2013-11-23 11:33:07

അകക്കണ്ണു തുറന്നു കാണേണ്ട
ക്രിസ്തുവിന്‍റെ ആത്മീയരാജത്വം


RealAudioMP3
വി. ലൂക്കായുടെ സുവിശേഷം 23, 35-43
ജനം നോക്കിനിന്നു . പ്രമാണികളാകട്ടെ അവിടുത്തെ പരിഹസിച്ചു പറഞ്ഞു.
ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇയാള്‍ ദൈവത്തിന്‍റ‍െ ക്രിസ്തുവാണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ. പാടയാളികള്‍ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു. നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കു. ഇവന‍ യഹൂദരടുെ രാജാവ് എന്ന ലിഖിതം അവിടുത്തം തലയ്ക്കു മീതെ ഉണ്ടായിരിുന്നു. കുരിശില്‍ തൂക്കപ്പെട്ടരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു. നീ ക്രിസ്തുവല്ലേ. നിന്നെയും ഞങ്ങളെയും രക്ഷിക്കൂ. അപ്പോള്‍ അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു. നീ ദൈവത്തെ ഭയപ്പെടുന്നില്ലേ. നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. എന്നാല്‍ ഈ മനുഷ്യന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അയാള്‍ തുടര്‍ന്നു.
യേശുവേ, നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. ക്രിസ്തു അപ്പോള്‍ അവനോട് അരുളിച്ചെയ്തു. സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.

ഭാരതത്തില്‍ മറ്റൊരു പാര്‍ളിമെന്‍ററി തിരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ. 1971-ലെ തിരഞ്ഞെടുപ്പിനെപ്പറ്റി ഓര്‍ത്തുപോവുകയാണ്. കാരണം അതിന് രണ്ടു ശ്രദ്ധേയമായ മുദ്രാവാക്ക്യങ്ങള്‍ അന്ന് നാടെമ്പാടും മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഒന്ന്, ‘ഗരീബി ഹട്ടാവോ,’ രണ്ട്, ‘ഇന്ദിരാ ഹട്ടാവോ’! ‘ഗരീബി ഹട്ടാവോ’ - ദാരിദ്രൃം നിര്‍മ്മാര്‍ജ്ജനംചെയ്യുക, ‘ഇന്ദിരാ ഹട്ടാവോ’ - ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഇലകഷന്‍ മുഖേന മാറ്റുക. സംഭവിച്ചത് ഇതാണ് ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ് ‘ഗരീബി ഹഠാവോ’ എന്ന ആപ്തവാക്യം ഇലകഷന്‍ പ്രചരണത്തിനു മുന്നോട്ടുവച്ചപ്പോള്‍, പ്രതിപക്ഷം ഇന്ദിരാജിയെ നീക്കംചെയ്യാനാണ് തന്ത്രം മെനഞ്ഞതും ജനങ്ങളോട് ആവശ്യപ്പെട്ടതും. എന്നാല്‍ പൊതുജനം ബുദ്ധിപൂര്‍വ്വം തീരുമാനമെടുത്തു. ‘ഗരീബി ഹഠാവോ’, ദാരിദ്ര്യം നാട്ടില്‍നിന്നും മാറ്റാന്‍ പരിശ്രമിക്കുന്നവരുടെ പക്ഷംചേരാമെന്ന്. ഭരണം വികസനത്തിനുള്ളതാണല്ലോ.

ക്രിസ്തുവിന്‍റെ രാജത്വം സഭയിലെ പുരാതനവും ശ്രദ്ധേയവുമായ മഹോത്സവമാണ്. ക്രിസ്തുരാജത്വം സമഗ്രവികസനത്തിന്‍റെ കാഴ്ചപ്പാടാണ് നല്കുന്നത്. വ്യക്തികളെ ഉന്മൂലനം ചെയ്യാനല്ല. വ്യക്തിബന്ധങ്ങള്‍ നീതിയിലും സമൃദ്ധിയിലും വളര്‍ത്തിയെടുക്കുന്ന ഒരു രാജ്യം, ദൈവരാജ്യം പടുത്തുയര്‍ത്തുക എന്നതാണ് ക്രിസ്തുവെന്ന ആത്മീയ രാജാവ് ഉദ്ബോധിപ്പിക്കുന്നത്, ഇന്നു നമ്മുടെ ചിന്തയില്‍ വയ്ക്കുന്നത്.
സുവിശേഷത്തില്‍ നാം ശ്രവിച്ചു, ‘തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ എത്തി. അവിടെ അവര്‍ അവിടുത്തെ കുരിശില്‍ തറച്ചു’ (ലൂക്കാ 23, 33). ക്രിസ്തുവിന്‍റെ ‍‍‍‍സിംഹാസനം കുരിശായിരുന്നു. ആ സിംഹാസനത്തിനു മുമ്പില്‍ നടന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ് :
+പ്രമാണികള്‍ ക്രിസ്തുവിനെ പരിഹസിച്ചു (ലൂക്കാ 23, 35).
+ പടയാളികള്‍ അവിടുത്തെ അപഹസിച്ചു (ലൂക്കാ 23, 36-37)
+ കുറ്റവാളികളിലൊരാള്‍ അവിടുത്തെ ദുഷിച്ചുപറഞ്ഞു (ലൂക്കാ 23, 39)
+ ജനമാകട്ടെ നിസംഗരായി അവിടുത്തെ നോക്കിനിന്നു (ലൂക്കാ 23, 34-35).

കുരിശില്‍നിന്ന് ഉതിര്‍ന്ന അവസാന വചസ്സുകളും സവിശേഷമാണ്.
‘നീ ഇന്ന് എന്‍റെകൂടെ പറുദീസായിലായിരിക്കും.’
‘സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ ശാസിക്കുക, പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക,’ എന്നായിരുന്നു ഈ രാജാവിന്‍റെ കല്പന (ലൂക്കാ 17, 3). ഈ കല്പന തന്നില്‍ത്തന്നെ യാഥാര്‍ത്ഥ്യമാക്കുന്നു. പ്രജകളെ സ്നേഹിക്കുന്ന രാജാവിന് സത്യമായും അവരുടെ ക്ഷേമം മാത്രമേ ചിന്തിക്കാനാകൂ. ‘ദരിദ്രര്‍ക്കു സദ്വാര്‍ത്തയും, ബന്ധിതര്‍ക്കു മോചനവും’ (ലൂക്കാ 4, 18) നല്കുവാന്‍ എന്നെ അയച്ചിരിക്കുന്നു, എന്നായിരുന്നല്ലോ സിനഗോഗിലെ അവിടുത്തെ നയപ്രഖ്യാപനം, ഈ രാജാവിന്‍റെ കര്‍മ്മപദ്ധതി. കര്‍ത്താവിനു സ്വീകാര്യമായ വത്സരത്തില്‍ (ലൂക്കാ 4, 18-19), ഇതാ, ഇന്ന് ഇവിടെ (23, 43) രാജാവ് കുറ്റവാളിയായ ഒരുവനെ മോചിപ്പിക്കുന്നു. അവന് രക്ഷനല്കുന്നു.

സാധാരണ ഗതിയില്‍ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രാജത്വമെന്ന ആശയം ക്രിസ്തുവിന് മനപ്പൊരുത്തം ഇല്ലാത്ത ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതത്തിനുശേഷമായിരുന്നു അത്. ഭക്ഷിച്ചു തൃപ്തരായ ജനക്കൂട്ടം ബലമായിട്ട് ക്രിസ്തുവിനെ രാജാവായി വാഴിക്കാന്‍ ശ്രമിച്ചു. അന്നംതന്നെയാണ് കാര്യം. അടിസ്ഥാനാവശ്യമായ അന്നം ലഭിക്കുമെന്ന് ഉറപ്പായാല്‍ ഏതു നുകത്തിനും വിധേയനാകാന്‍ മനുഷ്യന്‍ മുതിരും. അപ്പം വേണോ, സ്വാതന്ത്രൃംവേണോ എന്നൊരു തര്‍ക്കം രൂപപ്പെടുകയാണെങ്കില്‍ മനുഷ്യര്‍ സ്വാതന്ത്ര്യം അടിയറവച്ചിട്ട് അപ്പത്തിനായി കേഴുമെന്ന് ചിന്തകന്‍ പറഞ്ഞിട്ടില്ലേ. തന്നെ രാജാവാക്കാന്‍ ശ്രമിച്ചവരുടെ ഉള്ളിലെ
ഈ വിധേയവാസന കണ്ടിട്ടാവണം ക്രിസ്തു ബോധപൂര്‍വ്വം അതില്‍നിന്നും തെന്നിമാറുന്നു. ഓരോ പ്രാവശ്യവും തന്‍റെയടുക്കലേയ്ക്ക് ആള്‍ക്കൂട്ടമെത്തുമ്പോള്‍ അപ്പം ഭക്ഷിച്ചതുകൊണ്ടാണോ ഇവര്‍ ഇപ്രകാരം പ്രതികരിക്കുന്നതെന്നു പറഞ്ഞ് വളരെ വ്യസനത്തോടെ ക്രിസ്തു വ്യസനത്തോടെ ആശ്ചര്യപ്പെടുന്നുണ്ട്.

പിന്നീട് ജരൂസലേമില്‍ ചെന്നപ്പോള്‍ ഒലിവുശാഖകളുമായി ‘ദാവീദിന്‍റെ പുത്രന് ഹോസാനാ’എന്ന് ക്രിസ്തുവിനെ നോക്കി ജനം ആര്‍ത്തുവിളിച്ചു. ‘ഹോസാന’ എന്ന ഹെബ്രായ വാക്കിന്‍റെ അര്‍ത്ഥം,‘ഞങ്ങളെ രക്ഷിക്കണേ,’ എന്നാണ്. ഇവിടെ ജനം പ്രതികരിക്കുന്നത് യഥാര്‍ത്ഥത്തിലുള്ള രാജകീയാധികാരം എന്നതിനെക്കാള്‍, മിശിഹാസ്വപ്നത്തിന്‍റെ പൂവിടലായിരുന്നു. ക്രിസ്തുവിലെ മിശിഹായെ, രക്ഷകനെ ജനം തിരിച്ചറിഞ്ഞതിന്‍റെ പ്രതികരണമായിരുന്നത്. അന്ത്യദിനങ്ങളിലാണ് ‘രാജാവ്’എന്ന വിശേഷണം കളിയായും, കാര്യമായും ക്രിസ്തുവില്‍ ചാര്‍ത്തപ്പെട്ടത്. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവിടത്തെ തലയില്‍വെച്ചു. ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവര്‍ അവിടുത്തെ അടുക്കല്‍ വന്ന് ‘യഹൂദരുടെ രാജാവേ, വാഴ്ക’ എന്നു പറഞ്ഞ് കൈകൊണ്ട് പ്രഹരിച്ചു (യോഹന്നാന്‍ 19, 1-3). എല്ലാ അര്‍ത്ഥത്തിലും ദൂര്‍ബലനായ മനുഷ്യനെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നതുവഴി റോമാക്കാര്‍ ആസുരതയുടെ ഉത്സവം ആഘോഷിക്കുകയായിരുന്നു. ഇരയെ കൊല്ലുന്നതില്‍ മാത്രമല്ല, ഇരയെ കളിപ്പിക്കുന്നതിലും വേട്ടക്കാര്‍ക്ക് എന്നും താത്പര്യമുണ്ടായിരുന്നു. യുദ്ധത്തടവുകളിലെ ക്രൂരവിനോദങ്ങളെക്കുറിച്ച് കേള്‍ക്കാറില്ലേ! ഐഹിക രാജക്രമങ്ങള്‍ക്ക് എതിരായിരുന്നു ക്രിസ്തുവിന്‍റെ നിലപാടുകളും, ദര്‍ശനവും. മണ്ണും അടിമകളും പടയോട്ടങ്ങളുമില്ലാത്ത ഒരു രാജാവിനെ നമുക്ക് സങ്കല്പിക്കാനാകുമോ? എന്നാല്‍ ക്രിസ്തുവാകട്ടെ ഒരംഗുലം മണ്ണ് ഭൂമിയില്‍ സ്വന്തമാക്കാതെ കടന്നുപോയവനാണ്. പിറക്കാനിടമില്ല, ദീര്‍ഘകാല പ്രവാസജീവിതം, ആദ്യം തച്ചനായും പിന്നെ അവദൂതനായുമുള്ള ജീവിതവും യാത്രകളുമായിരുന്നില്ലേ. ‘കുരുവിക്ക് കൂടും കുറുനരികള്‍ക്ക് മാളവുമുള്ള ഭൂമിയില്‍ മനുഷ്യപുത്രന് തലചായിക്കാന്‍ ഇടമില്ല, മരിച്ചടക്കാന്‍പോലും മറ്റാരുടെയോ കല്ലറ കടംവാങ്ങേണ്ടി വന്നില്ലേ, അരുമത്തിയക്കാരന്‍ ജോസഫിന്‍റെ...

ഒരു പാടയോട്ടവും നടത്തിയിട്ടില്ല. കാല്‍നടയായി സഞ്ചരിച്ച ദൂരം ഗലീലിയാ തീരത്ത് ഏതാണ്ട് ഇരുന്നൂറു മൈലുകളോളം മാത്രമായിരുന്നു. കുതിരപ്പുറത്ത് സഞ്ചരിച്ചിരിക്കാന്‍ സാദ്ധ്യതയില്ല. കഴുതപ്പുറത്ത് ഒരിക്കല്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. സമാധാന ഉടമ്പടി ചെയ്യാനെത്തുന്ന രാജാക്കന്മാര്‍ അക്കാലത്ത് കഴുതയുടെ മേലാണ് എത്തിയിരുന്നത്. എന്തുകൊണ്ട് കഴുതയെന്നു വിളിച്ചു എന്ന അന്വേഷണത്തിന്, കുട്ടികളോട് പറഞ്ഞുകൊടുക്കുന്ന കൗതുകമുള്ള മറുപടി ഇതുതന്നെയാണ്. കുതിരയെത്ര പതുക്കെപ്പോയാലും അതിന് മനുഷ്യനോട് ഒത്തു നടക്കാനാവില്ല. ഒട്ടകമായാല്‍ അതിന് മനുഷ്യരുടെ നിലവിളി കേള്‍ക്കാനാവാത്ത ഉയരവുമുണ്ട്. എന്നാല്‍ കഴുതയോ ഏറ്റവും വേഗം കുറഞ്ഞവരോടൊപ്പം അവരുടെ നിലവിളികളില്‍ വ്യാകുലപ്പെട്ടും, പൊള്ളിയും പരിഭവമില്ലാതെ തലകുനിച്ച് കൂടെനടക്കും. എന്നിട്ടും, ഓര്‍ക്കുക, ഐഹികമായി മുദ്രകളൊന്നും അവശേഷിപ്പിക്കാതെ പോയ ക്രിസ്തുവിന്‍റെ ആഗമനത്തെയും അവിടത്തെ രാജൃത്തെയും തിരിച്ചറിഞ്ഞ മനുഷ്യരുണ്ടായിരുന്നു. ആ ജീവിതത്തിന്‍റെ ആദിമദ്ധ്യാന്തങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരെ നമുക്കു കാണാം.

ജന്മനക്ഷത്രത്തിന്‍റെ പ്രഭയില്‍ അകക്കണ്ണ് തുറന്നവര്‍ പാലിന്‍റെ മണമുള്ള ഇത്തിരിപ്പോന്ന ബെതലഹേമിലെ കുഞ്ഞില്‍ വരുംകാലങ്ങളില്‍ ഭൂമിയെ കീഴ്പ്പെടുത്തേണ്ട, ആത്മീയമായി കീഴ്പ്പെടുത്താന്‍ പോരുന്ന ഒരാളെ തിരിച്ചറിഞ്ഞു. അവന്‍റെ പാദങ്ങളില്‍ കിഴക്കുനിന്നും വന്ന ആ രാജാക്കന്മാര്‍ രാജത്വത്തിന്‍റെ അടയാളമായി പൊന്നു സമര്‍പ്പിച്ചു.

രണ്ടാമത്തെക്കൂട്ടര്‍ ജരൂസലേം നിവസികളിലെ ഹൃദയനൈര്‍മ്മല്യമുള്ള ലാളത്യമാര്‍ന്നതും വിനീതരുമായ ജനതയാണ്. കഴുതപ്പുറത്തു വന്നവനിലെ പ്രാവചകനെയും രക്ഷകനായ രാജാവിനെയും അവര്‍ തിരിച്ചറിഞ്ഞു. ‘ജരൂസലേം പുത്രീ, പറയുക... ഇതാ, നിന്‍റെ രാജാവ് വിനായാന്വിതനായി കഴുതപ്പുറത്തു കയറി നിന്നിലേയ്ക്ക് ആഗതനാകുന്നു’ (സഖറിയ 9, 9) എന്നവര്‍ക്ക് തിരിച്ചറിയാനായി. എന്നിട്ട് അവിടുത്തെ വഴികളില്‍ അവരുടെ പുറങ്കുപ്പായംപോലും വിരിച്ച് ആര്‍ത്തുപാടി, “ഹോസാനാ, ഹോസാനാ....കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍, ഹോസാനാ....!!”

മൂന്നാമതായി, മാനസാന്തരപ്പെട്ട കുരിശിലെ നല്ലകള്ളനാണ്. ‘ഞാന്‍ ചെയ്ത തെറ്റിനുള്ള ന്യായമായ ശിക്ഷയാണ് വാങ്ങുന്നത്.. അവിടുന്നാകട്ടെ, യാതൊരു തെറ്റുചെയ്തിട്ടില്ല.’ എന്നിട്ടിങ്ങനെ പ്രാര്‍ത്ഥിച്ചു. ‘യേശുവേ, അങ്ങേ രാജ്യത്തു പ്രവേശിക്കുമ്പോള്‍ കരുണയോടെന്നെയും നീ ഓര്‍ക്കണേ.’

ചുരുക്കത്തില്‍ അവിടുത്തെ രാജ്യത്തെ തിരിച്ചരിയണമെങ്കില്‍ നമുക്ക് ഈ മൂന്ന് അനുഭവങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ പിന്‍ബലം വേണ്ടിയിരിക്കുന്നു. ജ്ഞാനത്തിന്‍റെയോ, ഹൃദയനൈര്‍മ്മല്യത്തിന്‍റെയോ, ഗാഢമായ മാനസാന്തരാനുഭവത്തിന്‍റേയോ....
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.