2013-12-07 12:20:09

അനുതപിക്കുവിന്‍ വഴിയൊരുക്കുവിന്‍!
ആഗമനകാലം രണ്ടാം വാരം


RealAudioMP3
വിശുദ്ധ മത്തായി 3, 1-12
അക്കാലത്ത് സ്നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു. മാനസാന്തരപ്പെടുവിന്‍. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകന്‍വഴി ഇങ്ങനെ അരുള്‍ച്ചെയ്തിരിക്കുന്നു. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം – കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍റെ ഭക്ഷണം. ജരൂസലേമിലും യൂദയാ മുഴുവനിലും ജോര്‍ദ്ദാന്‍റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്‍റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നും സ്നാനം സ്വീകരിച്ചു.
അനേകം ഫരീസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു. അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്. മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്ക് പിതാവായി അബ്രാഹം ഉണ്ട് എന്നു പറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും. മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്നാല്‍ എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ അഗ്നിയാലും പരിശുദ്ധാത്മാവിനാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്‍റെ കൈയിലുണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും, പതിര്‍ കെടാത്ത തീയില്‍ കത്തിച്ചു കളയുകയും ചെയ്യും.

വിശ്വത്തര ചിത്രകാരന്‍ ലിയനാര്‍ഡോ ദാ വീഞ്ചിയുടെ ജീവിതത്തിലെ സംഭവമാണ്. ‘അന്ത്യത്താഴം’ എന്ന പ്രശസ്ത ചുവര്‍ച്ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു ലിയനാര്‍ദോ ദാ വീഞ്ചി. പണിസ്ഥലത്തേയ്ക്ക് ഇടയ്ക്കു കയറിവന്ന സന്ദര്‍ശകനോട് ഏറെ ദ്വേഷ്യപ്പെട്ടു. ജോലി തടസ്സപ്പെടുത്തിയതിലും ഭാവനില തെറ്റിച്ചു കളഞ്ഞതിലുമുള്ള കലാകാരന്‍റെ അമര്‍ഷം തീ പാറുന്ന വാക്കുകളായിട്ടാണ് പുറത്തുവന്നത്. സന്ദര്‍ശകന്‍ വിഷമിച്ച്, എന്തു പറയണമെന്നറിയാതെ ഉടനടി സ്ഥലംവിട്ടു. ദാ വിഞ്ചി വീണ്ടും നിറക്കൂട്ട് കയ്യിലെടുത്തെങ്കിലും ഒന്നും ചെയ്യാനാവാതെ വിഷമിച്ചു.. ബ്രഷ് താഴെയിട്ടിട്ട് അദ്ദേഹം പുറത്തേയ്ക്കോടി. തന്‍റെ പ്രതികരണത്തില്‍ മനംനൊന്ത സന്ദര്‍ശകന്‍ തലതാഴ്ത്തി നടന്ന് അകലുന്നത് കാണാമായിരുന്നു. ഓടിച്ചെന്ന് അയാളുടെ കരങ്ങള്‍ ഗ്രസിച്ചിട്ട് പറഞ്ഞു, “ക്ഷമിക്കണം. ഞാന്‍ വേദനിപ്പിച്ചെന്നറിയാം. അപ്പോഴത്തെ ക്ഷോഭത്തിനങ്ങനെ പറഞ്ഞപോയതാണ്. മാപ്പാക്കണം.” പിന്നെ അവര്‍ രണ്ടുപേരും ഉറ്റസുഹൃത്തുക്കളായി. തിരിച്ചുവന്ന ദാ വിഞ്ചി ക്രിസ്തുവിന്‍റെ പ്രസന്നവും ദൈവികവുമായ മുഖമാണ് അന്ത്യത്താഴത്തിന്‍െ കേന്ദ്രസ്ഥാനത്ത് പിന്നെ നിറക്കൂട്ടില്‍ തീര്‍ത്തതെന്ന് ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ദൈവരാജ്യം സമീപസ്ഥമാകയാല്‍ അനുതപിക്കുക,” എന്ന സ്നാപകയോഹന്നാന്‍റെ വാക്കിനെ ഇന്ന് ഇങ്ങനെ വ്യാഖ്യാനിക്കാം, ഇതാ, മറ്റൊരു ക്രിസ്തുമസ് സമീപസ്ഥമായിരിക്കുന്നു. അനുതപിക്കുക. ദാ വിഞ്ചി അനുതപച്ച് രമ്യതപ്പെട്ട് ക്രിസ്തുരൂപം മനോഹരമായി ചിത്രീകരിച്ചതുപോലെ, അനുവദിച്ചാല്‍ നമ്മുടെയും ഹൃദയങ്ങളിലും കുടുംബങ്ങളിലും ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

‘കര്‍ത്താവിനു വഴിയൊരുക്കുക.’ അതായത് തിന്മയില്‍നിന്ന് പിന്തിരിയുകയാണ് ക്രിസ്തുവിനായുള്ള ആദ്യത്തെ ഒരുക്കം. ഇതാണ് അനുതാപത്തിന്‍റെ ആദ്യപടി. ‘അനുതപിക്കുക’ എന്നതിനുള്ള ഗ്രീക്കുപദം metanoia എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ മറുവശത്തേയ്ക്കു പോകുക. To cross over എന്നാണര്‍ത്ഥം. മറുകണ്ടം ചാടുക. ‘U’ turn എന്നു പറയാം. മറുവശത്തു ചെന്നു നോക്കുമ്പോള്‍ അതുവരെ ഇടതുഭാഗത്തായിരുന്നത് വലതുഭാഗത്തായും, വലതുഭാഗത്തായിരുന്നത് ഇടതുഭാഗത്തായും കാണാം. അതുവരെ തെറ്റായിരുന്നത് ഇപ്പോള്‍ ശരിയാണ്. ശരിയായിരുന്നത് ഇപ്പോള്‍ തെറ്റെന്നും ബോധ്യപ്പെടും. അപരന്‍റെ പക്ഷംചേരുക, പിന്നെ അവിടെ നിന്നു നോക്കുമ്പോള്‍ അത് നന്മയുടെ കാഴ്ചപ്പാടായിരിക്കും, ദൈവിക കാഴ്ചപ്പാടായിരിക്കും,.

പശ്ചാത്താപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. ജീവിത വീക്ഷണത്തില്‍ വന്ന മാറ്റം പ്രവൃത്തിയില്‍ പ്രകടിപ്പിക്കുക. You should be upright, you should live uprightly. നീതിമാന്മാരായിരുന്നാല്‍ പോരാ, നീതിയോടെ ജീവിക്കണം. നീതിയ്ക്കുചേരുന്ന പ്രവൃത്തികള്‍ നമ്മില്‍നിന്നും ഉണ്ടാകണമെന്നു സാരം. ഒരുങ്ങിയിരിക്കുന്ന ഹൃദയങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും ക്രിസ്തു കടന്നുവരുന്നു. കാരണം, ക്രിസ്തുവിലൂടെ വഴി ഒരുങ്ങിയിരിക്കുന്നു. ഊടുവഴികള്‍ നിരപ്പായിരിക്കുന്നു. നമ്മുടെ ജീവിതപാത നേരെയാണെങ്കില്‍, തിന്മയുടെ ഊടുവഴികള്‍ നന്മയുടെ നിരപ്പാതകളായി രൂപാന്തരപ്പെടുമെങ്കില്‍ സംശയമില്ല. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കും, നമ്മുടെ ചെറു ജീവിതക്കുടിലുകളില്‍ അവിടുന്നു വന്നുവാഴുമെന്നും ഉറപ്പാണ്.

മത്തായിയിലും മാര്‍ക്കോസിലും കാണുന്ന ദൈവരാജ്യത്തിന്‍റെ പ്രഘോഷണത്തിന് അല്പം അന്തരമുണ്ട്. ‘അനുതപിക്കുക. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു’ എന്ന് മത്തായി വിവരിക്കുമ്പോള്‍, മാര്‍ക്കോസില്‍ ഒരട്ടിമറിയാണ് കാണുന്നത്. ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കുക.’
പഴയനിയമത്തിന്‍റെ ഫോര്‍മുലയാണ് മത്തായി ഉപയോഗിക്കുന്നത്. പ്രവാചക ശൈലിയാണത്. അനുതപിക്കുന്നവര്‍ക്ക് ദൈവരാജ്യം അഥവാ ദൈവം സമീപസ്ഥനാണ്. ‘അനുതപിക്കുക’ എന്ന വ്യവസ്ഥ ആദ്യം പറഞ്ഞിരിക്കുന്നു. എന്നാല്‍ മാര്‍ക്കാസില്‍ വ്യവസ്ഥയൊന്നുമില്ല. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവസ്നേഹം ഇതാ, പ്രവഹിക്കുന്നു. ആ സ്നേഹത്തിന്‍റെ കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ആ സ്നേഹപ്രവാഹത്തില്‍ മനുഷ്യമനസ്സുകളുടെ മാനസാന്തരം യാഥാര്‍ത്ഥ്യമാകുന്നു, എന്നാണ് മാര്‍ക്കോസ് വിവക്ഷിക്കുന്നത്.

ഡിസംബറിലെ പരീക്ഷയ്ക്ക് പഠിക്കാന്‍ തെല്ലുനേരത്തേ എഴുന്നേറ്റ് പുസ്തകം തുറന്നുവച്ച് മടിച്ചിരിക്കുമ്പോള്‍ മകര മഞ്ഞുവീണ നാട്ടുവഴികളില്‍നിന്ന് ശരണംവിളികള്‍ കേള്‍ക്കുന്നു. കറുത്തവേഷ്ടി ചുറ്റി, ശിരസ്സില്‍ ഇരുമുടിക്കെട്ടുമായി മലയ്ക്കുപോകുന്ന സ്വാമികള്‍! ഒരാത്മീയ സ്പര്‍ശത്തില്‍ അറിയാതെ കരങ്ങള്‍ കൂപ്പി നിന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിന്‍റെ പൊരുള്‍ പിന്നീടാണ് മനസ്സിലായത്. ചെറിയ കെട്ട് സുകൃതങ്ങളുടേത്, വലുത് അറിഞ്ഞും അറിയാതെയും ചെയ്തുപോയ അപരാധങ്ങളുടേതും. നരജന്മ നിയോഗത്തിന്‍റെ ഒരപൂര്‍വ്വ ചാരുതയുള്ള ചിത്രമാണിത്. ഇടര്‍ച്ചകളുടെ താഴ്വാരങ്ങളില്‍നിന്ന്, പുണ്യപാപങ്ങളുടെ അദൃശ്യകെട്ടുമുറുക്കി ദൈവദര്‍ശനത്തിന്‍റെ മല ചവിട്ടാന്‍ കൊതിക്കുന്ന പാവം മനുഷ്യന്‍റെ തീര്‍ത്ഥയാത്ര. ആഗമനകാലത്തിന്‍റെ ആദ്യദിനങ്ങളില്‍ കര്‍ത്താവിന് വഴിയൊരുക്കാന്‍ ‘താഴ്വാരങ്ങള്‍ ഉയര്‍ത്തണം,’ എന്ന സ്നാപകയോഹന്നാന്‍റെ പ്രബോധനം ശ്രവിക്കുമ്പോള്‍ വൃശ്ചിക പുലരിയുടെ വ്രതശുദ്ധിയുള്ള ആ പഴയദൃശ്യം ഗൃഹാതുരതയോടെ ഇന്നും ഓടിയെത്തുന്നു.

മലകള്‍ എന്നും മനുഷ്യമനസ്സുകളുടെ ഏറ്റവും പവിത്രമായ സ്വപ്നമാണ്. ദൈവത്തിന്‍റെ വിശുദ്ധഗിരികള്‍! മോശയ്ക്ക് അത് സീനായ് മലയും, ക്രിസ്തുവിന് അത് താബോര്‍ മലയും, ഫ്രാന്‍സിസിന് അത് അല്‍വേര്‍ണാ, ജോണ്‍ ഓഫി ദി ക്രോസിന് കാര്‍മ്മല്‍, നരേന്ദ്ര സ്വമികള്‍ക്ക് ഋഷികേശ് ആണെങ്കില്‍, എന്തിന് മലയാളികള്‍ക്ക് മലയാറ്റൂരും, ശബരിഗിരിയും.....
ഈ മലയില്‍നിന്ന് ചില നേരങ്ങളില്‍ മനുഷ്യമനസ്സുകള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ അതിനെ പാപമെന്ന് വിളിക്കുന്നു. എപ്പോഴോ ദൈവത്തില്‍നിന്ന് ഇടറിപ്പോയ ആത്മാവ് നിലവിളിക്കുന്നു – “അഗാധത്തില്‍നിന്നു നിന്നെ വിളിക്കുന്നു ഞാന്‍. ദൈവമേ, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ...” (സങ്കീര്‍ത്തനം 130, 1).

താഴ്വാരം കാല്പനികതയുടെ മനോഹരമായ ഒരടായാളമാണ്. മഞ്ഞുവീണ താഴ്വാരം, എന്നു കേള്‍ക്കുമ്പോള്‍തന്നെ മനസ്സിലൊരു കുളിരുവീശുന്നുണ്ട്. എന്നാല്‍, ബൈബിള്‍ ഭാഷ്യത്തില്‍ അത് തെറ്റുചെയ്തവന്‍ അനുഭവിക്കുന്ന ആന്തരിക വ്യഥയാണ്. ഇരുളുവീണ താഴ്വാരമെന്നും, മരണത്തിന്‍റെ ഗര്‍ത്തമെന്നുമൊക്കെ വായിക്കുമ്പോള്‍ അത് ഒരാത്മാവ് കടന്നുപോകുന്ന വേദനയില്‍ വിറങ്ങലിച്ച നിമിഷങ്ങളുടെ അക്ഷരസാക്ഷൃമാണ്. പാപത്തെക്കുറിച്ച് ഇങ്ങനെയും നിര്‍വ്വചനമുണ്ട് –
sin is a descending process. പാപം താഴ്വാരങ്ങളിലേയ്ക്കുള്ള പടിയിറക്കമാണ് എന്നര്‍ത്ഥം. പാപത്തിന്‍റെ നിമിഷങ്ങളില്‍ ഓരോ ചുവട് താഴോട്ടാണ്. ധൂര്‍ത്തപുത്രന്‍റെ കഥയെടുക്കുക. അത് താഴോട്ട് ചായുന്ന ഒരാത്മീയ ഗ്രാഫിന്‍റെ സൂചനതന്നെ. ആദ്യം അപ്പന്‍റെ സ്നേഹവലയത്തില്‍നിന്ന് പടിയിറങ്ങുന്ന ആ മകന്‍ സ്നേഹിതരിലേയ്ക്ക് എത്തുന്നു. പിന്നെ അവരില്‍നിന്ന് അപരിചിതരിലേയ്ക്ക്. കഥ അവസാനിക്കുമ്പോള്‍ അയാള്‍ പന്നിക്കൂട്ടത്തിലാണ്. ഓരോ നിമിഷവും ഓരോ പടവ് താഴോട്ട്....
Sin shall shrink you always. പാപം എപ്പോഴും എന്നെ ചെറുതാക്കുകയാണ്, ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യമോ വൈരൂപ്യമോ അജ്ഞതയോ അല്ല മനുഷ്യനെ ചെറുതാക്കുന്നത്. അവന്‍റെ ഇടറിപ്പോയ നിമിഷങ്ങളാണ്. ദൈവരാജ്യത്തിന്‍റെ ഭാഗമായിരിക്കാന്‍ നമുക്ക് അനുതാപത്തോടെ ക്രിസ്തുമസ്സിന് ഒരുങ്ങാം. ക്രിസ്തുവിന്‍റെ മിഴികളില്‍ നോക്കി ഉയര്‍ത്തെഴുന്നേല്‍ക്കാനും, ഉയര്‍ന്നു നില്ക്കുവാനുള്ള ആത്മവിശ്വാസവും ശക്തിയുമാണ് വിശുദ്ധി.
ഈ പുണ്യകാലം അതിനു നമ്മെ സഹായിക്കട്ടെ.
Prepared by Nellikal, sedoc









All the contents on this site are copyrighted ©.