2013-11-14 18:51:53

ദൈവിക കാരുണ്യത്തിന്‍റെ
സ്ഥാപനമാണ് സഭ : പാപ്പാ


14 നവംബര്‍ 2013, റോം
ദൈവിക കാരുണ്യത്തിന്‍റെ സ്ഥാപനമായി സമൂഹനിര്‍മ്മിതിയില്‍ സഭ പങ്കുചേരുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംമ്പര്‍ 14-ാം തിയതി വ്യാഴാഴ്ച രാവിലെ ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സഭയുടെ നിലപാടും പ്രവര്‍ത്തശൈലിയും പാപ്പാ വ്യക്തമാക്കിയത്. പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോയൊടൊപ്പം, പ്രധാനമന്ത്രി ഹെന്‍ട്രിക്കോ ലേത്താ നയിച്ച പാര്‍ലിമെന്‍ററി അംഗങ്ങളും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബെച്യൂവിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പാപ്പായുടെ പ്രഭാഷണവേദിയില്‍ സന്നിഹിതരായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വ്യാപകമായി കാണുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ ഐക്യദാര്‍ഢ്യത്തോടും പ്രത്യാശയോടുംകൂടെ രാഷ്ട്രവും സഭയുടെ കൈകോര്‍ത്തു നീങ്ങണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നീതിനിഷ്ഠവും നന്മയുടേതുമായ സമൂഹം വളര്‍ത്തുന്നതില്‍ പാവങ്ങളുടെ പക്ഷംചേര്‍ന്നുകൊണ്ട് സഭ ദൈവികകാരുണ്യത്തിന്‍റെ പ്രതീകമായി സുസ്ഥിതി വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ വ്യാപകമായി കാണുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാനും ശമിപ്പിക്കുവാനും കരുതലോടെ പ്രവര്‍ത്തിക്കണമെന്നും, പ്രതിവിധിയായി സ്വീകരിക്കാവുന്ന ചെറുതും വലുതമായ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തെ പ്രതിസന്ധിയില്‍നിന്ന് ഉയര്‍ത്തുവാനും വളര്‍ത്തുവാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്, പ്രസിഡന്‍റിനോടും ഭരണപക്ഷത്തുള്ള പ്രമുഖരോടും പാപ്പാ ഉദ്ബോധിപ്പിച്ചു.

കുടിയേറ്റ മേഖലയില്‍ ഇറ്റലി നേരിടുന്ന സാമൂഹ്യവെല്ലുവിളികളെ ലാമ്പദൂസാ, കളിയാരി, അസ്സീസി എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പാപ്പാ അനുസ്മരിച്ചു.

സാമൂഹ്യ പ്രതിസന്ധികളുടെ കേന്ദ്രസ്ഥാനത്ത് കുടുംബമാണെന്നും, വ്യക്തി വളര്‍ച്ചയുടെ പിള്ളത്തൊട്ടിലും നന്മയുടെ മൂല്യങ്ങളുടെ പ്രഭവസ്ഥാനവുമായ കുടുംബങ്ങളെ തുണയ്ക്കുന്നതിനും നവീകരിക്കുന്നതിനും സഭയും സഭാസംവിധാനങ്ങളും പൂര്‍വ്വോപരി അര്‍പ്പണത്തോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുമെന്നും പാപ്പാ സമര്‍ത്ഥിച്ചു. കുടുംബങ്ങളുടെ തനതായ പുരോഗതിക്കും ലക്ഷൃപ്രാപ്തിക്കും സ്ഥിരതയും പരസ്പര്യത്തിന്‍റെ കെട്ടുറപ്പും അനിവാര്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കുടുബങ്ങളുടെ വളര്‍ച്ചയ്ക്കും ഭദ്രതയ്ക്കുമുള്ള ഊര്‍ജ്ജം നല്കേണ്ടത് സമൂഹമാണ്. ഒപ്പം കുടുംബങ്ങളെ ആദരിക്കാനും, വിലമതിക്കാനും, സംരക്ഷിക്കാനും സമൂഹത്തിന് സാധിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഇറ്റാലിയന്‍ ജനതയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് നല്കുന്ന ഹൃദ്യമായ സ്വീകരണത്തിന് പാപ്പാ നന്ദിയര്‍പ്പിച്ചു. മനുഷികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങളും പൈതൃകവും നിറഞ്ഞ ഈ നാട്ടില്‍ പൊതുനന്മയ്ക്കൊപ്പം ഓരോ വ്യക്തിയുടെയും അന്തസ്സുമാനിച്ചുകൊണ്ടുള്ള സമഗ്രമായ വികസനത്തിന്‍റെ പാതയില്‍ രാഷ്ട്രം വളരാന്‍ ഇടയാവട്ടെ, എന്ന പ്രാര്‍ത്ഥനയോടും ആശംസയോടുംകൂടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.