2013-11-20 18:48:41

ലാഭത്തിന്‍റെ യുക്തിയില്‍
പൊലിയുന്ന ജീവിതങ്ങള്‍


20 നവംബര്‍ 2013, റോം
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സമൂഹത്തില്‍ ശബ്ദമറ്റവരാകുന്നുണ്ടെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. നവംബര്‍ 21-ാം തിയതി ആചരിക്കുന്ന ‘ലോക മത്സ്യബന്ധനദിന’വുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ സന്ദേശത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ലാഭത്തിന്‍റെ യുക്തിയില്‍ മുന്തിനില്ക്കുന്ന മത്സ്യബന്ധന മേഖലയിലെ വ്യവസായവത്ക്കരണവും, സാങ്കേതിക വളര്‍ച്ചയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മരണക്കെണിയായി മാറുന്നുണ്ടെന്നു ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന സാങ്കേതികയുമായെത്തുന്ന മത്സബന്ധനക്കപ്പലുകളും വന്‍ബോട്ടുകളും പെട്ടന്ന് ലാഭം വാരിക്കൂട്ടുമ്പോള്‍ സമുദ്രസമ്പത്തിന്‍റെ അടിത്തട്ടാണ് ശിഥിലമാക്കുന്നതെന്നും, അതുമൂലമുണ്ടാകുന്ന മത്സ്യങ്ങളുടെ വംശനാശവും, മീനുകളുടെ കുറവും പാവങ്ങളായ പരമ്പരാഗത തൊഴിലാളികളെയും കുടുംബങ്ങളെയും ആശയറ്റവരാക്കുന്നുണ്ടടെന്നും, ദിവസങ്ങളോളം കടലുമായി വൃഥാ മല്ലടിച്ച് അവരുടെ ജീവന്‍ കുരുതികഴിക്കുന്നുണ്ടെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.