2013-12-05 20:25:30

ജര്‍മ്മനിയില്‍നിന്നും
‘ക്രിസ്മസ് ട്രീ’


5 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാനിലെ പുല്‍ക്കൂടിന് അലങ്കാരമായി ജര്‍മ്മനിയില്‍നിന്നുമുള്ള ക്രിസ്മസ്മരം എത്തി.

ജര്‍മ്മനിയിലെ ബവേറിയന്‍ കുന്നുകളില്‍നിന്നും 80 അടി ഉയരമുള്ള സ്പ്രൂസ് ഇനത്തില്‍പ്പെട്ട വന്‍വൃക്ഷമാണ് ‘ക്രിസ്തമസ്സ് ട്രീ’യായി റോഡുമാര്‍ഗ്ഗം വത്തിക്കാനില്‍ എത്തിയത്. വാള്‍മുഞ്ചേനു എന്ന ബവേറിയന്‍ ഗ്രാമീണര്‍ പാപ്പാ ഫ്രാന്‍സിസിനു നല്കുന്ന ക്രിസ്മസ് സമ്മാനമാണിത്. മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജന്മനാടായ ബവേറിയയില്‍നിന്നും ഡിസംബര്‍ 6-ാം തിയതി എത്തിക്കുമെന്ന് പദ്ധതിയിട്ട ക്രിസ്തുമസ് ട്രീ നേരത്തേതന്നെ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നെന്ന് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന അറിയിച്ചു. മൂടല്‍മഞ്ഞ് കുറഞ്ഞ സമയം നോക്കി രണ്ടു സ്റ്റോപ്പുകള്‍ - റിജെന്‍സ്ബര്‍ഗ്, മൊണാക്കോയും കഴിഞ്ഞ് ട്രെയിലര്‍ ട്രക്ക്, ഡിസംബര്‍ 5-ന് രാവിലെ വത്തിക്കാനിലെത്തി. ട്രീ വത്തികാന്‍ ഗവര്‍ണറേറ്റ് ജോലിക്കാരും, ബവേറിയയില്‍ നിന്നെത്തിയവരും ചേര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഉയര്‍ത്തിക്കഴിഞ്ഞു.

തെക്കെ ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലെ കലാകാരന്മാരാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വലിയ പുല്‍ക്കൂടിന്‍റെ നിര്‍മ്മാണം ഇക്കുറി നടത്തുന്നത്. ‘ഫ്രാന്‍സിസ് 1223 – ഫ്രാന്‍സിസ് 2013’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണത്തെ ക്രിബ് ചത്വരത്തില്‍ തയ്യാറാകുന്നത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യക്രിബ്ബിന്‍റെ ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ടാണ് നേപ്പിള്‍സിലെ കലാകാരന്മാരാണ് 2013-ല്‍ വത്തിക്കാനില്‍ നിര്‍മ്മിക്കുന്ന വിപുലമായ പുല്‍ക്കൂട് പാപ്പാ ഫ്രാന്‍സിസിന് സമര്‍പ്പിക്കുന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

നേപ്പിള്‍സിന്‍റെ സാംസ്ക്കാരിക പൈതൃകത്തിലൂടെ ക്രിസ്തുവിന്‍റെ തിരുപ്പിറവി പ്രഘോഷിക്കുവാന്‍ 1 അടിമുതല്‍ 6 അടിവരെ വലുപ്പമുള്ള മണ്‍പ്രതിമകള്‍, ശില്പകലയിലും മണ്‍പ്രതിമകളുടെ നിര്‍മ്മാണത്തിലും നൂറ്റാണ്ടുകളുടെ പാരമ്പര്യവും പരിചയവും സാമര്‍ത്ഥ്യവുമുള്ള കലാകാരന്മാര്‍ (cantone & constabile) ഒരുക്കുമെന്നും പ്രസ്താവന അറിയിച്ചു.

ഡിസംബര്‍ 13-ന് സായാഹ്നത്തില്‍ ക്രിസ്മസ് ട്രീയും, 24-ാം തിയതി വൈകുന്നേരം ക്രിബ്ബും ഉദ്ഘാടനംചെയ്യപ്പെടും.
Reported : nellikal, sedoc








All the contents on this site are copyrighted ©.