2013-11-18 17:52:33

ആഗോളവത്ക്കരണ പ്രക്രിയയില്‍
ചോര്‍ന്നുപോകുന്ന മൂല്യങ്ങള്‍


18 നവംബര്‍ 2013, വത്തിക്കാന്‍
ആഗോളവത്ക്കരണ പ്രകൃയയില്‍ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
നവംബര്‍ 18-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. മക്കബായരുടെ ആദ്യ ഗ്രന്ഥത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. അന്തിയോക്കസ് എപ്പിഫാനസ് രാജാവിന്‍റെ ഭരണത്തില്‍ ഇസ്രായേലിലുണ്ടായ തിന്മയുടെ തേര്‍വാഴ്ചയാണ് പാപ്പാ ചിന്തകള്‍ക്ക് പശ്ചാത്തലമാക്കി. ഏകദൈവത്തിലുള്ള വിശ്വാസവും കല്പനകളും അടയറവച്ച് നവമായ ലൗകായത്വത്തിലും സുഖലോലുപതയിലും എല്ലാവരും ഒന്നാകുന്ന ഒരു ആഗോളമനഃസ്ഥിതി, ഇന്നിന്‍റെ മൂല്യച്യതിയുടെ ആഗോളവതക്കരണവും നവമായ ലൗകായത്വവുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വൈവിദ്ധ്യമാര്‍ന്ന സാംസ്ക്കാരികതയിലും വിശ്വാസങ്ങളിലും ജനങ്ങള്‍ ഒന്നിക്കുന്ന ആഗോളവത്ക്കരണം മനോഹരമാണ്, സഹോദര്യത്തിന്‍റെ കൂട്ടായ്മയാണ്. എന്നാല്‍ തിന്മയുടെ ആധിപത്യത്തിലും സ്വാധീനത്തിലും ഉയര്‍ന്നുവരുന്ന ആഗോളവത്കൃത ഐക്യം അധര്‍മ്മത്തിന്‍റെയും അനീതിയുടെയും മരണസംസ്ക്കാരമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.
ദൈവകല്പന പാലിച്ചും അനുസരിച്ചും നന്മയുടെ വഴിയെ ജീവിക്കാന്‍ തുനിയുന്നവരെ വധിക്കണമെന്ന് കല്പനയിട്ട പുരാതന ഇസ്രായേലിലെ നയം, ഇന്നിന്‍റെ അധാര്‍മ്മിക ആധിപത്യത്തിന്‍റെ ക്രൂരമായ മുഖഭാവമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

ദൈവത്തോടുള്ള വിശ്വസ്തയ്ക്ക് വിലപേശുന്നതും ഈ ലോകത്തിന്‍റെ ദുഷ്ടാരൂപിയാല്‍ നയിക്കപ്പെടുന്നതുമായ പ്രവണതയെക്കുറിച്ച് പാപ്പാ വിശ്വാസികള്‍ക്ക് താക്കീതു നല്കി. ദൈവം സ്നേഹിക്കുന്ന ജനം ഇന്നിന്‍റെ കോലാഹലങ്ങള്‍ക്കിടയിലും ദൈവകല്പനകള്‍ പാലിച്ചും ആദരിച്ചും ജീവിക്കണമെന്നും, നന്മയുടെ നവസാക്ഷികളാകണമെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
(1 മക്കാബയര്‍ 1, 10-15, 45-57).
Reported : nellikal, sedoc








All the contents on this site are copyrighted ©.