2013-11-18 19:27:04

പൗരസ്ത്യസഭാ സമ്മേളനത്തിലെ
ഭാരതീയ സാന്നിദ്ധ്യം


18 നവംബര്‍ 2013, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയും, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവായും പൗരസ്ത്യസഭാതലവന്മാരുടെ സമ്മേളനത്തിനായി വത്തിക്കാനിലെത്തി. സീറോ-മലബാര്‍, മലങ്കര സഭകളുടെ പരമാദ്ധ്യക്ഷന്മാരെന്ന നിലയിലാണ്, രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വത്തിക്കാനില്‍ ചേരുന്ന പൗരസ്ത്യസഭകളുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയും പങ്കെടുക്കുന്നത്.
ഇതര പൗരസ്ത്യ സഭാതലവന്മാരും, പ്രതിനിധികളും വത്തിക്കാന്‍റെ ഭരണ സംവിധാനങ്ങളില്‍നിന്നുമുള്ള മേലദ്ധ്യക്ഷന്മാരുമായി 28-പേരുടെ സംഘമാണ് പാപ്പായുടെ അദ്ധ്യക്ഷതയിലുള്ള പൗരസ്ത്യസഭകളുടെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

മാരനൈറ്റ് സഭാ തലവന്‍ ലെബനോണിലെ കര്‍ദ്ദിനാള്‍ ബഷാരെ ബുത്രോസ് റായ്, അലക്സാണ്ട്രിയായിലെ കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് ഇബ്രാഹിം ഇസഹാക്ക് സിദ്രാക്ക്, അര്‍മേനിയന്‍ സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് നര്‍സസ് ബെദ്രോസ് ഒന്‍പതാമന്‍, അന്ത്യോക്യായിലെ സിറിയന്‍ പാത്രിയര്‍ക്കിസ് ഇഗ്നേഷ്യസ് യൗനാന്‍ മൂന്നാമന്‍, കാല്‍ഡിയന്‍ സഭാദ്ധ്യക്ഷന്‍ ബിഷപ്പ് അന്തോണിയോ അവ്ദോ, ഗ്രീക്ക് മെല്‍ക്കൈറ്റ് സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ഗ്രിഗരി ലഹാം മൂന്നാമന്‍, ബൈസാന്‍റൈന്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ തലവന്‍, ആര്‍ച്ചുബിഷപ്പ് ഷാന്‍ ബജാക്ക്, ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് ഫവദ് ത്വാല്‍ എന്നീ സഭാദ്ധ്യക്ഷന്മാരെ കൂടാതെ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റൗറാന്‍, വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫെര്‍നാണ്ടോ ഫിലോണി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയത്രോ പരോളി, മുന്‍ സ്റ്റേറ്റ് സെക്രട്ടി കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേലെ തുടങ്ങി വത്തിക്കാന്‍ വിവിധ ഭരണസംവിധാനങ്ങളിലെ പ്രമുഖരും ചതുര്‍ദിന സമ്മേളനത്തില്‍ പാപ്പായയ്ക്കൊപ്പം പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.