2013-12-16 17:42:08

പാപ്പായുടെ സമാധാനസന്ദേശം അത്യപൂര്‍വ്വം
- ബിഷപ്പ് കളത്തിപ്പറമ്പില്‍


16 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനസന്ദേശം ലോകത്ത് സാഹോദര്യത്തിന്‍റെ അലയടി ഉയര്‍ത്തുമെന്ന് പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

ഡിസംബര്‍ 15-ാം തിയതി വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, വ്യഴാഴ്ച റോമില്‍ പ്രകാശനംചെയ്യപ്പെട്ട
പാപ്പാ ഫ്രാന്‍സിസിന്‍റെ 2014-ാമാണ്ടിലെ വിശ്വസമാധാന സന്ദേശത്തെക്കുറിച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എട്ട് ഭാഗങ്ങളുള്ള പ്രബന്ധമായി പ്രകാശനംചെയ്തിരിക്കുന്ന പാപ്പായുടെ പ്രഥമ സമാധാനസന്ദേശം അപൂര്‍വ്വമാണെന്നും, സാഹോദര്യത്തിന്‍റെ കൂട്ടായ്മ ലോകത്ത് വളര്‍ത്തിയെടുക്കാതെ നീതിയും സമാധാനവും അസാദ്ധ്യമാണെന്നും വളരെ പ്രായോഗികമായും ലളിതമായും തന്‍റെ തനിമയാര്‍ന്ന ശൈലിയില്‍ പാപ്പാ സന്ദേശത്തില്‍ സമര്‍ത്ഥിക്കുന്നുവെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

ഭൂമുഖത്തുള്ള സകലരും രക്ഷണീയ പദ്ധതിയുടെ ഭാഗമായ ദൈവമക്കളാണ്, എന്ന ക്രിസ്തുശാസ്ത്രത്തെ ആധാരമാക്കിയുള്ള വിശ്വസാഹോദര്യത്തിന്‍റെ വീക്ഷണത്തിനു മാത്രമേ നീതിനിഷ്ഠവും സമത്വപൂര്‍ണ്ണവുമായ മാനവകിത വളര്‍ത്തിയെടുക്കാനും, ശാശ്വതമായ സമാധാനം മനുഷ്യന് നേടിക്കൊടുക്കുവാനും സാധിക്കുകയുള്ളൂ എന്ന ചിന്തധാരയാണ് പാപ്പായുടെ സന്ദേശത്തിന്‍റെ അന്തര്‍ദാരയെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ വ്യക്തിമാക്കി.

ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോക സമാധാനദിനത്തിന് ആമുഖമായിട്ടാണ് വത്തിക്കാന്‍ പാപ്പായുടെ സമാധാന സന്ദേശം ഡിസംബര്‍ 12-ന് റോമില്‍ പ്രകാശനംചെയ്തത്.
Reported : nellikal, vatican Radio








All the contents on this site are copyrighted ©.