2013-11-28 18:22:31

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി
പ്ലാസിഡ് പ്രഭാഷണം ഉദ്ഘാടനംചെയ്തു


28 നവംബര്‍ 2013, റോം
പൗരസ്ത്യസഭകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഫാദര്‍ പ്ലാസിഡ് സിഎംഐ ‘സഭയുടെ അപ്രഖ്യാപിത സഭാ പിതാവാ’ണെന്ന് ആമുഖമായി പ്രസ്താവിച്ചുകൊണ്ടാണ് സീറോമലബര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി പ്ലാസിഡ് പ്രഭാഷണ പരമ്പര ഉദ്ഘാടനംചെയ്തത്. റോമില്‍ പൗരസ്ത്യസഭകളുടെ കാര്യാലയത്തില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും സീറോ മലബാര്‍ സഭയുടെ തനിമയും ഭാരതീയ സ്വാഭാവവും സ്വപ്നംകണുകയും അത് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു പ്ലാസിഡച്ചനെന്നും എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രസ്താവിച്ചു. നവംബര്‍ 27-ാം തിയതി റോമിലെ ചാവറ സെന്‍ററില്‍ പ്ലാസിഡ് പ്രഭാഷണം ഉദ്ഘാടനംചെയ്യവേയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്ലാസിഡ് അച്ചന്‍റെ സ്മരണ നിലനിറുത്തുന്നതിനായി റോമിലെ സിഎംഐ സമൂഹം സ്ഥാപിച്ചതാണ് പ്ലാസിഡ് സ്മാരക പ്രഭാഷണങ്ങള്‍. പൗരസ്ത്യസഭയെ സംബന്ധിക്കുന്നതും ഭാരതീയ സാംസ്ക്കാരിക പൈതൃകം വളര്‍ത്തുന്നതുമായ വിഷയങ്ങളാണ് പ്ലാസിഡ് പ്രഭാഷണങ്ങള്‍.

ഉദ്ഘോടനത്തെ തുടര്‍ന്ന്, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത,
മാര്‍ മാത്യു മൂലേക്കാട്ട് സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമങ്ങളെയും സ്വയംഭരണാധികാരത്തെയും കുറിച്ചുള്ള (Particular Law of Syro-malabar chruch and autonomy of Oriental churches) ത്രിദിന പ്ലാസിഡ് പ്രഭാഷണപരമ്പരയ്ക്ക് തുടക്കംകുറിച്ചു. റോമിലുള്ള മലയാളി സമൂഹവും വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വൈദിക വിദ്യാര്‍ത്ഥികളും സന്ന്യസ്തരും പ്ലാസിഡ് പ്രഭാഷണ പരമ്പരയുടെ പ്രാരംഭദിനത്തില്‍ സന്നിഹിതരായിരന്നുവെന്ന് ചാവറ ഇന്‍സ്റ്റിറ്റൃട്ട് ഡയറക്ടര്‍, ഫാദര്‍ ഐസക്ക് അരിക്കാപ്പിള്ളില്‍ സിഎംഐ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
ദിവസവും വൈകുന്നേരം 4-മുതല്‍ 6-മണിവരെയുള്ള പ്രഭാഷണ പരമ്പര നവംബര്‍ 29- വെള്ളിയാഴ്ച സമാപിക്കും.
Reported : nellikal, Radio Vatican








All the contents on this site are copyrighted ©.