2013-11-21 19:11:45

പത്രോശ്ലീഹായുടെ തിരുശേഷിപ്പുകള്‍
പൊതുവണക്കത്തിന്


21 നവംബര്‍ 2013, വത്തിക്കാന്‍
പത്രോശ്ലീഹായുടെ തിരുശേഷിപ്പുകള്‍ വത്തിക്കാന്‍ പൊതുവണക്കത്തിനു വയ്ക്കുന്നു.
നവംബര്‍ 24-തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യാകാര്‍മ്മികത്വത്തില്‍ വിശ്വാസവത്സരത്തിനു പരിസമാപ്തിയായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയുടെ അന്ത്യത്തിലാണ് അപ്പസ്തോല പ്രമുഖന്‍റെ തിരുശേഷിപ്പുകള്‍ പൊതുവണക്കത്തിന് ലഭ്യമാക്കുക.
ചത്വരത്തില്‍ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന വേദിയിലാണ് സഭയുടെ അടിത്തറ പാകിയ പത്രോസ്ലീഹായുടെ തിരുശേഷിപ്പുകള്‍ ചരിത്രത്തില്‍ ആദ്യമായി പൊതുവണക്കത്തിന് വയ്ക്കുന്നതെന്ന്, വിശ്വാസവത്സര പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്ന (നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്) ആര്‍ച്ചുബിഷ് റൈനോ ഫിസിക്കേലാ അറിയിച്ചു.

ക്രിസ്തുവര്‍ഷം 64-മാണ്ടില്‍ നീറോ ചക്രവര്‍ത്തിയുടെ പീഡനകാലത്ത് വത്തിക്കാന്‍ കുന്നില്‍ കൊല്ലപ്പെട്ട പത്രോസ്ലീഹായെ അവിടെത്തന്നെയാണ് അടക്കിയിരുന്നത് (Writings of st. Clement and historiansTacitus and Eusesbius). എഡി. 326-ല്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച
വി. പത്രോസിന്‍റെ ബസിലിക്കയിലേയ്ക്ക് (Constantine Necropolis) ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതുവായ കല്ലറകളുടെ കൂട്ടത്തില്‍നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു. അതിന് ചരിത്രരേഖകളുണ്ട്. കോണ്‍സ്റ്റന്‍റൈന്‍ പണികഴിപ്പിച്ച ദേവാലയത്തിന്‍റെ സ്ഥാനത്താണ് പിന്നീട് 15-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ക്രൈസ്തവീകതയുടെ ഒളിമങ്ങാത്ത പ്രതീകമായ വിശ്വത്തര പ്രാര്‍ത്ഥനാസൗധം, ഇന്നത്തെ വി. പത്രോസിന്‍റെ ബസിലിക്ക വത്തിക്കാന്‍ കുന്നില്‍ പണിതീര്‍ത്തത് (1506-1626). വിശ്വത്തര കലാകാരന്മാരായ ബര്‍ണീനി, മൈക്കിളാഞ്ചലൊ എന്നിവരാണ് ഈ പ്രാര്‍ത്ഥനാസൗധത്തിന്‍റെ ശില്പികള്‍.

ശ്ലാഹായുടെ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണവും തിരുശേഷിപ്പികളുടെ സൂക്ഷിപ്പും സംബന്ധിച്ച് പിന്നെയും നടന്നിട്ടുള്ള നിലയ്ക്കാത്ത ഗവേഷണങ്ങളുടെയും സൂക്ഷ്മപഠനങ്ങളുടെയും നിര്‍മ്മാണങ്ങളുടെയും അന്ത്യത്തിലാണ് ക്രിസ്തുവിന്‍റെ നിഴലായി നടക്കുകയും അവിടുത്തെ സുവിശേഷത്തിനായി ജീവന്‍കൊടുത്തു സാക്ഷൃമേകുകയും ചെയ്ത പത്രോശ്ലീഹായുടെ ഭൗതികശേഷിപ്പുകള്‍, ശ്ലീഹായുടെ 265-ാമത്തെ പ്രതിനിധി പാപ്പാ ഫ്രാന്‍സിസ് പൊതുവണക്കത്തിന് ലഭ്യമാക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.