2013-12-12 19:59:38

ഡോണ്‍ ബോസ്ക്കോയുടെ
രണ്ടാം ജന്മശതാബ്ദി


ഡോണ്‍ ബോസ്ക്കോയുടെ ജനനത്തിന്‍റെ രണ്ടാം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സലീഷ്യന്‍ സഭ തുടക്കമിട്ടു.
യുവാക്കളുടെ മദ്ധ്യസ്ഥനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഡോണ്‍ ബോസ്ക്കോയുടെ പൂജ്യശേഷിപ്പുകളുടെ ആഗോള തീര്‍ത്ഥാടനത്തോടെയാണ് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

സലീഷ്യന്‍ സഭാസ്ഥാപനത്തിന്‍റെ 150-ാം വാര്‍ഷികത്തില്‍, 2009-ല്‍ ട്യൂറിനില്‍നിന്നും ആരംഭിച്ച വിശുദ്ധന്‍റെ തിരുശേഷിപ്പുകളുടെ തീര്‍ത്ഥാടനം 5 ഭൂഖണ്ഡങ്ങളിലെ 130 രാജ്യങ്ങള്‍ പിന്നിട്ട് ഡോണ്‍ബോസ്ക്കോയുടെ ചൈതന്യവും ആത്മീയതയും പകര്‍ന്നുകൊണ്ട് ഡിസംബര്‍ 13-ന് ഇറ്റലിയില്‍ തിരിച്ചെത്തും.
തുടര്‍ന്ന് ജനുവരി 31-ന് ഡോണ്‍ബോസ്ക്കോയുടെ തിരുനാള്‍ദിനത്തോടെ ഒരു വര്‍ഷക്കാലും നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ തിരശ്ശില ഉയരുമെന്ന് സലീഷ്യന്‍ സഭയുടെ പ്രസ്താവന വെളിപ്പെടുത്തി.

വടക്കെ ഇറ്റലിയിലെ പിയെഡ്മൊണ്ട്-വാലെ ദി ഓസ്താ പ്രവിശ്യയും, വിശുദ്ധന്‍ ആദ്യകാല വിദ്യാഭ്യാസം നടത്തിയ കിയെരി, ജന്മസ്ഥലമായ ക്യാസില്‍നുവോവോ ഡി ആസ്തി, ഡോണ്‍ബോസ്ക്കോയുടെ വിശുദ്ധയായ അമ്മ, മമ്മാ മാര്‍ഗ്രറ്റിന്‍റെ നാട്, കപ്രീലിയോ, ട്യൂറിനില്‍ ഡോണ്‍ബോസ്ക്കോ തുടങ്ങിയ തിരുഹൃദയത്തിന്‍റെ ഇടവക, യുവജനകേന്ദ്രം എന്നിവിടങ്ങളിലേയ്ക്കും പൂജ്യശേഷിപ്പിന്‍റെ തീര്‍ത്ഥാടനം തുടരും. ട്യൂറിനിലെ കത്തിഡ്രലില്‍നിന്നും അവസാനം വാല്‍ഡോക്കോയിലുള്ള കന്യകാനാഥയുടെ ദേവാലയത്തിലേയ്ക്ക് ജനുവരി
30-ാം തിയതി നടത്തപ്പെടുന്ന പ്രദക്ഷിണത്തോടെയായിരിക്കും തിരുശേഷിപ്പിന്‍രെ തീര്‍ത്ഥാടനം സമാപിക്കുക.

2011 മെയ് 1-ന് ഡല്‍ഹിയില്‍ ആരംഭിച്ച തീര്‍ത്ഥാടനം ഭാരതത്തിലെ 11 സലീഷ്യന്‍ പ്രോവിന്‍സുകള്‍ കടന്ന് നവംബര്‍ 30-നാണ് അവസാനിച്ചത്. 1815 ആഗസ്റ്റ് 15-ന് അമലോത്ഭവനാഥയുടെ തിരുനാളില്‍ വടക്കെ ഇറ്റലിയിലെ
പിയഡ്മൊണ്ട് പ്രവിശ്യയില്‍ ബെക്കി ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് ഡോണ്‍ബോസ്ക്കോയുടെ ജനനം.
2014 ജനുവരി 31 വിശുദ്ധന്‍റെ തിരുനാളോടെ ആരംഭിക്കുന്ന ജനന്മ ശതാബ്ദി പരിപാടികള്‍ 2015 ജനുവരി 31-വരെ നീണ്ടുനില്ക്കുമെന്ന്, സലീഷ്യന്‍ സഭയുടെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.