2013-12-07 09:55:51

മനുഷ്യാന്തസ്സിന്‍റെ മഹാത്മാവിന്
പാപ്പായുടെ ആദരാഞ്ജലി


10 ഡിസംബര്‍ 2013, വത്തിക്കാന്‍
വര്‍ണ്ണവിവേചനത്തിന്‍റെ പോരാളിയും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവുമായ അന്തരിച്ച നെല്‍സണ്‍ മണ്ടേലയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ആദരാഞ്ജലിയര്‍പ്പിച്ചു. ഡിസംബര്‍ 5-ാം തിയതി വ്യാഴാഴ്ച രാത്രി,
95-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ തലസ്ഥാന നഗരമായ ജൊഹാന്നസ്ബര്‍ഗ്ഗിലെ ആശുപത്രിയിലായിരുന്നു മണ്ടേലയുടെ അന്ത്യം. പ്രസിഡന്‍റ് ജേയിക്കബ് സുമോയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് ജനനേതാവിന് പാപ്പാ ആദരാഞ്ജലി അര്‍പ്പിക്കുകയും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥനനേരുകയും ചെയ്തത്. മനുഷ്യാന്തസ്സു നേടിയെടുക്കാന്‍ നീതിയും പൊതുനന്മയും, അഹിംസാ മാര്‍ഗ്ഗവും ജീവിത ലക്ഷൃമാക്കിയ മഹാത്മാവാണ് നെല്‍സണ്‍ മണ്ടേലയെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

സ്വാതന്ത്ര്യത്തിനായുള്ള പ്രയാണത്തില്‍ ആയുസ്സുന്‍റെ 27 വര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1990-ല്‍ സ്വതന്ത്രനായത് നാടിന്‍റെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലേയ്ക്കായിരുന്നു. നിരായുധീകരണത്തിലൂടെയും സമാധാന സംവാദത്തിലൂടെയുമാണ് മണ്ടേലാ ജനങ്ങളെ സ്വാതന്ത്ര്യത്തിലേയ്ക്കും ജനാധിപത്യ സംവിധാനത്തിലേയ്ക്കും നയിച്ചത്. സ്വാതന്ത്ര്യത്തിനായി വൈദേശിക ശക്തികളോടുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ജനതയെക്കൊണ്ട് ആയുധങ്ങള്‍ അടിയറവച്ച് അവരെ സമാധാനത്തിന്‍റെ പാതയിലൂടെ നയിക്കാന്‍ മണ്ടേലയ്ക്കു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിജയം. 1994-ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ കാലയളവില്‍ നാടിനെ ജനാധിപത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെ ശാന്തമായ അന്തരീക്ഷത്തില്‍ എത്തിക്കാന്‍ മണ്ടേലയ്ക്കു സാധിച്ചു. 1999-ല്‍ വിരമിച്ചെങ്കിലും ഇതര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ലോകത്തെ ഭരണകൂടങ്ങള്‍ക്കും മാന്യനും ആദര്‍ശധീരനുമായ രാഷ്ട്രനേതാവിന്‍റെ മാതൃക കാണിച്ചുകൊണ്ടാണ് നെല്‍സണ്‍ മണ്ടേല വടവാങ്ങിയത്.

1918-ല്‍ ദക്ഷിണാഫ്രിക്കായുടെ കിഴക്കന്‍ പ്രവിശ്യയിലെ മേസ്സോ ഗ്രാമത്തിലെ മടീബാ ഗോത്രത്തിലാണ് റൊളിലാ മണ്ടേലായുടെ ജനനം. ചെറുപ്പത്തിലെ പിതാവു മരിച്ചു. പിന്നെ ഗോത്രത്തലവനാണ് മണ്ടേലയെ വളര്‍ത്തിയത്. പ്രാഥമിക വിദ്യാഭ്യാസ കാലത്താണ് നെല്‍സണ്‍ എന്ന ക്രൈസ്തവ നാമം സ്വീകരിച്ചത്. വര്‍ണ്ണവിവേചനത്തിന്‍റെ സാമൂഹ്യചുറ്റുപാടില്‍ മണ്ടേലയ്ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. എങ്കിലും സ്വന്തമായി അദ്ദേഹം പഠനം തുടര്‍ന്നു. 1956-ല്‍ വിവേചനത്തിനെതിയെ ശബ്ദമുയര്‍ത്തിയ മണ്ടേലയെ രാജ്യദ്രോഹക്കുറ്റത്തിനാണ് ആദ്യമായി ബന്ധിയാക്കിയത്. 1964-ല്‍ വിമുക്തനായെങ്കിലും, വീണ്ടും നീണ്ട ജയില്‍വാസത്തിനായി വിധിക്കപ്പെട്ടു. 1990-ല്‍ പുറത്തുവന്ന മണ്ടേലായ്ക്ക് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയാണ് സൗത്ത് ആഫ്രിക്കന്‍ ജനതയെ സ്വാതന്ത്ര്യത്തിലേയ്ക്കും, ജനാധിപത്യത്തിലേയ്ക്കും നയിക്കാന്‍ സാധിച്ചത്.

ഭരണകാലത്തും അല്ലാതെയും എന്നും മനുഷ്യസ്നേഹിയായിരുന്ന മണ്ടേലാ ലോക സമാധാനത്തിന്‍റെയും അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും പ്രയോക്താവായിരുന്നു. 1994-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിച്ചു.

മണ്ടേലയുടെ അന്തിമോപചാര ശുശ്രൂഷകള്‍ ലോക രാഷ്ട്രത്തലവന്മാരുടെ സാന്നിദ്ധ്യത്തില്‍ ദേശീയ ബഹുമതികളോടെ ഡിസംബര്‍ 10-ാം തിയതി ചെവ്വാഴ്ച യോഹന്നസ്ബര്‍ഗിലെ സൊവേത്തോ ദേശീയ സ്റ്റേഡിയത്തില്‍ നടത്തപ്പെടും. പൊതുദര്‍ശനത്തിനായി പ്രൊട്ടോറിയായിലെ ഐക്യത്തിന്‍റെ മന്ദിരത്തില്‍ മൂന്നു ദിവസം സൂക്ഷിക്കും. തുടര്‍ന്ന് ജന്മസ്ഥലമായ കിഴക്കന്‍ കേപ്പ് നഗരത്തിലെ ക്വിനു ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോകുമെന്നും, അവിടെ ഡിസംബര്‍ 15-ാം തിയതി ഞായറാഴ്ച പൂര്‍വ്വീകരുടെ കല്ലറകളില്‍ നാടിന്‍റെ പ്രിയ മഡീബ അന്ത്യവിശ്രമംകൊള്ളുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.