2013-11-18 18:18:16

കുടുംബങ്ങളെ ഗണിക്കാത്ത
നയങ്ങള്‍ അപലപനീയം


18 നവംബര്‍ 2013, പാരീസ്
മനുഷ്യാസ്തിത്വത്തിന്‍റെ അവിഭക്തസ്ഥാപനങ്ങളാണ് വിവാഹവും കുടുംബവുമെന്ന് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു. നവംബര്‍ 16-ാം തിയതി ശനിയാഴ്ച പാരീസില്‍ ചേര്‍ന്ന കത്തോലിക്കാ നിയമവിദഗ്ദ്ധരുടെ സംഗമത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ കുടുബജീവിത്തെക്കുറിച്ചും അതിന് അടിസ്ഥാനമായി നില്ക്കേണ്ട വിവാഹ ജീവിതത്തിന്‍റെ അഭേദ്യതയെക്കുറിച്ചും പരാമര്‍ശിച്ചത്.

ക്രൈസ്തവാദര്‍ശങ്ങളുടെ ഭദ്രത തകര്‍ക്കുന്ന അപകടകരമായ മതേതര മൗലികവാദം സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ടെന്നും, പൊതുജീവിതത്തില്‍നിന്നും ദൈവത്തെ ഒഴിവാക്കുകയും, മതസഹിഷ്ണുത തീരെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹത്തില്‍ പൊന്തിവരുന്നതെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ ചൂണ്ടിക്കാട്ടി. സ്വന്തംകാര്യങ്ങളില്‍ മുഴുകിയിരിക്കാനുള്ള സ്വാര്‍ത്ഥമായ സ്വാതന്ത്ര്യമായിട്ടാണ് പൊതുമേഖല ഇന്ന് സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്നതെന്നും, കുടുംബത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഭരണകൂടങ്ങള്‍ പുതുതായി ഇറക്കുന്ന നിയമങ്ങള്‍, സ്രഷ്ടാവായ ദൈവത്തെയും ദൈവിക നിയമങ്ങളെയും അവഗണിക്കുന്ന തരത്തിലാണെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു.

വിശ്വാസത്തെ സമൂഹജീവിതത്തിനുള്ള സുവ്യക്തമായ മാര്‍ഗ്ഗരേഖയായി കണ്ടുകൊണ്ട് ക്രൈസ്തവര്‍ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ദൈവത്തെ മാറ്റിനിരുത്തുന്ന മനുഷ്യന്‍, മെല്ലെ നന്മയായിട്ടുള്ളതെല്ലാം സമൂഹജീവിതത്തില്‍ അവഗണിക്കാന്‍ ഇടയാകുമെന്നും സമ്മേളനത്തെ ചൂണ്ടിക്കാട്ടി. വൈവാഹിക ബന്ധത്തിന്‍റെയും കുടുംബ നിര്‍മ്മിതിയുടെയും സംരക്ഷണത്തിനായി ഫ്രാന്‍സിലെ കത്തോലിക്കര്‍ ശക്തമായി ശബ്ദമുയര്‍ത്തിയതും വന്‍പ്രകടനം സംഘടിപ്പിച്ചതും കര്‍ദ്ദിനാള്‍ റയില്‍ക്കോ അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.