2013-12-01 10:53:40

മൂല്യങ്ങളുടെ വിട്ടുവീഴ്ച
സംവാദമോ സൗഹാര്‍ദ്ദമോ അല്ല


1 ഡിസംബര്‍ 2013, വത്തിക്കാന്‍
വൈവിധ്യങ്ങളുടെ ആദരപൂര്‍വ്വകമായ സഹവാസമാണ് മതസൗഹാര്‍ദ്ദമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
വത്തിക്കാനില്‍ സമ്മേളിച്ച മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ
സമ്മേളനത്തെ നവംബര്‍ 28-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്യവേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സ്വന്തം വിശ്വാസത്തിന്‍റെ തനിമയും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതോ, ജീവിക്കുന്ന വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതോ സംവാദമല്ലെന്ന് പ്രഭാഷണത്തില്‍ പാപ്പാ വ്യക്തമാക്കി.
മതങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ടായിരിക്കെ, ഇന്ന് ലോകത്ത് വളര്‍ന്നുവരുന്ന മൗലികവാദവും പീഡനങ്ങളും കണക്കിലെടുക്കുമ്പോള്‍ അവ തമ്മില്‍ സൗഹാര്‍ദ്ദപരമായ സാഹോദര്യം നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം തുറവുള്ളതും ആത്‍മാര്‍ത്ഥവുമായ സംവാദമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സന്തോഷത്തോടുകൂടെയും വ്യക്തമായും സ്വന്തം വിശ്വാസത്തിലും ബോധ്യങ്ങളിലും അടിയുറച്ചുനിന്നുകൊണ്ട്, വിശ്വാസപരമായി നമ്മില്‍നിന്നും വ്യത്യസ്തരായ വ്യക്തികളോടും സമൂഹങ്ങളോടും ആദരവോടെ സാഹോദര്യത്തില്‍ വളര്‍ത്തിയെടുക്കുന്ന കൂട്ടായ്മയാണ് മതസൗഹാര്‍ദ്ദമെന്ന് (സുവിശേഷ സന്തോഷം 250) പാപ്പാ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു. വിവിധ മതപാരമ്പര്യങ്ങളുമായി ആദരവും സൗഹൃദവും വളര്‍ത്തിയെടുക്കുന്നതില്‍ കത്തോലിക്കാ സഭ ഏറെ വിലകല്പിക്കുന്നുണ്ട്. കൂടിയേറ്റത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും പ്രകൃയയില്‍ ലോകം ചെറുതായിത്തീരുകയും, ആഗോളഗ്രാമമായി പരിണമിക്കുകയാണ്. വ്യക്തികളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും മതങ്ങളും സംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും തമ്മില്‍ പരസ്പരബന്ധം പുലര്‍ത്തി മുന്നേറാനുള്ള സാദ്ധ്യതകളും ഇതോടെ വര്‍ദ്ധിച്ചുവരികയാണ്. അങ്ങനെയുള്ള ലോകത്ത് ക്രിസ്തീയ മനഃസാക്ഷിയും മൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് മതങ്ങള്‍തമ്മില്‍ സൗഹാര്‍ദ്ദവും സാഹോദ്യര്യവും പുലര്‍ത്തുകയെന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ടുതന്നെ മുന്നേറണമെന്ന് നവംബര്‍ 25-ന് ആരംഭിച്ച്
28-ാം തിയതി വ്യാഴാഴ്ച സമാപിച്ച സമ്മേളനത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.