി കൊച്ചി രൂപതാ മെത്രാന്‍ ജോസഫ് കരിയില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കേരള കത്തോലിക്കാ സഭയേയും പൊതു സമൂഹത്തേയും ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ എല്ലാ സമുദായങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ ക്ലീമീസ് പ്രസ്താവിച്ചു. കേരള കത്തോലിക്കര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളില്‍ കേരള കത്തോലിക്കാ സഭ ഒറ്റക്കെട്ടായി നിന്ന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് കേരളീയരുടെ ആശങ്കയും ഉത്കണ്ഠയും പ്രധാനമന്ത്രിയേയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയേയും നേരില്‍ കണ്ട് അറിയിക്കുന്നതിനായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മരിയ കലിസ്റ്റസ് സൂസപാക്യം എന്നിവര്‍ക്കൊപ്പം ഡല്‍ഹിലെത്തിരിക്കുകയാണ് താനെന്നും കര്‍ദിനാള്‍ അറിയിച്ചു.

ഡിസംബര്‍ 10 മുതല്‍ 12വരെ പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി യോഗത്തില്‍ കെ.സി.ബി.സി ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാനായി തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ്, വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായി തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബൈബിള്‍ കമ്മീഷന്‍റെ ചെയര്‍മാനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത സൂസൈപാക്യം, ഫാമിലി കമ്മീഷന്‍ ചെയര്‍മാനായി എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാനായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Source: kcbc.in , Vatican Radio,







All the contents on this site are copyrighted ©.