2013-12-12 19:48:26

അമലോത്ഭവം
വിരിയിക്കുന്ന ആത്മീയാനന്ദം


9 ഡിസംബര്‍ 2013, വത്തിക്കാന്‍
ആഗമനകാലം രണ്ടാംവാരത്തില്‍ (8 ഡിസംബര്‍) പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാപ്രാഭാഷണം :
ഡിസംബര്‍ 8-ാം തിയതി, ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ചയും പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവതിരുനാളും ഒരുമിച്ചാണ് ആചരിച്ചത്. മനസ്സില്‍ തെളിയുന്നത് ദിവ്യജനനിയുടെ വ്യക്തിത്വവും അമ്മയില്‍ തിളങ്ങുന്ന കൃപയുടെ മനോഹാരിതയുമാണ്. ഏറെ സന്തോഷത്തോടെയാണ് എന്നും സഭ ‘കൃപനിറഞ്ഞവളേ,’ എന്ന് മറിയത്തെ അഭിസംബോധനചെയ്യുന്നത് (ലൂക്കാ 1, 28).
ഈ വിളി നമുക്കിന്ന് ആവര്‍ത്തിക്കാം, പരിശുദ്ധ മറിയത്തെ സ്തുതിക്കാം. “കൃപനിറഞ്ഞവളേ!”

നസ്രത്തിലെ മറിയം കൃപനിറഞ്ഞവള്‍ ആയിരിക്കണമെന്നത് ദൈവത്തിന്‍റെ അനാദി മുതലുള്ള പദ്ധതിയാണ്. നമ്മുടെ ആത്മീയ അമ്മയെ ‘ദൈവകൃപനിറഞ്ഞവളേ,’ എന്നു വിളിക്കുക,
എത്ര മനോഹരമാണ്. ക്രിസ്മസ്സിലേയ്ക്കും ക്രിസ്തുവിലേയ്ക്കുമുള്ള മനുഷ്യന്‍റെ പ്രയാണത്തെ മറിയം
എന്നും പിന്‍തുണയ്ക്കുമെന്നതില്‍ സംശയമില്ല. ക്രിസ്തുവിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആഗമനകാലം സജീവമായും ഫലവത്തായും ചിലവൊഴിക്കാന്‍ മറിയം നമ്മെ സഹായിക്കും. നമ്മിലേയ്ക്കു വരുന്ന ക്രിസ്തുവിനെ സ്വീകരിക്കാന്‍ മറിയത്തെപ്പോലെ നാമും ഒരുങ്ങേണ്ടിയിരിക്കുന്നു. ആഗമനകാലത്തെ വിശുദ്ധമായ ദിനങ്ങളില്‍ അവിടുന്നു നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും സമൂഹങ്ങളിലേയ്ക്കും ആഗതനാകും. അവിടുത്തെ സ്നേഹപൂര്‍വ്വും
നമുക്കു സ്വീകരിക്കാം.

ഇസ്രായേലിന്‍റെയും റോമന്‍ സാമ്രാജ്യത്തിന്‍റെയും വിളുമ്പിലുള്ള നസ്രത്തെന്ന ചെറുഗ്രാമത്തിലെ യുവകന്യക എന്നാണ് ലൂക്കായുടെ സുവിശേഷം മറിയത്തെ അവതരിപ്പിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഒരുക്കമായുള്ള സ്ത്രീയുടെ തിരഞ്ഞെടുപ്പില്‍ ദൈവത്തിന്‍റെ
ദൃഷ്ടി പതിച്ചത് നസ്രത്തിലെ മറിയത്തിലാണ്. ദൈവസ്നേഹത്തെയും സഹോദരസ്നേഹത്തെയും വിച്ഛേദിക്കുന്നതും, മനുഷ്യരെ ആഴമായി മുറിപ്പെടുത്തുന്നതുമായ ഉത്ഭവപാപത്തിന്‍റെ കറയില്‍നിന്നും, തന്നില്‍ നിപതിച്ച ദൈവകൃപയുടെ പ്രകാശത്താല്‍ മറിയം വിമുക്തയായിരുന്നു. മനുഷ്യരെ പാപത്തില്‍നിന്നും മോചിപ്പിക്കുവാന്‍ ആഗതനായ രക്ഷകന്‍റെ അമ്മയെ കൃപയുടെ സമൃദ്ധിയാല്‍ ദൈവം നിറച്ചിരുന്നു. അങ്ങനെ മറിയത്തിന്‍റെ അമലോത്ഭവരഹസ്യം ദൈവത്തില്‍നിന്നും ഉരുവാകുന്നതാണ്. ലോകത്തെ രക്ഷിക്കുന്ന ദൈവസ്നേഹത്തിന്‍റെ പ്രതീകവും ആദ്യഫലവുമാണ് മറിയം.

കൃപയുടെ സ്നേഹാലയത്തില്‍നിന്നും, ദൈവത്തില്‍നിന്നും മറിയം ഒരിക്കലും അകന്നുപോയിട്ടില്ല. മറിയത്തിന്‍റെ ജീവിതം മുഴുവനും ആ സ്നേഹത്തോടുള്ള ആഴമായ പ്രത്യുത്തരമായിരുന്നു.
എന്നാല്‍ അത് അത്ര എളുപ്പമാരുന്നില്ല. ‘ദൈവം അവളില്‍ പ്രസാദിച്ചിരിക്കുന്നു,’ എന്ന ദൈവദൂതന്‍റെ വാക്കുകള്‍ മറിയത്തിന് ആദ്യം അവിശ്വസനീയമായിരുന്നു. അവള്‍ അസ്വസ്ഥ ചിത്തയായി (ലൂക്കാ 1, 28)
എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. കാരണം ദൈവതിരുമുമ്പില്‍ താന്‍ ആരുമല്ലെന്ന് മറിയത്തിനറിയാമായിരുന്നു. പിന്നെ അവളെ സമാശ്വസിപ്പിക്കുവാനും ബോധ്യപ്പെടുത്തുവാനും ദൈവദൂതന്‍ പറഞ്ഞത്, “മറിയമേ, ഭയപ്പെടേണ്ട. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. ഗര്‍ഭംധരിച്ച് നീ പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന പേരിടണം” (ലൂക്കാ 1, 30-31).
ഈ പ്രസ്താവം വീണ്ടും മറിയത്തെ പരിഭ്രാന്തയാക്കി. കാരണം അവള്‍ നസ്രത്തിലെ ജോസഫിനെ ഇനിയും വിഹാഹംചെയ്തിട്ടില്ലായിരുന്നു. ദൈവദൂതന്‍ പിന്നെയും അരുള്‍ചെയ്തു.
“പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ ഇറങ്ങിവരും. അത്യുന്നതന്‍റെ ശക്തി നിന്നില്‍ ആവസിക്കും. ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും” (ലൂക്ക 1, 35). എന്നാല്‍
കേട്ടുനിന്ന മറിയം എല്ലാം ആത്മനാ സംഗ്രഹിച്ച്, ദൈവതിരുമനസ്സിന് കീഴ്വഴങ്ങിക്കൊണ്ട് പ്രത്യുത്തരിച്ചു, “ഇതാ, കര്‍ത്താവിന്‍റെ ദാസി. അങ്ങയുടെ ഹിതം എന്നില്‍ നിറവേറട്ടെ!”

നസ്രത്തിലെ കന്യകയെക്കുറിച്ചുള്ള ദൈവികരഹസ്യം നമുക്ക് അപരിചിതമാകരുത്. മറിയം അങ്ങ് ദൈവസന്നിധിയിലും, നാം ഇവിടെ ഭൂമിയില്‍ അകലെയുമാണല്ലോ എന്നും ചിന്തിക്കരുത്. ഇല്ല, നാം പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. കാരണം, മറിയത്തിലൂടെ ദൈവകടാക്ഷം
നമ്മുടെ മേലും പതിക്കുന്നുണ്ട്, ഭൂമിയിലെ ഓരോ സ്ത്രീ പുരുഷനിലും
ആ കൃപാകടാക്ഷം നിപതിക്കുന്നുണ്ട്. പൗലോസ് അപ്പസ്തോലന്‍ പറയുന്നത്,
“തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്ക്കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനു മുന്‍പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു” (എഫേസി. 1, 40).
പാപത്തില്‍നിന്നകന്ന് വിശുദ്ധമായൊരു ജീവിതം നയിക്കാനാണ് ദൈവം നമ്മെ വിളിച്ചക്കുന്നത്.
ഓരോ പ്രാവശ്യവും, വിശിഷ്യാ കൂദാശകളിലൂടെ നാം ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍, ക്രൈസ്തവജീവിതത്തിന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് ദൈവം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്.
നമ്മുടെ ജീവിതഭാഗധേയവും യഥാര്‍ത്ഥമായ വിളിയും സ്നേഹിക്കുവാനും നന്മചെയ്യുവാനും ഉള്ളതാണ്. ക്രൈസ്തവസ്നേഹത്താല്‍ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുവാനുമാണ് ഈ അമലോത്ഭവ മഹോത്സവം നമ്മെ ക്ഷണിക്കുന്നത്. ദൈവികമായ മനോഹാരിതയാല്‍ രൂപാന്തരപ്പെടുന്നതിന് നമ്മുടെ അമ്മയുടെ മാതൃകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കാം.
ആ ദിവ്യകടാക്ഷത്താല്‍ നാമേവരും എളിമയിലും വിശുദ്ധിയിലും വളരട്ടെ. അങ്ങനെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വചനമായ ക്രിസ്തുവില്‍ നാം വളരുവാന്‍ ഇടയാവട്ടെ. ആദ്യക്രിസ്മസ്സിലൂടെ നമ്മിലേയ്ക്കു വന്ന ക്രിസ്തുവിന്‍റെ സ്നേഹാശ്ലേഷം അനുദിന ജീവിതത്തില്‍ നമുക്ക് നവചൈതന്യവും, പ്രത്യാശയും സമാധനവും പകരട്ടെ!

തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ത്രികാലപ്രാര്‍ത്ഥന പരിപാടികള്‍ സമാപിച്ചത്. ഏവര്‍ക്കും അമലോത്ഭവ തിരുനാളിന്‍റെ ആശംസകള്‍ ഒരിക്കല്‍ക്കൂടി നേര്‍ന്നുകൊണ്ടാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.
Prepared : nellikal, sedoc








All the contents on this site are copyrighted ©.