2013-11-21 20:19:02

ലാളിത്യമാര്‍ന്ന ക്രിസ്തുശൈലി
സ്വായത്തമാക്കണമെന്ന് പാപ്പാ


21 നവംബര്‍ 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയോട് സഭാതലവന്മാര്‍ അനുരൂപപ്പെടണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 21-ാം രാവിലെ വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ നടന്ന
പൗരസ്ത്യസഭകളുടെ പാത്രിയാര്‍ക്കിസുമാരും മേജര്‍ ആര്‍ച്ചുബിഷപ്പുമാരുമായുള്ളു കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായി ജീവിച്ച ക്രിസ്തുവിനെ അനുകരിച്ച് (2 കൊറി. 8, 9). നീതിയുടെയം, കാരുണ്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും ക്ഷമയുടെയും എളിമയുടെയും ജീവിതം നയിക്കണമെന്ന് (1തിമോ. 6, 11) പാപ്പാ പൗരസ്ത്യസഭാ തലവന്മാരെ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിനോടു പൊരുത്തപ്പെടുന്ന ജീവിതത്തിലൂടെ മാത്രമേ ജനമദ്ധ്യേ വിശ്വാസ്യമായ സാക്ഷൃമായി ജീവിക്കാന്‍ സാധിക്കൂ, എന്നും പാപ്പാ ചൂണ്ടിക്കാട്ടി. സഭാതലവന്മാരുടെ കൂടിക്കാഴ്ചയെ ‘ഐക്യത്തിന്‍റെ മുഖാമുഖ’മെന്നും, ‘ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ ഓജസ്സെ’ന്നും പ്രഭാഷണത്തില്‍ പാപ്പാ വിശേഷിപ്പിച്ചു.

അപ്പസ്തോലിക അരമനയില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ കേരളത്തില്‍നിന്നും സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, സീറോ മലങ്കരസഭയുടെ തലവന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവായും സന്നിഹിതരായിരുന്നു. കൂടാതെ മറ്റ് 8 വ്യക്തിഗത സഭാ പിതാക്കന്മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന്‍, പൌരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയും സെക്രട്ടറിമാരും പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.