2013-12-01 10:26:08

സുവിശേഷസന്ദേശത്തെ
സാമൂഹിക ചിന്താധാരയാക്കരുത്


1 ഡിസംബര്‍ 2013, വെനിസ്വേല
പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ക്രിസ്തു കേന്ദ്രീകൃതമായിരിക്കണമെന്ന്, വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി ഉദ്ബോധിപ്പിച്ചു. നവംബര്‍ 26-ാം തിയതി വെനിസ്വേലയില്‍ ആരംഭിച്ച 4-ാമത് അമേരിക്കന്‍ മിഷണറി കോണ്‍ഗ്രസ്സിന്‍റെയും 9-ാമത് ലാറ്റിനമേരിക്കന്‍ മിഷണറി കോണ്‍ഗ്രസ്സിന്‍റെയും സംയുക്തസമ്മേളനത്തെ അഭിസംബോധനചെയ്യവേയാണ്, കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്.

സുവിശേഷസന്ദേശത്തെ സാമൂഹീക ചിന്താധാരയോ മനഃശ്ശാസ്ത്ര മിമാംസയോ ആക്കുവാനും, വ്യാഖ്യാനങ്ങളിലൂടെ ബൗദ്ധിക കസറത്തു കാണിക്കുവാനും ശ്രമിക്കുന്ന പ്രവണതയെ കര്‍ദ്ദിനാള്‍ പ്രഭാഷണത്തില്‍ അപലപിച്ചു.
ക്രിസ്തു നിരന്തരമായി പിതാവുമായി ബന്ധപ്പെട്ടുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് തന്‍റെ പരസ്യജീവിതം നയിച്ചതും, അവസാനം പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കിയതും. ഇന്നിന്‍റെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഫലമണിയാനും വചനം ശ്രവിക്കുന്നവര്‍ ജീവിതത്തില്‍ അതിന്‍റെ സന്തോഷം അനുഭവിക്കാനും ഇടയാകണമെങ്കില്‍ ക്രിസ്തു കേന്ദ്രീകൃതമായൊരു പ്രേഷിതപ്രവര്‍ത്തന ശൈലി അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ ഫിലോണി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.


നവംബര്‍ 26-ന് ആരംഭിച്ച സമ്മേളനം ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച സമാപിക്കും. അമേരിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുംമായി 4000-പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മതേതരവും ബഹുസാംസ്ക്കാരികവുമായ ഇന്നത്തെ ലോകത്തെ പ്രേഷിതപ്രവര്‍ത്തനം, എന്ന വിഷയവുമായിട്ടാണ് ഇക്കുറി അമേരിക്കയിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മിഷണറിമാര്‍ വെനിസ്വേലയില്‍ സമ്മേളിച്ചിരിക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.