വിശുദ്ധ ലൂക്കാ
21, 5-19 ആണ്ടുവട്ടം 33-ാം ഞായര്‍ ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും
കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. അവിടുന്ന് അവരോടു
പറഞ്ഞു. നിങ്ങള്‍ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം ഇതാ,
വരുന്നു. അവര്‍ ചോദിച്ചു. ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്‍റെ
അടയയാളം എന്താണ്? അവിടു്നു പറഞ്ഞു. ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും. സമയം അടുത്തു എന്നു പറഞ്ഞുകൊണ്ടും എന്‍റെ നാമത്തില്‍
വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍
നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍ അവസാനം ഇനിയും ആയിട്ടില്ല.
അവിടുന്നു തുടര്‍ന്നു. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയര്‍ത്തും.
വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും
ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
ഇവയ്ക്കെല്ലാം മുമ്പ് അവര്‍ നിങ്ങളെ
പിടികൂടുകയും പീഡിപ്പിക്കുകയുംചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ
ഏല്‍പ്പിച്ചുകൊടുക്കും. എന്‍റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍
അവര്‍ നിങ്ങളെകൊണ്ടുചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷൃം നല്‍കുന്നതിനുള്ള അവസരമായിരിക്കും.
എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവന്‍. എന്തെന്നാല്‍,
നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും
ജ്ഞാനവും നിങ്ങളക്കു ഞാന്‍ നല്കും. മാതാപിതാക്കന്മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍,
സ്നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും
ചെയ്യും. എന്‍റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു
തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചു നില്ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ
നിങ്ങള്‍ നേടും.
മാസദാ ഇസ്രായേലിലെ ടൂറിസ്റ്റ് കേന്ദ്രമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ
സാംസ്ക്കാരിക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടവുമാണിത്. യൂദയാ മരുപ്രദേശത്ത്
ജരൂസലേമിനടുത്ത് ഏകദേശം 1500 അടി ഉയരത്തിലാണ് വിസ്തൃതമായ ഈ കോട്ട സ്ഥിതിചെയ്യുന്നത്.
മെഡിറ്ററേനിയന്‍ കടലിനെ എത്തിനോക്കുന്ന ഈ പുരാതന റോമന്‍ കോട്ടയില്‍ ചരിത്രമുറങ്ങുന്നതിനാല്‍
ഇസ്രായേല്‍ സന്ദര്‍ശകര്‍ക്ക് പണംമുടക്കിയാലും പ്രിയപ്പെട്ട ഇടമാണ് മാസദാ. ക്രിസ്തുവര്‍ഷം
66-ാമാണ്ടില്‍ റോമന്‍ സൈന്ന്യം യഹൂദരെ ആക്രമിക്കാന്‍ തുടങ്ങി. ആറുവര്‍ഷം നീണ്ടുനിന്നു
ആ യുദ്ധം. മാസദായില്‍ തമ്പടിച്ചിരുന്ന ആയിരത്തോളംവരുന്ന തീവ്രവാദികളായ യഹൂദരുടെ പതനം
സംഭവിച്ചത് 71-ാമാണ്ടിലാണ്. ജനറല്‍ ടൈറ്റസിന്‍റെ നേതൃത്വത്തിലുള്ള റോമന്‍സൈന്യം മാസദാകോട്ട
വളഞ്ഞു. റോമന്‍ സൈന്യത്തോട് കിടപിടിച്ചു നില്ക്കാന്‍ യഹൂദരുടെ ചെറിയസഖ്യത്തിനായില്ല.
പട്ടാളം കുന്നിന്‍ മുകളിലേയക്ക് ആയുധങ്ങളുമായി ഇരമ്പിക്കയറി തങ്ങളെ വകവരുത്തുമെന്ന് യഹൂദര്‍ക്ക്
ഉറപ്പായി. വിജാതീയരുടെ കൈകളില്‍ മരിക്കുന്നത് അവരുടെ ആത്മാഭിമാനത്തിന് നിരക്കാത്തതായിരുന്നു.
അത് യാവേയോട് അവര്‍ക്കുള്ള വിശ്വസ്തതയുടെ ഭാഗവുമായിരുന്നു. മാസദായില്‍ പാര്‍ത്തിരുന്ന
യഹൂദര്‍ പത്തുപേരുള്ള ഗ്രൂപ്പുകളായി തിരിഞ്ഞു. ഗ്രൂപ്പൊന്നിന് ഓരോ ലീഡര്‍ വീതം നിയമിക്കപ്പെട്ടു.
ലീഡര്‍മാര്‍ ഗ്രൂപ്പിലുളളവരെ വകവരുത്തണം. അവശേഷിച്ച ഒന്‍പത് ഗ്രൂപ്പ് ലീഡര്‍മാരെയും തലവാനായ
ഒരാള്‍ കൊലപ്പെടുത്തിയശേഷം, അവസാനം വാള്‍കൊണ്ട് അയാളും കുത്തിമരിക്കണം. ഇതായിരുന്ന തീരുമാനം.
റോമന്‍ പട്ടാളം മാസദാകുന്നിന്‍റെ നെറുകയിലെത്തിയപ്പോള്‍ കണ്ട്ത് ആയിരത്തോളം ശവശരീരങ്ങളാണ്.
ചരിത്രം പറയുന്നത് തീവ്രവാദികളായ യഹൂദര്‍ക്കൊപ്പം അവരുടെ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം
968 ജഡങ്ങളാണ് റോമന്‍ സൈന്യത്തിനു കിട്ടിയതെന്നാണ്. അതോടെ ജരൂസലേമിന്‍റെ പതനം പൂര്‍ത്തിയാവുകയായിരുന്നു.
ജരൂസലേമിന്‍റെ പതനത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രവചനമാണ് ഇന്നത്തെ സുവിശേഷത്തില്‍
നാം ശ്രവിച്ചത്. ക്രിസ്തുവര്‍ഷം 70-ാമാണ്ടില്‍ റോമന്‍ പട്ടാളം നഗരം അഗ്നിക്കിരയാക്കി.
ദേവാലയത്തിന്‍റെ വിനാശം യഹൂദമനസ്സുകളില്‍ ഇന്നും തീരാവ്യഥയാണ്. ഈ ചരിത്ര പശ്ചാത്തലത്തില്‍
നമ്മെ നിര്‍ത്തിക്കൊണ്ടാണ് ക്രിസ്തു ചില താക്കീതുകള്‍ നമുക്കു നല്കുന്നത്. ആരും നിങ്ങളെ
വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിക്കുവന്‍. ‘ഞാനാണ് അവന്‍’ എന്നു പറഞ്ഞ് പലരും വരും. അവരെ
വിശ്വസിക്കരുത്. ‘ഇതാ, അവന്‍ വരുന്നു’ He is coming soon എന്നു നമ്മുടെ നാട്ടില്‍ മതിലുകളിലും
പാറപ്പുറത്തും എഴുതിവയ്ക്കുന്ന ക്രിസ്ത്യാനികളെ കണ്ടിട്ടില്ലേ. അവരുടെ പിന്നാലെ പോകരുത്.
ക്രിസ്തു സദാസമയവും എല്ലാ സ്ഥലത്തേയ്ക്കും എല്ലാവരുടെയും പക്കലേയ്ക്കും വന്നുകൊണ്ടിരിക്കുന്നു.
കണ്ണുള്ളവന്‍ കാണട്ടെ.
a യുദ്ധം, കലഹം, ഭൂകമ്പം, ക്ഷാമം, തീരാവ്യാഥികള്‍ എന്നിവയെക്കുറിച്ചു
കേള്‍ക്കുമ്പോഴും, ഇനിയും അവസാനമായിട്ടില്ല (21, 10-11) എന്നു മനസ്സിലാക്കുവിന്‍. b
മതപീഡനങ്ങള്‍ ഉണ്ടാകും. എന്നാല്‍, പീഡനത്തില്‍ ഉറച്ചുനില്ക്കുന്നതിലൂടെ, നിങ്ങളുടെ ജീവന്‍
പരിരക്ഷിക്കപ്പെടും. സഹനത്തിലൂടെ പിടിച്ചു നിലക്കുന്നവര്‍ വിജയിക്കും. c സഹനത്തിലൂടെയും
പീഡനത്തിലൂടെയും കടന്നുവന്നപ്പോഴാണ് വിശുദ്ധാത്മാക്കള്‍ക്ക് ശക്തിയും ഹൃദയാര്‍ദ്രതയും
ലഭിച്ചത്. സഹനത്തിന്‍റെ ഈ ആദ്ധ്യാത്മികതയിലേയ്ക്കാണ് ര്പില്കു നമ്മെ വളിക്കുന്നത്. ലോകാവസാനത്തെപ്പറ്റി
പ്രവചിക്കുകയല്ല ക്രിസ്തു ചെയ്തത്. മറിച്ച് വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം അതിനെ
എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുകയാണ്.
“നിങ്ങള്‍ ഭയപ്പെടരുത്,” (21, 9) എന്നല്ലേ
അവിടുന്ന് പറഞ്ഞത്. ഇനിയും അവസാനമായിട്ടില്ല, എന്നു കൂട്ടിച്ചേര്‍ത്തു (21, 9). എല്ലാം
ഭാവിയിലാണ്, ഇപ്പോഴല്ല എന്ന ചിന്ത പ്രചരിപ്പിക്കുന്നവര്‍ എക്കാലത്തുമുണ്ടായിരുന്നു. ഇന്ന്
ഒന്നും ചെയ്യാതെ, എല്ലാം നാളെയ്ക്കു മാറ്റിവയ്ക്കുകയാണ് അലസരായ വിശ്വാസികള്‍. ‘പരൂസിയ’
parousia അഥവാ ദ്വിതീയാഗമനം എന്നത് കര്‍ത്താവിന്‍റെ വരവാണ്. ‘പരൂസിയ’ എന്ന വാക്കിന്,
ആഗമനം advent, arrival എന്നാണര്‍ത്ഥം. എല്ലാനിമിഷവും അവിടുന്ന് വരുന്നുണ്ട്. കണ്ണുള്ളവര്‍ക്കു
കാണട്ടെ. അവിടുത്തെ ആഗമനത്തെ ‘ഇന്നും’ നമുക്കു കാണാം, പ്രതീക്ഷിക്കാം.
ഭാരതസഭ
മാധ്യമദിനം ആചരിക്കുകയാണിന്ന്. സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടാണ് ഈ വര്‍ഷത്തെ മാധ്യമദിന
സന്ദേശം നല്കിയത്. ആശയവിനിമയ ശൃംഖലയിലെ ഡിജിറ്റല്‍ സൗകര്യങ്ങളെയും രൂപഘടനയെയും കുറിച്ചാണ്
ധിഷണാശാലിയും ദൈവശാസ്ത്ര പണ്ഡിതനുമായ പാപ്പാ ബനഡിക്ട് സന്ദേശത്തില്‍ പരാമര്‍ശിക്കുന്നത്.
ലോകവ്യാപകമായി നവമായ ബന്ധങ്ങള്‍ക്കും പുതിയ സമൂഹങ്ങള്‍ക്കും രൂപംനല്കുവാനും, അറിവും ആശയങ്ങളും
അഭിപ്രായങ്ങളും അതിവേഗം സൃഷ്ടിക്കുവാനും വിന്യസിപ്പിക്കാനും സഹായിക്കുന്ന ഡിജിറ്റല്‍
സാമൂഹ്യ മാധ്യമ ശൃംഖലയെക്കുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവയ്ക്കുന്നത്.
ഡിജിറ്റല്‍
ശൃംഖലയുടെ നവമായ സംസ്ക്കാരവും, അവ കാരണമാക്കുന്ന സംവേദനശൈലിയുടെ വിന്യാസങ്ങളും വ്യതിയാനങ്ങളും
സത്യവും മൂല്യവും പ്രഘോഷിക്കുന്നവരില്‍ ഇന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
സമ്പര്‍ക്ക മാധ്യമങ്ങള്‍ പൊതുവെയും, പ്രത്യേകിച്ച് ഡിജിറ്റല്‍ ശൃംഖല, സമൂഹത്തിന്‍റെ നന്മയെയും
അടിസ്ഥാന മൂല്യങ്ങളെയുംകാള്‍ ജനപ്രീതിയാണ് ഉന്നംവയ്ക്കുന്നത്. നന്മയുടെയും മൂല്യാധിഷ്ഠിത
ജീവിതത്തിന്‍റെയും യുക്തിക്കപ്പുറം, ജനപ്രീതിക്കും താരപ്പൊലിമയ്ക്കും, സാമ്പത്തിക്ക നേട്ടങ്ങള്‍ക്കുമായുള്ള
വശീകരണ തന്ത്രങ്ങള്‍ക്കാണ് ഡിജിറ്റല്‍ശൃംഖല ഇന്ന് ഏറെ പ്രാധാന്യംനല്കുന്നത്. മനുഷ്യമനസ്സാക്ഷിയുടെയും
യുക്തിയുടെയും ലോലമായ ശബ്ദത്തെ വിവരസാങ്കേതികതയുടെ ധാരാളിത്തം പലപ്പോഴും കീഴ്പ്പെടുത്തുകയും
മാറ്റിനിറുത്തുകയും ചെയ്യുന്നുണ്ട്. തന്മൂലം നന്മയുടെ നിലപാട് ശ്രദ്ധിക്കപ്പെടാതെ പോവുകയും,
പ്രേരണാത്മകമായ വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നവാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയും,
അവ സമൂഹത്തില്‍ പ്രബലപ്പെടുകയുംചെയ്യുന്നുണ്ട്.
ക്രിസ്തു ഇന്നും ജീവിക്കുന്നു.
വിശ്വാസവും അതിന്‍റെ സാക്ഷൃവും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍, ഏത് ചുറ്റുപാടിലായിരുന്നാലും,
മൂര്‍ത്തമോ അമൂര്‍ത്തമോ ആവട്ടെ, ബോധ്യത്തോടെ അവിടുത്തെ പ്രഖ്യാപിക്കാനാവണം. സുവിശേഷം
വ്യക്തിജീവിതത്തിലൂടെയും നവമായ ശൃംഖലകളിലൂടെയും പങ്കുവയ്ക്കുമ്പോള്‍, അതുവഴി ലോകത്തിന്‍റെ
നാല് അതിര്‍ത്തികളിലേയ്ക്കും ദൈവസ്നേഹമാണ് പ്രസരിക്കുന്നത്. സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ
സാക്ഷികളും സന്ദേശവാഹകരും ആകുന്നതിന് പരിശുദ്ധാത്മാവ് നമ്മെ തുണയ്ക്കുകയും പ്രകാശിപ്പിക്കുകുയും
ചെയ്യട്ടെ. Prepared : nellikal, Vatican Radio