2013-12-10 09:38:47

ആരാധനക്രമ സംവിധാനങ്ങള്‍
ഇസ്രായേലിന്‍റെ ദൈവവിചാരനിഷ്ഠകള്‍ (67)


RealAudioMP3
ആരാധനക്രമ സംബന്ധിയായ ഇസ്രായേലിന്‍റെ എല്ലാ കാര്യങ്ങളും ദൈവകല്പനപോലെയാണ് അവര്‍ നിര്‍വ്വഹിച്ചിരുന്നത്. ഇസ്രായേല്‍ എത്രത്തോളം ദൈവത്തോട് അടുത്തിരിക്കുന്നു എന്നാണ് പൗരോഹിത്യ പാരമ്പത്തില്‍ രൂപപ്പെട്ട ഇസ്രായേലിന്‍റെ ആചാരാനുഷ്ഠാങ്ങളുടെ സൂക്ഷ്മമായ വിവരണങ്ങള്‍ വ്യക്തമാക്കുന്നത്. ജനത്തിന്‍റെ ജീവിതവിശ്വസ്തയില്‍ പലപ്പോഴും പാളിച്ചകള്‍ വന്നുവെങ്കിലും, ഈ ചെറിയ കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന ശ്രദ്ധയും വിശ്വസ്തയും അടിസ്ഥാനപരമായി ഇസ്രായേല്‍ ദൈവത്തിന്‍റെ ജനമാണെന്നു വ്യക്തമാക്കുന്നു. ഉടമ്പടിപ്രകാരം ദൈവത്തോട് ചേര്‍ന്നിരിക്കുന്ന ജനം ആരാധനക്രമത്തിലൂടെ യാവേയോടുള്ള സമര്‍പ്പണം ഏറ്റുപറയുന്നത് ഈ ഭാഗത്തു പഠിക്കാം.

ധൂപം ഏതു സംസ്ക്കാരത്തിലും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. ഇസ്രായേല്‍ ദൈവത്തോടുകാണിച്ച സമര്‍പ്പണത്തിന്‍റെ പ്രതീകമായി പണിതീര്‍ക്കുന്ന കൂടാരത്തില്‍ സജ്ജീകരിക്കുന്ന ധൂപപീഠത്തെക്കുറിച്ച് ഗ്രന്ഥം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : “കരുവേലത്തടികൊണ്ട് അവര്‍ ധൂപപീഠം പണിതു. അതിന് ഒരു മുഴം നീളവും അത്രത്തോളം വീതിയുമുള്ള സമചതുരാമായിരുന്നു. ഉയരം രണ്ടുമുഴം. അതിന്‍റെ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ത്തിരുന്നു. തനി സ്വര്‍ണ്ണംകൊണ്ട് അവര്‍ അതിന്‍റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. മുകളിലായി ചുറ്റും സ്വര്‍ണ്ണകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു. അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും, മറുവശ്ത്തു രണടും സ്വര്‍ണ്ണവളയങ്ങള്‍ ഘടിപ്പിച്ചു. കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. മോശ തിരഞ്ഞെടുത്ത വിദഗ്ദ്ധനായ വാസ്തുകാരന്‍ ബസാലേല്‍ ബലിപീഠമുണ്ടാക്കി. പിന്നെ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.”

ഈജിപ്റ്റില്‍നിന്നും, ഇതര സംസ്ക്കാരങ്ങളില്‍നിന്നും ഇസ്രായേല്‍ സ്വീകരിച്ചതായിരിക്കണം ദഹനബലി. സീനായില്‍ അവര്‍ നിര്‍മ്മിച്ച കൂടാരത്തില്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കുന്നതിനുവേണ്ടി പ്രത്യേക ബലിപീഠവും അതിന്‍റെ ചുറ്റുവട്ടങ്ങളും ഒരുക്കുന്നതു ശ്രദ്ധിക്കാം.

“ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മ്മിച്ചു. അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരാമായിരുന്നത്. അതിന്‍റെ ഉയരം മൂന്നു മുഴവും, നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ന്നു നാലു കൊമ്പുകളും നിര്‍മ്മിച്ച് അവന്‍ അവ ഓടുകൊണ്ടു പൊതിഞ്ഞു. ബലിപീഠത്തിന്‍റെ ഉപകരണങ്ങളെല്ലാം – പാത്രങ്ങള്‍, കോരികള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ – ഓടുകൊണ്ടു നിര്‍മ്മിച്ചു. പിന്നെ ബലിപീഠത്തിന്‍റെ മുകളിലെ അരികുപാളികള്‍ക്കു കീഴില്‍ ബലിപീഠത്തിന്‍റെ മദ്ധ്യഭാഗംവരെ ഇറങ്ങിനില്‍ക്കുന്ന ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ചട്ടക്കൂടും നിര്‍മ്മിച്ചു.
തണ്ടുകള്‍ കടത്തുന്നതിന് ഓടുകൊണ്ടുള്ള ചട്ടക്കൂടിന്‍റെ നാലുമൂലകളില്‍ നാലു വളയങ്ങളും ഘടിപ്പിച്ചു. കരുവേലത്തടികൊണ്ടവര്‍ തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു. ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്‍റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍ കൊണ്ടാണു നിര്‍മ്മിച്ചത്. അതിന്‍റെ അകം പൊള്ളയായിരുന്നു. സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ ശുശ്രൂഷചെയ്തിരുന്ന സ്ത്രീകള്‍ കാഴ്ചനല്കിയ ഓട്ടു കണ്ണാടിയുപയോഗിച്ച് ക്ഷാളനപാത്രവും അതിന്‍റെ പീഠവും ബസാലേല്‍ നിര്‍മ്മിച്ചു.”

കര്‍ത്താവിന്‍റെ തിരുസാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്ന കൂടാരത്തിന് ചുറ്റുമുള്ള ഇടമാണ് കൂടാരാങ്കണം. 38, 9 കൂടാരത്തിന് ഒരു കൂടാരാങ്കണം (പുറപ്പാട് 27, 9-19) അവര്‍ അതിരുകള്‍ കെട്ടിയുണ്ടാക്കിയത് ഇങ്ങനെയാണ് പുറപ്പാടിന്‍റെ രചയിതാവ് രേഖപ്പെടുത്തിയിരിക്കുന്നത്.
“ കൂടാരത്തിന്‍റെ തെക്കുവശത്തെ മറ നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറുമുഴം നീളമുള്ളതുമായിരുന്നു.”
“ അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. വടക്കുവശത്തെ മറ
നൂറു മുഴം നീളവുമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു. പടിഞ്ഞാറുവശത്തെ മറയ്ക്ക് അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും, അത്രത്തോളംതന്നെ പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.
അങ്കണ കവാടത്തിന്‍റെ ഒരുവശത്തെ മറകള്‍ക്ക് പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.” 38, 15

അങ്കണത്തിന്‍റെ മറകള്‍ക്കനുസൃതമായി അതിന് ഇരുപതു മുഴം നീളവും, അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു. അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളി പൊതിഞ്ഞ ശീര്‍ഷകങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരിരുന്നു. കൂടാരത്തിനു ചുറ്റുമുള്ള അങ്കണത്തിന്‍റെ കുറ്റികളെല്ലാം ഒടുകൊണ്ടു നിര്‍മ്മിച്ചവയായിരുന്നു.
സാക്ഷൃകൂടാരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണ് അടുത്ത്. മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോന്‍റെ പുത്രന്‍ ഇത്താമറിന്‍റെ നേതൃത്വത്തില്‍ ലേവ്യരാണ് ഇതു തയ്യാറാക്കിയത്. യൂദാ ഗോത്രത്തില്‍പ്പെട്ട ബസാലേല്‍, കര്‍ത്താവു മോശയോടു കല്പിച്ചപ്രകാരം എല്ലാം നിര്‍മ്മിച്ചു. ദാന്‍ ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്‍റെ പുത്രന്‍ ഒഹോലിയാബ് അയാളുടെ സഹായത്തിനായും ഉണ്ടായിരുന്നു.

“ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്‍പവിദഗ്ദ്ധനും വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു. വിശുദ്ധകൂടാരത്തിന്‍റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയത് കാണിക്കസ്വര്‍ണ്ണമായിരുന്നു. വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച്, അകം ഇരുപത്തൊന്‍പതു താലന്തും എഴുന്നൂറ്റി മുപ്പതു ഷെക്കലുമാകുന്നു. ജനസംഖ്യപ്രകാരം ജനങ്ങളില്‍നിന്നു ശേഖരിച്ച വെള്ളിയും മറ്റു ലോഹങ്ങളും വിശുദ്ധമന്ദിരത്തിന്‍റെ തോതനുസരിച്ച് നൂറു താലന്തും (1175) ആയിരത്തിയെഴുന്നൂറ്റി എഴുപത്തഞ്ച് ഷെക്കലുമൂണ്ടായിരുന്നു.”
38, 26 “ഇസ്രായേല്യരില്‍ ഇരുപതുവയസ്സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന് ഒരു ബക്കാ – അല്ലെങ്കില്‍ അര ഷെക്കല്‍ കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ (6,003550) ആറുലക്ഷത്തി മൂവ്വായിരത്തി അഞ്ഞൂറ്റിയന്‍പതായിരുന്നു. വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന് പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറുതാലന്തു വെള്ളി ഉപയോഗിച്ചു. (1775) ആയിരത്തിയെഴുന്നൂറ്റി എഴുപത്തിയഞ്ചു ഷെക്കല്‍ വെള്ളികൊണ്ട് തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷകങ്ങള്‍ പൊതിയുകയും ചെയ്തു. കാണിക്കയായി ലഭിച്ച ഓട് എഴുപതു താലന്തും, രണ്ടായിരിത്തി നാന്നൂറു ഷെക്കലുമാണ്. അതുപയോഗിച്ച് അവര്‍ സമാഗമകൂടാരത്തിന്‍റെ വാതിലിന് പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിന്‍റെ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും കൂടാരാങ്കണത്തിനു ചുറ്റുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിന്‍റെ പാദകുടങ്ങളും കൂടാരത്തിന്‍റെയും ചുറ്റുമുള്ള അങ്കണത്തിന്‍റെയും കുറ്റികളും നിര്‍മ്മിച്ചു.”

പുതിയ നിയമത്തിലേയ്ക്കും അതിലെ രക്ഷാകര സംഭവങ്ങളിലേയ്ക്കും പരോക്ഷമായി വെളിച്ചംവീശുന്ന ഗ്രന്ഥമാണ് പുറപ്പാട്. ഇസ്രായേലിന്‍റെ പൗരോഹിത്യ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന ആരാധനക്രമ സംവിധാനങ്ങള്‍ ജരൂസലേം ദേവാലയത്തിലേയ്ക്കും ക്രിസ്തുവിന്‍റെ കാലത്തേയ്ക്കും, പിന്നെ ഇസ്രായേല്‍ ജനത്തിന്‍റെ അനുദിന ജീവിതത്തിലെയ്ക്കു തന്നെയും അനുവാചകരെ കൊണ്ടെത്തിക്കുന്നു. ഗ്രന്ഥത്തിന്‍റെ അവസാന ഭാഗത്തേയ്ക്കു കടക്കുന്തോറും, ഇസ്രേയേല്‍ ജനത്തിന്‍റെ വിമോചനകഥയും, മോശയുടെ നേതൃത്വത്തിലുള്ള മരുഭൂമികടക്കലും, കല്പനകളുടെ സ്വീകരണവുമെല്ലാം പുതിയ നിയമത്തിലെയ്ക്ക് വിരല്‍ചൂണ്ടുന്നതും, എല്ലാം അവിടെ പുനരാവിഷ്ക്കരിക്കപ്പെടുന്നത് ഇനിയും അടുത്തഭാഗത്ത് മനസ്സിലാക്കാം.
Prepared by nellikal, Radio Vatican










All the contents on this site are copyrighted ©.